ബൈ ബൈ, ഹീറോസ് (യുവരാജ്, ഗംഭീർ, മക്കല്ലം, ജോൺസൻ...)!

യുവരാജ് സിങ്, ഗൗതം ഗംഭീർ

‘മടുത്തു, വയ്യ...’ ഇനിയുമൊരു അങ്കത്തിനു ബാല്യമില്ല എന്നു തോന്നിക്കുന്ന ചില താരങ്ങളെങ്കിലും ഇങ്ങനെ പറയിപ്പിച്ചു, കാണികളെക്കൊണ്ടും ടീം ഉടമകളെക്കൊണ്ടും. പ്രതാപകാലത്തിന്റെ പേരിൽ ടീമിൽ കടിച്ചുതൂങ്ങി അവസാനം ഭാരമായി മാറിയവരെയും കണ്ടു. ചിലർ സ്വയം പിന്മാറുന്നു, മറ്റു ചിലരെ പുറത്താക്കുന്നു, ബാക്കിയുള്ളവർ ആരും തിരിഞ്ഞു നോക്കാതെ പോകുന്നു...

കളി മിടുക്കു കൊണ്ടു ചെറുപ്പക്കാർ ടീമിൽക്കയറാൻ ടിക്കറ്റെടുത്ത് വരിനിൽക്കുന്ന കാലത്ത് അടുത്ത സീസണിൽ കാണാൻ സാധ്യതയില്ലാത്ത ചില താരങ്ങളെങ്കിലുമുണ്ട്, അവരെക്കുറിച്ച്.... 

യുവരാജ് സിങ് 

ലോകം മറക്കുമോ ആ ഓവർ! എന്തൊരു അടിയായിരുന്നു, അടിപൊളിയായിരുന്നു. ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിനെ നിലംതൊടീക്കാതെ ഒരോവറിൽ ആറു സിക്സർ. അക്കാലം കഴിഞ്ഞെന്നു യുവരാജ് സിങ് തന്നെ കാണിച്ചു തന്നു ഈ സീസണിൽ. വിൽക്കാചരക്കായി നിന്ന യുവരാജിനു രക്ഷകയായി പഞ്ചാബ് മുതലാളി പ്രീതി സിന്റ എത്തി, അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ടീമിലെടുത്ത് എട്ടു കളികളിൽ കളിക്കാൻ അവസരവും നൽകി. എന്നിട്ടോ, പണ്ട്സിക്സറുകളും ക്ലാസ് ഷോട്ടുകളും ഒഴുകിയ ആ ബാറ്റ് പല പന്തുകളും ഒന്നു തൊടാൻ പോലും കഴിയാതെ കഷ്ടപ്പെടുന്നതും ക്രിക്കറ്റ് ലോകം കണ്ടു. 

പഴയ പ്രതിഭയുടെ നിഴലെന്നു പോലും വിളിക്കാൻ തോന്നാത്ത പ്രകടനം. ബാറ്റിങ്ങിൽ മാത്രമല്ല, ഫീൽഡിങ്ങിലും ദയനീയം. 36 വയസ്സുള്ള യുവി അടുത്ത ലോകകപ്പ് പോയിട്ട് അടുത്ത ഐപിഎൽ സീസൺ കാണുമെന്നു പോലും പ്രതീക്ഷിക്കുക വയ്യ. ഇത്തവണ എട്ടു കളികളിൽനിന്ന് നേടിയത് വെറും 65 റൺസ്, ഉയർന്ന സ്കോർ 20. ആകെയടിച്ചത് ആറു ഫോറും രണ്ട് സിക്സും. ഐപിഎൽ കരിയറിൽ 128 കളികളിൽനിന്ന് 2652 റൺസ് സമ്പാദ്യം. 

ഗൗതം ഗംഭീർ 

‘‘ഇത് എന്റെ മാത്രം തീരുമാനമാണ്. മാനേജ്മെന്റോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടതല്ല. എനിക്കു മുന്നിൽനിന്നു നയിക്കാൻ കഴിയുന്നില്ലെന്ന് ഞാൻ സ്വയം തിരിച്ചറിയുന്നു. ടീമിനേക്കാൾ വലുതല്ലല്ലോ വ്യക്തി’’ – ഗൗതം ഗംഭീർ 

ഈ സീസണിൽ തുടക്കത്തിൽ ഡൽഹി ഡെയർഡെവിൾസ് നായകനായിരുന്ന ഗൗതം ഗംഭീർ പാതിവഴിയിൽ‌ പടിയിറങ്ങുമ്പോൾ പറഞ്ഞ വാക്കുകളാണിത്. ആരും പ്രതീക്ഷിക്കാത്ത ആ തീരുമാനം പ്രഖ്യാപിക്കുമ്പോൾ പറഞ്ഞ ഈ വാക്കുകൾ പലർക്കും മാതൃകയാവേണ്ടതാണ്. 2.80 കോടിക്ക് ടീമിലെത്തിയെങ്കിലും പ്രതിഫലം വേണ്ടെന്നു വച്ചാണ് ഗംഭീർ പടിയിറങ്ങിയതെന്നതു കൂടുതൽ മാന്യത. എന്തായാലും അതിനു ശേഷമുള്ള കളികളിൽ പുറത്തിരുന്ന ഈ പഴയ ഇന്ത്യൻ ഓപ്പണർക്ക് ഇനിയൊരു തിരിച്ചു വരവിനുള്ള സാധ്യതയില്ല. 

രണ്ടു തവണ (2012, 2014) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഐപിഎൽ കിരീടം നേടിക്കൊടുത്ത നായകനാണ് ഇങ്ങനെ യാത്ര പറയേണ്ടി വന്നത് എന്നതു കാലം കാത്തു വച്ച വൈരുധ്യം. 

ഡൽഹി തുടർച്ചയായി തോൽക്കുകയും ബാറ്റിങ്ങിൽ സ്വയം പരാജയപ്പെടുകയും ചെയ്തതോടെയാണ് ഗംഭീർ ഇങ്ങനെയൊരു ചിന്തയിലേക്ക് എത്തിയത്. ഐപിഎൽ ചരിത്രത്തിൽ 154 മത്സരങ്ങളിൽ 4217 റൺസ് നേടിയ ഗംഭീറിന് ഇത്തവണ ആറു കളികളിൽനിന്ന് 85 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മുപ്പത്തിയാറുകാരനായ ഗംഭീർ ഇനി വിരമിക്കലിനെക്കുറിച്ച് ശരിക്കുമൊന്നു ചിന്തിക്കുമായിരിക്കും. 

ബ്രണ്ടൻ മക്കല്ലം 

ന്യൂസീലൻഡിൽനിന്നു പുറപ്പെട്ട് ഇന്ത്യയിലെത്തിയ അതിശക്തമായ കൊടുങ്കാറ്റാണ് ബ്രണ്ടൻ മക്കല്ലം. 2008ൽ ചിന്നസ്വാമി സ്റ്റേഡിയത്തെ ഇളക്കിമറിച്ച് 158* എന്ന സ്കോർ സ്വന്തം പേരിൽ കുറിച്ചിടുമ്പോൾ അതൊരു ചരിത്രമാകുകയായിരുന്നു. അതു കഴിഞ്ഞ് ഓരോ സീസണിലും മക്കല്ലം എന്ന കാറ്റിനായി ടീം ഉടമകളുടെ സമ്മർദമായി. അങ്ങനെ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, കേരള ടസ്കേഴ്സ്, ഗുജറാത്ത് ലയൺസ് ടീമുകളിലെല്ലാം പാഡണിഞ്ഞു.

ഇത്തവണ ഈ മുപ്പത്തിയാറുകാരനെ ബെംഗളൂരു 3.60 കോടിക്ക് ടീമിൽ എത്തിച്ചെങ്കിലും കാശു മുതലാക്കാനായില്ല. കൊടുങ്കാറ്റിന്റെ ശക്തിയെല്ലാം ക്ഷയിച്ച പോലെയായിരുന്നു പ്രകടനം. അവസരം കിട്ടിയ ആറു കളികളിൽനിന്നു നേടാനായത് 127 റൺസ്. ഉയർന്ന സ്കോർ 43. ആർസിബി കുപ്പായമഴിച്ച് തിരികെ വിമാനം കയറുമ്പോൾ ഇനി വരുമോ എന്ന സംശയം ബാക്കി. 

ക്രിസ് ഗെയ്ൽ 

ശരിക്കുമൊരു ആനച്ചന്തമുണ്ടായിരുന്നു ആ കാഴ്ച കാണാൻ. കൊമ്പു കുലുക്കി വരുന്ന കൊമ്പനെ പോലെ ക്രിസ് ഗെയ്ൽ എന്ന വെസ്റ്റ് ഇൻഡീസ് താരം ക്രീസിൽ എത്തിയാൽ ശരിക്കും ബോളർമാരെ പിച്ചിച്ചീന്തിയേ മടങ്ങാറുള്ളൂ. ആനക്കൂട്ടം കരിമ്പിൻതോട്ടത്തിൽ കയറിയപോലെ. പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്സ് ഇലവൻ കളി നിർത്തിയപ്പോൾ ഗെയ്ൽ എന്ന അതികായനും ഈ സീസണിനോട് ബൈ പറഞ്ഞു. അതുപക്ഷേ, ഇനി ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലാത്ത ബൈ ആണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വയസ്സു തന്നെ പ്രശ്നം, 39 തികഞ്ഞ ഗെയ്‌ൽ വിക്കറ്റിനിടയിലെ ഓട്ടത്തിലും ഫീൽഡിലും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രണ്ടാമത്തെ വില്ലൻ വന്നും പോയിമിരിക്കുന്ന ഫോം. 

ലോകത്തെ ഒട്ടുമിക്ക ട്വന്റി 20 ലീഗിലും ഓടിനടന്നു കളിക്കുന്ന ഗെയ്‌ലിനെ ഇത്തവണ ഐപിഎല്ലിൽ ആദ്യം ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. ഒടുവിൽ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ടീമിലെടുത്തു. ആദ്യ മൂന്നു കളികളിൽ പുറത്തിരിക്കേണ്ടി വന്നു. അവസരം കിട്ടിയപ്പോൾ സെഞ്ചുറി നേടി ഞെട്ടിച്ചു. സെഞ്ചുറിക്ക് പിന്നാലെ തുടർച്ചയായി മൂന്നു അർധ ശതകങ്ങളും. പക്ഷേ, ആ ആളിക്കത്തൽ പിന്നെ കണ്ടില്ല. ഈ സീസണിൽ‌ 11 മത്സരങ്ങളിൽനിന്ന് 368 റൺസ് നേടിയെന്നത് അത്ര ചെറിയ കാര്യവുമല്ല.

എങ്കിലും ഗെയ്ൽ, ആരും മറക്കില്ല 2013ൽ പുണെ വാരിയേഴ്സിനെതിരെ ബെംഗളൂരുവിനു വേണ്ടി അടിച്ചുകൂട്ടിയ ആ 175* റൺസ്. ഐപിഎല്ലിലെ ആ വ്യക്തിഗത സ്കോർ ഉടനെയൊന്നും ആരും തകർക്കാനും പോകുന്നില്ലല്ലോ! 11000 റൺസ് നേടിയ ഗെയ്‌ൽ തന്നെയാണ് ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും മുന്നിലുള്ള റൺസ് വേട്ടക്കാരൻ. ഐപിഎല്ലിലെ എല്ലാ സീസണിലും കൂടി 112 കളികളിൽനിന്ന് 3994 റൺസാണ് ഗെയ്‌ൽ‌ അടിച്ചിട്ടത്. 

മിച്ചൽ ജോൺസൺ 

ഓസ്ട്രേലിയയിൽ പര്യടനത്തിനു പോകുമ്പോൾ മിച്ചൽ ജോൺസൺ എന്ന പേരു കേട്ടാലെ പേടിച്ചു പനിച്ചൊരു കാലം ഇന്ത്യൻ താരങ്ങൾക്കുണ്ടായിരുന്നു. മനോഹരമായ റിവേഴ്സ് സിങ്ങുകളും വേഗവും ലൈനും കൃത്യതയുമെല്ലാം ഒത്തുചേർന്ന ആ പേസ് ബോളുകൾ ജോൺസനെ വേറിട്ടതാക്കിയൊരു കാലം. ഇന്ന് ക്ലബ് നിലവാരമുള്ള പിള്ളേരു പോലും ജോൺസനെ കൂസാതെ അടിച്ചു പറത്തുന്ന കാഴ്ചയായി.

ആയുധങ്ങളുടെ മൂർച്ച കുറഞ്ഞ മുപ്പത്തിയാറുകാരനായ ജോൺസനും ഇത് അവസാന ഐപിഎൽ ആകും. ഇത്തവണ രണ്ടു കോടിക്ക് കൊൽക്കത്തയുടെ തൊപ്പിയണിഞ്ഞ ജോൺസന് ആറു കളികളിലാണ് അവസരം കിട്ടിയത്. നേടാനായത് രണ്ടു വിക്കറ്റുകൾ മാത്രം. 

ഇനി കാത്തിരിപ്പിന്റെ ഒരു വർഷം, അതിനിടെ ആരൊക്കെ എങ്ങോട്ടൊക്കെ ചാടും എന്നു അടുത്ത മാർച്ചിൽ അറിയാം. രണ്ടു നാലു ദിനം കൊണ്ട് തോളിൽ മാറാപ്പു കേറ്റുമോ അതോ കോടിക്കിലുക്കമുള്ള മാലയിട്ട് സ്വീകരിക്കുമോ എന്നൊക്കെ കാത്ത് താരങ്ങൾ. അവരുടെ വമ്പൻ പ്രകടനം കാത്ത് കാണികൾ. അതുവരെയൊരു വമ്പൻ സല്യൂട്ട് !