ന്യൂഡൽഹി∙ മൂന്നരയടി നീളമുള്ള ക്രിക്കറ്റ് ബാറ്റിന്റെ വീശുപരിധിക്കുള്ളിൽ ഒരു കാലഘട്ടത്തെ തളച്ചിട്ട മഹാപ്രതിഭയ്ക്ക് ഇന്നലെ 45 തികഞ്ഞു. കാലവും കളിയുടെ കോലവും മാറിയാലും ആരാധനയുടെ ആൾരൂപം മാറില്ലെന്നു തെളിയിച്ചു സച്ചിൻ തെൻഡുൽക്കറിനെ തേടിയെത്തിയത് ആയിരക്കണക്കിന് ആശംസാസന്ദേശങ്ങൾ. മുംബൈ ബാന്ദ്രയിലെ വീടിനു പുറത്ത് ആർത്തുവിളിച്ച ആരാധകരെ സാക്ഷിയാക്കി ഭാര്യ അഞ്ജലിക്കൊപ്പം കേക്ക് മുറിച്ച സച്ചിനെ സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖർ ആശംസകൾ കൊണ്ടു പൂമൂടൽ നടത്തി.
‘‘ പ്രിയപ്പെട്ട സച്ചിന് പിറന്നാൾ ആശംസ. താങ്കൾ എക്കാലവും പ്രചോദനമായി നിലകൊള്ളും. വിരമിക്കലിനു ശേഷവും സമൂഹത്തിന് അർഥവത്തായ സംഭാവനകൾ നൽകാൻ കഴിയുന്നത് അദ്ഭുതപ്പെടുത്തുന്നു. വിജയം നേരുന്നു.’’– മുൻ ടീമംഗം വി.വി.എസ്.ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു. ‘‘ഇന്ത്യയിൽ സമയം പോലും നിർത്താൻ കഴിയുന്ന (ശരിക്കും) വ്യക്തിക്ക് എല്ലാ ആശംസകളും. എന്നെപ്പോലെ പിന്നീടു കടന്നുവന്നവർക്കും ഉപയോഗിക്കാൻ പാകത്തിൽ ക്രിക്കറ്റ് ബാറ്റിനെ മഹത്തായ ആയുധമാക്കി മാറ്റിയതിനു നന്ദി.’’– സേവാഗ് ആശംസിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികളടക്കം റെക്കോർഡുകളുടെ തോഴനായി മാറിയ സച്ചിനെ കാത്ത് സുരേഷ് റെയ്ന, ലോകേഷ് രാഹുൽ എന്നിവരുടെ ആശംസകളുമെത്തി. ഹാപ്പി ബർത്ത്ഡേ സച്ചിൻ എന്ന ഹാഷ്ടാഗ് ഇന്നലെ ട്വിറ്ററിലെ ട്രെൻഡിങ് ആയി മാറിയത് സൂപ്പർ താരങ്ങളുടെയും താരത്തിനു ലഭിക്കുന്ന ആദരത്തിന്റെ തെളിവായി.
‘‘നൂറു കോടി ജനങ്ങളെ ഒരുമിപ്പിച്ച, ബാറ്റു ചെയ്യാനെത്തിയപ്പോഴെല്ലാം അവരുടെ മുഖത്തു ചിരി വിരിയിച്ച ആൾക്ക്. സ്വപ്നങ്ങൾ അദ്ദേഹം യാഥാർഥ്യമാക്കി. സച്ചിൻ ഒരു വികാരമാണ്. സച്ചിൻ ഒരു പ്രതിഭാസമാണ്.’’– സുരേഷ് റെയ്ന കുറിച്ചു. ‘‘ഇതിഹാസം, ക്രിക്കറ്റിന്റെ ദൈവം. സച്ചിൻ. താങ്കൾ എല്ലാവർക്കും പ്രചോദനമാണു പാജീ.’’– ലോകേഷ് രാഹുൽ കുറിച്ചു. യുവരാജ് സിങ്, ഇഷാന്ത് ശർമ, ഹർഭജൻ സിങ് തുടങ്ങിയവരും സച്ചിന് ആശംസകൾ നേർന്നു.