ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം ഇന്ന്; പരമ്പര തേടി ഇന്ത്യ ഇറങ്ങുന്നു

ലണ്ടൻ ∙ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. മൂന്നു കളികളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു തകർത്തിരുന്നു. പത്ത് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവിന്റെ ബോളിങ് മികവിൽ ഇംഗ്ലണ്ട് 268 റൺസിനു പുറത്തായപ്പോൾ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ (137*) കരുത്തിൽ 40.1 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ഇന്ത്യ ലക്ഷ്യംകണ്ടത്.

27 പന്തിൽ 40 റൺസെടുത്ത ശിഖർ ധവാന്റെയും 75 റൺസ് നേടിയ നായകൻ വിരാട് കോ‌ഹ്‌ലിയുടെയും ബാറ്റിങ് ഫോമും ഇന്ത്യൻ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. പരുക്കിനെത്തുടർന്ന് ആദ്യ മൽസരം നഷ്ടമായ ഭുവനേശ്വർ കുമാർ ഇന്ത്യൻ നിരയിലേക്കു മടങ്ങിയെത്തിയേക്കും. കെ.എൽ.രാഹുലിനെ നാലാം സ്ഥാനത്തുതന്നെ ഇന്ത്യ ഇന്നു ബാറ്റിങ്ങിനിറക്കുമോ എന്നു കണ്ടറിയണം. ഭുവനേശ്വർ ടീമിലേക്കു മടങ്ങിയെത്തിയാൽ കൗളിനു പുറത്തിരിക്കേണ്ടിവരും. മറുവശത്തു കുൽദീപ് യാദവിന്റെ പന്തുകളെ ഏങ്ങനെ അതിജീവിക്കണം എന്ന അങ്കലാപ്പിലാകും ഇംഗ്ലണ്ട് ഇന്നിറങ്ങുക.

ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ ആദ്യ ഏകദിനത്തിലും കുൽദീപിന്റെ പന്തുകൾക്കു മുന്നിൽ വട്ടംകറങ്ങിയ ഇംഗ്ലിഷ് ബാറ്റിങ് നിര ഇന്ത്യൻ സ്പിന്നർമാരെ എങ്ങനെ നേരിടും എന്നതാകും മൽസരഫലം നിർണയിക്കുക. ആദ്യകളിയിൽ അർധസെഞ്ചുറി നേടിയ ജോസ് ബട്‌ലറിനു മാത്രമാണ് ഇന്ത്യൻ സ്പിന്നർമാരെ ഫലപ്രദമായി നേരിടാനായത്. പേസ് ബോളർമാരെ തുണയ്ക്കാൻ ലോഡ്സിലെ വിക്കറ്റിൽ ഇംഗ്ലണ്ട് പച്ചപ്പു വിരിച്ചേക്കും.