Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലണ്ട് 50 ഓവറിൽ 481, വിജയം 242 റൺസിന്; ഇതേത് ഓസ്ട്രേലിയ!

johny-hales ജോണി ബെയർസ്റ്റോ, അലക്സ് ഹെയ്‌ൽസ്

നോട്ടിങ്ങാം∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഇംഗ്ലണ്ട് സൃഷ്ടിച്ച റൺപെരുമഴയിൽ കുത്തിയൊലിച്ച് ക്രിക്കറ്റ് റെക്കോർഡുകൾ. രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറുൾപ്പെടെ റെക്കോർഡുകൾ പലതു പിറന്ന മൽസരത്തിൽ ഇംഗ്ലണ്ടിന്റെ വിജയം 242 റൺസിന്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസെടുത്തപ്പോൾ, ഓസീസിന്റെ മറുപടി 37 ഓവറിൽ 239 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് 242 റൺസ് വിജയം. റൺ അടിസ്ഥാനത്തിൽ അവരുടെ ഏറ്റവും ഉയർന്ന വിജയമാണിത്. റൺ അടിസ്ഥാനത്തിൽ ഓസീസിന്റെ ഏറ്റവും വലിയ തോൽവിയും.

നോട്ടിങ്ങാമിൽ പിറന്ന റെക്കോർഡുകളിൽ ചിലത്

∙ ഉയർന്ന ഏകദിന സ്കോർ

പുരുഷവിഭാഗം രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ട് നേടിയ 481 റൺസ്. 2016ൽ ഇതേ മൈതാനത്ത് ഇംഗ്ലണ്ട് തന്നെ പാക്കിസ്ഥാനെതിരെ നേടിയ 444 റൺസിന്റെ റെക്കോർഡാണ് അവർ പുതുക്കിയത്.

∙ ഇംഗ്ലണ്ട് ബാറ്റ്സ്മാന്റെ വേഗമേറിയ അർധസെഞ്ചുറി

21 പന്തിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ൊയിൻ മോർഗൻ, ഇംഗ്ലിഷ് താരത്തിന്റെ വേഗമേറിയ ഏകദിന അർധസെഞ്ചുറിയെന്ന റെക്കോർഡ് പോക്കറ്റിലാക്കി. പാക്കിസ്ഥാനെതിരെ 22 പന്തിൽ അർധസെഞ്ചുറി തികച്ച ജോസ് ബട്‌ലറിന്റെ റെക്കോർഡാണ് മോർഗൻ പുതുക്കിയത്.

∙ ഉയർന്ന റൺനിരക്ക്

ഓസ്ട്രേലിയയ്ക്കെതിരെ 9.62 റൺ ശരാശരിയിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്കെത്തിയത്. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ റൺനിരക്കാണിത്. വെസ്റ്റ് ഇൻഡീസിനെതിരെ 21 ഓവറിൽ 283 റൺസ് നേടിയ ന്യൂസീലൻഡിന്റെ പേരിലാണ് ഇക്കാര്യത്തിൽ റെക്കോർഡ്.

∙ സിക്സുകളിലും റെക്കോർഡ്

ഓസീസിനെതിരെ ആകെ 21 സിക്സുകളാണ് ഇംഗ്ലണ്ട് താരങ്ങൾ നേടിയത്. 2016ൽ പാക്കിസ്ഥാനതിരെ നേടിയ 16 സിക്സുകളുടെ റെക്കോർഡ് അവർ മറികടന്നു. ഓസീസാകട്ടെ, ഒരു മൽസരത്തിൽ ഇരുപതിൽ അധികം സിക്സ് വഴങ്ങുന്നതും ഇതാദ്യം.

∙ ആറു മൽസരം, നാലാം സെഞ്ചുറി

കഴിഞ്ഞ ആറു മൽസരങ്ങളിൽ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ നാലാം സെഞ്ചുറിയാണ് ഓസീസിനെതിരെ പിറന്നത്. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതിനുശേഷം ബെയർസ്റ്റോയുടെ ശരാശരി 65.76 ആണ്. കുറഞ്ഞത് 20 ഇന്നിങ്സെങ്കിലും കളിച്ചിട്ടുള്ള ഓപ്പണർമാരിൽ ഏറ്റവും കൂടിയ ശരാശരിയാണിത്. ഓപ്പണറെന്ന നിലയിൽ 114.19 സ്ട്രൈക്ക് റേറ്റിൽ ആറു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ബെയർസ്റ്റോ നേടി.

∙ രണ്ട് 150+ കൂട്ടുകെട്ടുകൾ

ഒരു ഇന്നിങ്സിൽ ഇംഗ്ലണ്ട് താരങ്ങൾ രണ്ട് 150+ കൂട്ടുകെട്ടുകൾ തീർക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 2016ൽ ഇതേ വേദിയിൽ പാക്കിസ്ഥാനെതിരെയാണ് ഇംഗ്ലണ്ട് ആദ്യം ഈ നേട്ടം കൈവരിച്ചത്.

∙ 62 ബൗണ്ടറി, റെക്കോർഡ്

ഓസീസിനെതിരെ ഇംഗ്ലണ്ട് താരങ്ങൾ ചേർന്ന് നേടിയത് 62 ബൗണ്ടറികളും സിക്സുമാണ്. രാജ്യാന്തര ഏകദിനത്തിലെ റെക്കോർഡാണിത്. ശ്രീലങ്കയ്ക്കൊപ്പം പങ്കുവച്ചിരുന്ന 59 ബൗണ്ടറികളുടെ റെക്കോർഡാണ് ഇക്കുറി ഇംഗ്ലണ്ട് ഒറ്റയ്ക്ക് കൈപ്പിയിലൊതുക്കിയത്. 21 സിക്സും 41 ബൗണ്ടറിയും ഉൾപ്പെടെയാണ് ഇംഗ്ലണ്ട് 62 തവണ പന്ത് അതിർത്തി കടത്തിയത്.

∙ റണ്ണടിസ്ഥാനത്തിലെ ഉയർന്ന വിജയം, തോൽവി

ഏകദിനത്തിൽ റൺ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണ് ഇംഗ്ലണ്ടിനെതിരെ വഴങ്ങിയത്. 242 റൺസ് വിജയം നേടിയ ഇംഗ്ലണ്ട്, റൺ അടിസ്ഥാനത്തിൽ അവരുെട ഏറ്റവും ഉയർന്ന വിജയവും സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ബിർമിങ്ങാമിൽ 2015ൽ നേടിയ 210 റൺസ് വിജയത്തിന്റെ റെക്കോർഡാണ് അവർ പുതുക്കിയത്.

∙ നാലാം പരമ്പര തോൽവി

ഈ വിജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 3–0ന് മുന്നിലെത്തി പരമ്പര ഉറപ്പാക്കി. ഓസ്ട്രേലിയയുടെ തുടർച്ചയായ നാലാം പരമ്പര തോൽവിയാണിത്. 1984ലാണ് ഇതിനു മുൻപ് ഓസീസ് തുടർച്ചയായി നാലു പരമ്പര തോറ്റിട്ടുള്ളത്.

∙ ടൈയുടെ ‘സെഞ്ചുറി’

10 ഓവറിൽ 100 റൺസ് വിട്ടുകൊടുത്ത ഓസീസ് ബോളർ ആൻഡ്രൂ ടൈ, ഏകദിനത്തിൽ 100 റൺസ് വിട്ടുകൊടുക്കുന്ന 11–ാമത്തെ മാത്രം താരമായി.

related stories