ക്രിക്കറ്റ് ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ ടീമും നായകൻ സ്റ്റീവ് സ്മിത്തും. ലോക ക്രിക്കറ്റിലെ ഒന്നാംനിര ടീമായ ഓസ്ട്രേലിയ കളിയിൽ കാണിച്ച നെറികേടും നിർലജ്ജം അതിനെ ന്യായീകരിക്കാൻ ശ്രമിച്ചതും വീണ്ടും ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുകയാണ്. കളിയുടെ ഗതി മാറ്റിമറിക്കാൻ ബോളിങ്ങിനിടെ പന്തിൽ കൃത്രിമം കാണിക്കുകയാണ് ഓസ്ട്രേലിയൻ താരങ്ങൾ ചെയ്തത്. ക്രിക്കറ്റ് നിയമാവലിയിലെ അതിഗുരുതരമായ തെറ്റുകളിലൊന്നാണിത്. സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും ഒരു ടെസ്റ്റിൽ നിന്നു വിലക്കും പിഴശിക്ഷയും ഏർപ്പെടുത്തിയെങ്കിലും ക്രിക്കറ്റിനേറ്റ കളങ്കം മായുന്നില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് വിവാദ സംഭവം. കളി കൈവിടുമെന്നു സംശയിച്ചപ്പോൾ പന്തിൽ കൃത്രിമം വരുത്തി എതിരാളികളെ വീഴ്ത്താനുള്ള ചതിപ്രയോഗത്തിന് ഓസ്ട്രേലിയ തയാറായി. ആ ജോലിക്കു നിയുക്തനായ ഓപ്പണിങ് ബാറ്റ്സ്മാൻ കാമറൺ ബാൻക്രോഫ്റ്റ് പന്തിൽ മഞ്ഞ നിറത്തിലുള്ള ടേപ് ഉരസി കൃത്രിമം കാണിച്ചതു ടെലിവിഷൻ ക്യാമറകളുടെ കണ്ണിൽ പെട്ടതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ടേപ്പിൽ മണ്ണുതേച്ചു പന്തിലുരസി മിനുസം നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പന്തിന്റെ സ്വാഭാവിക ചലനങ്ങൾക്ക് ഇതോടെ വ്യതിയാനം വരും. സംഭവം വിവാദമായതോടെ ടേപ് പാന്റ്സിനുള്ളിൽ ഒളിപ്പിച്ചു രക്ഷപ്പെടാനും ബാൻക്രോഫ്റ്റ് ശ്രമിച്ചു. പന്തുതുടച്ചത് ശ്രദ്ധയിൽപ്പെട്ട അംപയർമാർ അന്വേഷിച്ചപ്പോൾ സൺഗ്ലാസ് തുടയ്ക്കുന്ന തുണിയെന്നു പറഞ്ഞ് അവരെയും കബളിപ്പിച്ചു.
മൽസരശേഷം പത്രസമ്മേളനത്തിൽ കുറ്റസമ്മതം നടത്തിയ സ്മിത്ത് മൽസരം തങ്ങൾക്ക് അനുകൂലമാക്കാനാണ് അങ്ങനെ ചെയ്തെന്നാണു വെളിപ്പെടുത്തിയത്. കളി കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ സീനിയർ താരങ്ങളിൽ പലരുടെയും അറിവോടെയായിരുന്നത്രേ ഈ നീക്കം. അപ്പോഴും രാജിവയ്ക്കാൻ സ്മിത്ത് ഒരുക്കമല്ലായിരുന്നു. ഈ ജോലിക്ക് ഏറ്റവും യോഗ്യൻ ഇപ്പോഴും താൻ തന്നെ എന്നാണു രാജിക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകർക്ക് അയാൾ നൽകിയ ഉത്തരം. ഇതിനകം 68 ടെസ്റ്റുകളും 108 ഏകദിനങ്ങളും കളിച്ച സ്മിത്ത് ക്രിക്കറ്റിലെ മാന്യതയെയും നിയമങ്ങളെയും ഒട്ടും വിലമതിക്കുന്നില്ലെന്നത് ഏറെ നിരാശപ്പെടുത്തുന്നു. സർക്കാരിന്റെ നിർദേശപ്രകാരം സ്മിത്തിനെയും വാർണറെയും രാജിവയ്പിച്ച്, അന്വേഷണം ആരംഭിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ മുഖംരക്ഷിക്കാനുള്ള തത്രപ്പാടിലാണിപ്പോൾ.
മുൻ പാക്കിസ്ഥാൻ താരങ്ങളായ ശാഹിദ് അഫ്രീദി, വഖാർ യൂനിസ്, ഇംഗ്ലണ്ടിന്റെ മൈക്കൽ ആതർട്ടൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പന്തിൽ കൃത്രിമം നടത്തിയതിന്റെ പേരിൽ ആരോപണം നേരിട്ടിട്ടുണ്ട്. ടീമുകളും ഇതിന്റെ പേരിൽ സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. പക്ഷേ, ഗ്രൗണ്ടിലെ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ കഴിയുന്ന ക്യാമറകൾക്കു മുന്നിൽപോലും ഭയരഹിതമായി ഈ ചതി തുടരാൻ കഴിയുന്നതു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ശിക്ഷാ നടപടികളിലെ ന്യൂനതയാണു വെളിപ്പെടുത്തുന്നത്. ഒന്നോ രണ്ടോ മൽസരത്തിലെ വിലക്കുകൊണ്ടു മാത്രം ഈ നെറികേടിനെ നേരിടാൻ കഴിയില്ല.
സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയയും ക്രിക്കറ്റ് നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞവർഷം ബെംഗളൂരുവിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മൽസരത്തിൽ ഡിആർഎസ് സൗകര്യം ഉപയോഗിക്കുന്നതിനു സ്മിത്ത് പവിലിയനിൽനിന്നു സഹായം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ സ്മിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും രംഗത്തെത്തി. അപ്പോഴും ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതർ സ്മിത്തിനെ ന്യായീകരിച്ചു.
പന്തിൽ കൃത്രിമം നടന്നുവെന്ന നിയമലംഘനം മാത്രമല്ല ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്നത്. ലോക ക്രിക്കറ്റിലെ വമ്പൻമാരായ ഓസ്ട്രേലിയയാണ് ഇതു നടത്തിയതെന്നതും ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ സ്റ്റീവ് സ്മിത്താണ് ഇതിനു പിന്നിലെന്നതും ക്രിക്കറ്റ് ലോകത്തിനു നൽകുന്ന നിരാശ ചെറുതല്ല.