Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യവാനാണു ഞാൻ..! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദേബാശിഷ് മൊഹന്തി

mehnadi ദേബാശിഷ് മൊഹന്തി

ഭുവനേശ്വർ ∙ ഉത്കലിക സ്റ്റേറ്റ് എംപോറിയത്തിനു മുന്നിൽ ദേബാശിഷ് മൊഹന്തിയെ കാത്തു നിൽക്കുമ്പോൾ പിന്നിൽ നിന്നൊരാൾ തോളിൽ തട്ടുന്നു – നല്ല ഉയരം, ഫിറ്റ് ബോഡി, കൂളിങ് ഗ്ലാസ്. കൈ രണ്ടും ചേർക്കാതെ, നെഞ്ചുതുറന്നു പിടിച്ചു പ്രത്യേക ആക്‌ഷനിൽ പന്തെറിഞ്ഞിരുന്ന അതേ ദേബാശിഷ് മൊഹന്തി! ഒഡിഷയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യത്തെ താരം. ‘വരൂ, നമുക്കു കാറിലിരുന്നു സംസാരിക്കാം’– ഭുവനേശ്വർ തെരുവിലൂടെ മൊഹന്തിയുടെ ചുവന്ന സ്വിഫ്റ്റ് കാറിൽ സ‍ഞ്ചാരവും സംസാരവും...

∙ 1999 ലോകകപ്പിലെ പ്രകടനം വഴിയാണു മൊഹന്തിയെ എല്ലാവരും ഓർമിക്കുന്നത്. ജവഗൽ ശ്രീനാഥിനു പിന്നിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബോളറായിരുന്നു താങ്കൾ. ? 

ലോകകപ്പ് ടീമിൽ അവസാന നിമിഷമാണു ഞാനെത്തുന്നത്. ടൊറന്റോയിൽ നടന്ന സഹാറ കപ്പിൽ മികച്ച പ്രകടനമായിരുന്നു. സമാനമായ പിച്ചായിരുന്നു ഇംഗ്ലണ്ടിലേതും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സിംബാബ്‌വെയ്ക്കെതിരെയും ഇന്ത്യ തോറ്റശേഷം കെനിയയ്ക്കെതിരെ ആയിരുന്നു എന്റെ അരങ്ങേറ്റം. അച്ഛന്റെ മരണശേഷം മടങ്ങിയെത്തി സച്ചിൻ തെൻഡുൽക്കർ ഉജ്വല സെഞ്ചുറി നേടിയതിന്റെ പേരിലാണ് ആ മൽസരം ഓർമിക്കപ്പെടുന്നത്. ആ കളിയിൽ ഞാൻ നാലു വിക്കറ്റെടുത്തു. എന്നാൽ ഏറ്റവും അവിസ്മരണീയമായത് ഓൾഡ് ട്രാഫഡിൽ പാക്കിസ്ഥാനെതിരെയുള്ള വിജയമായിരുന്നു – ആ കളിയിൽ ഞാൻ വിക്കറ്റൊന്നും നേടിയില്ലെങ്കിലും...

∙ ദേബാശിഷ് മൊഹന്തി, ശിവ് സുന്ദർദാസ്... ഒഡിഷയിൽ നിന്നു പിന്നീട് ആരും ഇന്ത്യയ്ക്കു വേണ്ടി കളിച്ചില്ല. എന്തുപറ്റി? 

ഒഡിഷ രഞ്ജി ടീമിന്റെ പരിശീലകനായിരുന്ന അനുഭവം വച്ചു പറയാം; ഇവിടെ ടാലന്റിന് ഒരു കുറവുമില്ല. പ്രശ്നം വലിയ സ്വപ്നങ്ങൾ കാണാനും അതു നേടാനുമുള്ള വിജയദാഹമാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികവു കാട്ടുന്നതും രാജ്യാന്തര ക്രിക്കറ്റിൽ പെർഫോം ചെയ്യുന്നതും വ്യത്യസ്തമാണ്. രണ്ടും ക്രിക്കറ്റാണെങ്കിലും തമ്മിൽ രഞ്ജി ട്രോഫിയും ലോകകപ്പും തമ്മിലുള്ള വ്യത്യാസമുണ്ട്. 

∙ സയീദ് അൻവർ, സനത് ജയസൂര്യ, അരവിന്ദ് ഡിസിൽവ... മൊഹന്തിയുടെ വിക്കറ്റ് ബാഗിൽ വലിയ പേരുകളുണ്ട്. പേരുകേട്ട ബാറ്റ്സ്മാൻമാരെ വീഴ്ത്തുന്നതിൽ പ്രത്യേക മികവുള്ളതു പോലെ...

അങ്ങനെ തോന്നുന്നില്ല. കരിയറിന്റെ തുടക്കത്തിലായിരുന്നു അതെല്ലാം. അത്ര പ്ലാനിങ്ങോടെ എറിഞ്ഞിരുന്ന ബോളറായിരുന്നില്ല അന്നു ഞാൻ. എറിയുക, വിക്കറ്റെടുക്കുക എന്നതു മാത്രമായിരുന്നു മന്ത്രം. ഞാൻ ഓപ്പണിങ് ബോളറായിരുന്നു. ഇവരെല്ലാം ബാറ്റിങ് ഓർഡറിൽ തുടക്കത്തിൽ തന്നെ ഇറങ്ങുന്നവരുമായിരുന്നു. അതുകൊണ്ട് യാദൃച്ഛികമായി സംഭവിച്ചതായിരിക്കാം.

∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ പത്തിൽ പത്തു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അപൂർവ റെക്കോർഡാണല്ലോ...

അതും  യാദൃച്ഛികമായി സംഭവിച്ചതാണ്. ദുലീപ് ട്രോഫിയിൽ രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണുമെല്ലാമുള്ള സൗത്ത് സോണിനെതിരെ അഗർത്തലയിലായിരുന്നു ആ മൽസരം. ലഞ്ച് സമയമായപ്പോഴേക്കും ഏഴു വിക്കറ്റുകൾ ഞാൻ നേടിയിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ക്യാപ്റ്റൻ ശിവ് സുന്ദർദാസ് എന്നോട്ടു ചോദിച്ചു: ‘കൂടുതൽ ബോൾ ചെയ്യണോ?’ ഇല്ല. എനിക്കൊരു ബ്രേക്ക് വേണം എന്നായിരുന്നു എന്റെ മറുപടി. അപ്പോൾ ദാസാണ് ഇന്നിങ്സിൽ പത്തു വിക്കറ്റും എന്ന അപൂർവ നേട്ടം എന്നതു ട്രൈ ചെയ്യാവുന്നതല്ലേ എന്നു ചോദിച്ചത്. അതു പോലെ സംഭവിക്കുകയും ചെയ്തു...

∙ കേരളത്തെക്കുറിച്ചുള്ള ഓർമകൾ? 

ഒട്ടേറെ! കൊച്ചിയിൽ ഞാൻ കളിച്ചിട്ടുണ്ട്. വയനാട്ടിൽ (കൃഷ്ണഗിരി) ഞാൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ടിനു യോഹന്നാനും ശ്രീശാന്തും എന്റെ സുഹൃത്തുക്കളാണ്. ടിനു എംആർഎഫ് പേസ് ഫൗണ്ടേഷനിൽ എന്റെ റൂം മേറ്റ് ആയിരുന്നു. എ.സലിം (മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്) സഹാറ കപ്പിൽ ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു...

related stories