ഇന്ത്യയ്ക്കിത് ‘കുട്ടിക്കളി’യല്ല; രണ്ടാം ടെസ്റ്റിലും ഇന്നിങ്സ് വിജയം, പരമ്പര

ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ഇരട്ടസെഞ്ചുറി നേടിയ പവൻ ഷാ ബാറ്റിങ്ങിനിടെ.

ഹംബൻറ്റോറ്റ ∙ ശ്രീലങ്കയ്ക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പര ഇന്ത്യൻ ചുണക്കുട്ടികൾ തൂത്തുവാരി. തുടർച്ചയായ രണ്ടാം മൽസരത്തിലും ശ്രീലങ്കയെ ഇന്നിങ്സിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ 150 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ, ഇന്നിങ്സിനും 147 റൺസിനുമാണ് ജയിച്ചത്. ‌ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 21 റൺസിനും ജയിച്ചിരുന്നു.

സ്കോർ: ഇന്ത്യ അണ്ടർ 19: ഒന്നാം ഇന്നിങ്സ് എട്ടിന് 613 ഡിക്ലയേർഡ്; ശ്രീലങ്ക അണ്ടർ 19: 316, 150

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ എട്ടിന് 613ന് എതിരെ ഒന്നാം ഇന്നിങ്സിൽ 316ന് പുറത്തായി ഫോളോ ഓൺ ചെയ്ത ശ്രീലങ്ക, രണ്ടാം ഇന്നിങ്സിൽ 150 റൺസിന് എല്ലാവരും പുറത്തായി. 20 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ് ദേശായിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആയുഷ് ബഡോനി 17 റൺസ് വഴങ്ങിയും യതിൻ മംഗ്വാനി ഒൻപതു റൺസ് മാത്രം വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി.

106 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 28 റൺസെടുത്ത ഫെർണാണ്ടോയാണ് രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയുടെ ടോപ് സ്കോറർ. നിഷാൻ ഫെർണാണ്ടോ (25), മെൻഡിസ് (26), വിയാസ്കാന്ത് (16), ദിനുഷ (11), സൂര്യഭണ്ഡാര (10) എന്നിവരാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ.

നേരത്തെ, പവൻ ഷായുടെ ഇരട്ടസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലേക്കെത്തിയത്. 332 പന്തുകൾ നേരിട്ട പവൻ ഷാ 33 ബൗണ്ടറികളും ഒരു സിക്സും സഹിതം 282 റൺസെടുത്തു. ഓപ്പണർ അഥർവ തായ്ഡെയും സെഞ്ചുറി നേടി. ഏകദിന ശൈലിയിൽ അടിച്ചുതകർത്ത തായ്ഡെ, 172 പന്തിൽ 20 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 177 റൺസെടുത്തു.