സതാപ്ടൻ∙ ‘വിജയത്തിന് അടുത്തെത്തിയാൽ പോരാ, വിജയം കടക്കാൻ പഠിക്കണം’– നാലാം ടെസ്റ്റിലെ തോൽവിക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ ടീമിനെക്കുറിച്ചു നിരീക്ഷിച്ചതിങ്ങനെ. കോഹ്‌ലിക്കു മാത്രമല്ല, ആരാധകർക്കും വിമർശകർക്കുമെല്ലാം കാര്യമറിയാം– ഇന്ത്യ നന്നായി പൊരുതി, പക്ഷേ, കളി ജയിക്കാൻ പോന്ന ആ ഗുണം കൈമോശം വന്നപോലെ. പരമ്പരയിലെ ഒരു ടെസ്റ്റിലും ഇന്ത്യ എതിരാളികൾക്കു മുന്നിൽ ബാറ്റും ബോളും വച്ചു കീഴടങ്ങി എന്നു പറയാനാകില്ല. വീണുപോയ മൂന്നു ടെസ്റ്റുകളിലും വിജയതീരം അകലെയായിരുന്നില്ല. പക്ഷേ കാറ്റ് അനുകൂലമായപ്പോൾ കപ്പലിന്റെ വേഗം കൂട്ടാൻ ഇന്ത്യ മറന്നു. ഫലം: ഇംഗ്ലണ്ട് വിജയം വലിച്ച് അപ്പുറം കൊണ്ടുപോയി. സതാംപ്ടൻ ടെസ്റ്റിലും സംഭവിച്ചത് അതുതന്നെ!
∙ ഒന്നാം ദിനം: കറന്റെ ധൈര്യം
അത്ര ഉറപ്പുള്ള ബാറ്റിങ് നിരയല്ല ഇംഗ്ലണ്ടിന്റേതെന്ന് ആദ്യ ടെസ്റ്റിലേ തെളിഞ്ഞതാണ്. എജ്ബാസ്റ്റനിലെ രണ്ടാം ഇന്നിങ്സിൽ ഏഴിന് 87 എന്ന നിലയിൽ തകർന്നിടത്തുനിന്നാണ് അവർ വിജയത്തിലേക്ക് അധ്വാനിച്ചെത്തിയത്. സതാംപ്ടനിലും കാര്യം സമാനം. ഒന്നാം ഇന്നിങ്സിൽ ടീം ആറിന് 86 എന്ന നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 246ൽ എത്തിയത്. രണ്ട് ഇന്നിങ്സിലും ഒട്ടുമേ പരിഭ്രമമില്ലാതെ ബാറ്റു വീശി ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചതു സാം കറൻ.
സതാംപ്ടനിൽ വാലറ്റത്തിനൊപ്പം 160 റൺസ് കൂട്ടിച്ചേർത്ത കറൻ (78) ആദ്യദിനം ഇംഗ്ലണ്ടിനെ കാത്തു. അതുവരെ ഉജ്വലമായി പന്തെറിഞ്ഞ് ഇംഗ്ലിഷ് മുൻനിരയെ മുടിച്ച ഇന്ത്യൻ ബോളർമാർ കറനു മുന്നിൽ കളി മറന്നു.
രണ്ടാം ദിനം: കോഹ്‌ലിയുടെ വീഴ്ച
ആദ്യ ടെസ്റ്റുകളിൽ ക്രീസിൽ കൂട്ടു കിട്ടാതെ വിഷമിച്ച കോഹ്‍ലിക്ക് ഇത്തവണ ആ പരാതിയുണ്ടാവില്ല.
ചേതേശ്വർ പൂജാര ഫോമിലേക്കുയർന്നതോടെ മികച്ചൊരു കൂട്ടുകെട്ടിനു വഴിയൊരുങ്ങിയതാണ്. നൂറു റൺസെങ്കിലും ലീഡ് നേടാനുള്ള സാധ്യത നിലനിൽക്കെ അപൂർവമായൊരു ലൂസ് ഷോട്ടിലൂടെ കോഹ്‌ലി പുറത്തായി. കറന്റെ പന്തിൽ അനാവശ്യമായി മുന്നോട്ടു കയറി അർധ മനസ്സോടെ ബാറ്റുവച്ച ക്യാപ്റ്റനു പിഴച്ചു. പന്ത് സ്ലിപ്പിൽ കുക്കിന്റെ കയ്യിൽ. പൂജാര പിന്നീടു പൊരുതി സെഞ്ചുറി നേടിയെങ്കിലും ഇന്ത്യയ്ക്കു ലീഡ് നേടാനായതു വെറും 27 റൺസ് മാത്രം.
മൂന്നാം ദിനം: ബട്‌ലറുടെ വരവ്
ടോപ് ഓർഡറിൽ ബാറ്റിങ് പരീക്ഷണങ്ങൾ പിഴച്ചപ്പോഴെല്ലാം ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും അവസരത്തിനൊത്തുയർന്നത് ഈ പരമ്പരയിലെ പതിവു ദൃശ്യങ്ങളിലൊന്ന്. മൊയീൻ അലിയെ ക്യാപ്റ്റൻ ജോ റൂട്ട് വൺഡൗണായി അയച്ചെങ്കിലും ഇംഗ്ലണ്ട് നാലിനു 92 എന്ന നിലയിൽ തകർന്നു. എന്നാൽ ബെൻ സ്റ്റോക്സ് അതു ചിറ കെട്ടി കാത്തു. ബട്‌ലർ അനുകൂലമാക്കി തിരിച്ചുവിട്ടു, കറൻ പതിവുപോലെ അതു മുതലാക്കി. ഇംഗ്ലണ്ട് വീണ്ടും ഇരുനൂറു കടന്നു.
നാലാം ദിനം: മൊയീന്റെ ഉൽസാഹം
കോഹ്‌ലി–രഹാനെ കൂട്ടുകെട്ട് ഇന്ത്യയ്ക്കു വിജയപ്രതീക്ഷ നൽകിയതാണ്. പക്ഷേ, മുൻ ടെസ്റ്റുകളിൽ പുറത്തിരിക്കേണ്ടി
വന്ന മൊയീൻ അലി ഇത്തവണ ഇംഗ്ലണ്ടിന്റെ താരം. ആദ്യ ഇന്നിങ്സിൽ ആവേശത്തോടെ പന്തെറിഞ്ഞ് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മൊയീൻ രണ്ടാം ഇന്നിങ്സിൽ കാണിച്ചതു മറ്റൊരു ഗുണം: സ്ഥിരോൽസാഹം.
കോഹ്‌ലിയെ വീഴ്ത്തുക എന്നതായിരുന്നു മൊയീന്റെ ആദ്യ അജൻഡ. ഒരു തവണ ഷോർട്ട് ലെഗിൽ കുക്ക് കൈവിട്ടെങ്കിലും അടുത്ത പന്തിൽത്തന്നെ മൊയീന്റെ അത്യധ്വാനത്തിനു ഫലം കിട്ടി. ഇന്ത്യ ഡിആർഎസിനു പോയെങ്കിലും തീരുമാനം പ്രതികൂലം, മൽസരഫലവും!