ലണ്ടൻ∙ ടീമിന്റെ ദയനീയ പ്രകടനത്തിനിടയിലും വ്യക്തിഗത നേട്ടത്തിൽ ബാറ്റുകൊണ്ട് ചരിത്രമെഴുതിയ ഇംഗ്ലണ്ട് പര്യടനത്തിന്, അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ ‘ഗോൾഡൻ ഡക്കോ’ടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തിരശ്ശീലയിട്ടു. ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ സ്റ്റുവാർട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചാണ് കോഹ്‍ലി സംപൂജ്യനായി മടങ്ങിയത്. 464 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഇതോടെ, രണ്ടു റൺസിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ടെസ്റ്റ് കരിയറിൽ ഇതു മൂന്നാമത്തെ തവണ മാത്രമാണ് കോഹ്‍ലി ഗോൾഡൻ ഡക്കാകുന്നത്. അവസാന ഇന്നിങ്സിൽ ശോഭിക്കാനായില്ലെങ്കിലും, ബാറ്റുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്‍ലി പുതുചരിത്രമെഴുതിയ പരമ്പരയാണ് ഓവലിൽ അവസാനിക്കുന്നത്. 2014ലെ പര്യടനത്തിൽ അഞ്ച് ടെസ്റ്റുകളിൽനിന്ന് 134 റൺസ് മാത്രം നേടി, തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനത്തിന് വേദിയായ ഇംഗ്ലണ്ടിലെത്തുമ്പോൾ അതീവ സമ്മർദ്ദത്തിലായിരുന്നു കോഹ്‍ലി. എന്നാൽ, ബാറ്റിങ്ങിലെ മികവുകൊണ്ട് ഈ വെല്ലുവിളികളെല്ലാം അനായാസം ചവിട്ടിയരച്ച കോഹ്‍ലി, അഞ്ചു ടെസ്റ്റുകളിൽനിന്ന് നേടിയത് 593 റൺസ്! ഇതിനിടെ കടപുഴക്കിയത് ഒട്ടേറെ റെക്കോർഡുകൾ.
പരമ്പര കൈവിട്ടെങ്കിലും വ്യക്തിഗത മികവിൽ കോഹ്‍ലി ഒട്ടേറെ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച പരമ്പരയ്ക്കാണ് ഇംഗ്ലണ്ടിൽ അവസാനമാകുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ രണ്ടാം സ്ഥാനക്കാരനായി ഇംഗ്ലണ്ടിലെത്തിയ കോഹ്‍ലി, ഇവിടെനിന്ന് മടങ്ങുന്നത് ചരിത്രത്തിലാദ്യമായി ഒന്നാം റാങ്ക് സ്വന്തമാക്കിയാണ്. അതും ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന ഇന്ത്യക്കാരനെന്ന ഖ്യാതിയോടെ. ലോക ഒന്നാം നമ്പർ ബോളറായ ജയിംസ് ആൻഡേഴ്സനും കോഹ്‍ലിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പരമ്പരയിൽ ഒരു തവണ പോലും കോഹ്‍ലി ആൻഡേഴ്സനു മുന്നിൽ കീഴടങ്ങിയില്ല. അതും, ഇതുവരെ ആൻഡേഴ്സൻ 23 വിക്കറ്റു നേടി വ്യക്തിമുദ്ര ചാർത്തിയ പരമ്പരയിൽ.
അവസാന ടെസ്റ്റിൽ ഗോൾഡൻ ഡക്കായതോടെ 600 റൺസ് എന്ന നാഴികക്കല്ലു പിന്നിടാനായില്ലെങ്കിലും അഞ്ചു ടെസ്റ്റുകളിലെ 10 ഇന്നിങ്സുകളിൽനിന്ന് 59.30 റൺസ് ശരാശരിയിലാണ് കോഹ്‍ലി 593 റൺസ് നേടിയത്. രണ്ടു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും ചെറിയ വ്യത്യാസത്തിൽ കോഹ്‍ലിക്കു നഷ്ടമാകുകയും ചെയ്തു.
ഒന്നാം ടെസ്റ്റിൽ 149 & 51, രണ്ടാം ടെസ്റ്റിൽ 23 & 17, മൂന്നാം ടെസ്റ്റിൽ 97 & 103, നാലാം ടെസ്റ്റിൽ 46 & 58, അഞ്ചാം ടെസ്റ്റിൽ 49 & 0 എന്നിങ്ങനെയാണ് ടെസ്റ്റ് പരമ്പരയിൽ കോഹ്‍ലിയുടെ പ്രകടനം. ടെസ്റ്റ് പരമ്പരയിലെ 600 റൺസ് തികയ്ക്കുന്നതിന് ഏഴു റൺസ് അകലെ വീണതോടെ, മൂന്നു പരമ്പരകളിൽ 600 റൺസിലധികം സ്കോർ ചെയ്ത സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരം കോഹ്‍ലിക്കു നഷ്ടമായി. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഒൻപതു റൺസ് അകലെയാണ് കോഹ്‍ലി കൈവിട്ടത്. 2002ലെ പരമ്പരയിൽ രാഹുൽ ദ്രാവിഡ് നേടിയ 602 റൺസാണ് ഒന്നാമത്.
പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്‍ലി തന്നെ. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറിനേക്കാൾ 244 റൺസ് അധികമാണ് കോഹ്‍ലി ഇവിടെ നേടിയത്. അഞ്ചു ടെസ്റ്റുകളിൽനിന്ന് 349 റൺസാണ് ബട്‍ലറിന്റെ സമ്പാദ്യം. അലസ്റ്റയർ കുക്ക് (327), ജോ റൂട്ട് (319) എന്നിവരാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ.
2014ലെ ടെസ്റ്റ് പരമ്പരയിൽ 10 ഇന്നിങ്സുകളിൽനിന്ന് വെറും 134 റൺസ് മാത്രം നേടാനായതിന്റെ നാണക്കേടുമായാണ് ഇക്കുറി കോഹ്‍ലി ഇംഗ്ലണ്ടിൽ വിമാനമിറങ്ങിയത്. എന്നാൽ, ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽത്തന്നെ സെഞ്ചുറി നേടി ചരിത്രമെഴുതിയ കോഹ്‍ലി, പരമ്പരയിലുടനീളം ഈ ഫോം തുടർന്നു. സെഞ്ചുറിയോടെ തുടക്കമിട്ട പരമ്പരയ്ക്ക് ഗോൾഡൻ ഡക്കിന്റെ നാണക്കേടോടെ വിരാമമിടുമ്പോഴും, കോഹ്‍ലി ഇക്കുറി ഇംഗ്ലണ്ടിൽ സ്ഥാപിച്ച റെക്കോർഡുകൾ ഇന്ത്യൻ ക്രിക്കറ്റിന് മികവിന്റെ തൂവലാണ്.
പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്കു നേരിടുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിനു പിന്നിൽ ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ രണ്ടാം റാങ്കുകാരനായാണ് കോഹ്‍ലി ഇംഗ്ലണ്ടിലെത്തിയത്. പരമ്പര അവസാനിക്കുമ്പോൾ സ്മിത്തിനെ മറികടന്ന് ഒന്നാമതെത്താനും കോഹ്‍ലിക്കായി. ഇംഗ്ലണ്ടിലെത്തുമ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ 903 പോയിന്റുമായി രണ്ടാമതായിരുന്ന കോഹ്‍ലി, നിലവിൽ കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റുമായാണ് (937) ഒന്നാമതു നിൽക്കുന്നത്.
2014ലെ പരമ്പരയിലെ ദയനീയ പ്രകടനത്തിനുശേഷം നാലു വർഷത്തെ ഇടവേളയ്ക്കൊടുവിൽ ഇംഗ്ലണ്ടിലെത്തുമ്പോൾ, കോഹ്‍ലി ബാറ്റ്സ്മാനെന്ന നിലയിൽ ഏറെ വളർന്നു കഴിഞ്ഞിരുന്നു. ഇക്കാലയളവിൽ 15 സെഞ്ചുറികളാണ് കോഹ്‍ലി ടെസ്റ്റിൽ അടിച്ചുകൂട്ടിയത്. ഇതിൽ നാലെണ്ണവും ഓസ്ട്രേലിയൻ മണ്ണിൽ നേടിയതായിരുന്നു. മാത്രമല്ല, ഇതിൽ ആറു സെഞ്ചുറികളും കോഹ്‍ലി ഇരട്ടസെഞ്ചുറികളാക്കി പരവർത്തനപ്പെടുത്തുകയും ചെയ്തു. തുടർച്ചയായി നാലു പരമ്പരകളിൽ ഇരട്ടസെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായും കോഹ്‍ലി മാറി.
മാത്രമല്ല, പരമ്പര തുടങ്ങും മുൻപ് ടെസ്റ്റിലെ ലോക ഒന്നാം നമ്പർ ബോളറായ ജയിംസ് ആൻഡേഴ്സനും കോഹ്‍ലിയും തമ്മിലുള്ള പോരാട്ടമാകും ഇതെന്നു വിലയിരുത്തിയവർക്കു മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കാനും കോഹ്‍ലിക്കായി. 10 ഇന്നിങ്സുകളിൽ ഒരിക്കൽപ്പോലും ആൻഡേഴ്സന്റെ പന്തിൽ കോഹ്‍ലി പുറത്തായില്ല. ഇതുവരെ 23 വിക്കറ്റുകൾ പോക്കറ്റിലാക്കി ആൻഡേഴ്സൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതു നിൽക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം. 2014ലെ പരമ്പരയിൽ നാലു തവണയാണ് ആൻഡേഴ്സൻ കോഹ്‍ലിയെ പുറത്താക്കിയത്.
ഒന്നാം ഇന്നിങ്സിൽ 49 റൺസിനു പുറത്തായ കോഹ്‍ലി ഇതിനിടെ മറ്റൊരു നേട്ടവും സ്വന്തമാക്കി. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) 18,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ.
ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പരയിൽ സന്ദർശക ടീം ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ റൺസ് കൂടിയാണ് കോഹ്‍ലിയുടെ 593. ഗാരി സോബേഴ്സ് (722, 1966), ഗ്രെയിം സ്മിത്ത് (714, 2003), അലൻ ബോർഡർ (597, 1985) എന്നിവർ മാത്രമാണ് കോഹ്‍ലിക്കു മുന്നിലുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിൽ 500ൽ അധികം റൺസ് നേടുന്ന ഏഷ്യക്കാരനായ ആദ്യ ക്യാപ്റ്റനുമാണ് കോഹ്‍ലി.