ന്യൂഡൽഹി∙ സൗഹൃദത്തിന്റെ ക്രീസിൽ ഇന്ത്യ – പാക്ക് ക്രിക്കറ്റിന് പുതിയ മുഖം. യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് കാണാൻ ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകനായ സുധീർ ഗൗതത്തെ സ്പോൺസർ ചെയ്തത് പാക്ക് ക്രിക്കറ്റിന്റെ സൂപ്പർഫാനായ മുഹമ്മദ് ബഷീർ എന്ന ‘ചാച്ച ഷിക്കാഗോ’.
ഇന്ത്യ കളിക്കുമ്പോഴെല്ലാം ദേശീയ പതാകയുടെ നിറം ദേഹത്തു വാരിപ്പൂശി ഇന്ത്യൻ പതാകയുമായി ബൗണ്ടറി ലൈനിന് അരികിൽ ആർത്തുവിളിക്കുന്ന സുധീർ ക്രിക്കറ്റ് ആരാധനയുടെ ആൾരൂപമാണ്. എന്നാൽ, ഏഷ്യാ കപ്പിനു പോകാൻ സുധീറിനെ സ്പോൺസർ ചെയ്യാൻ ആരുമില്ലായിരുന്നു. ഇതറിഞ്ഞ് ‘ചാച്ച’ സുധീറിനോട് ദുബായിലെത്താൻ ആവശ്യപ്പെടുകയായിരുന്നു.
‘‘സുധീർ, ദുബായിക്കു വരിക, എല്ലാ ചെലവും ഞാൻ വഹിച്ചുകൊള്ളാം. ഞാൻ വലിയ സമ്പന്നനല്ല. എന്നാൽ, എന്റെ ഹൃദയം കടൽ പോലെ വിശാലമാണ്. ,’’ ‘ചാച്ച ഷിക്കാഗോ’ പറഞ്ഞു. സുധീറും ചാച്ചയും ബംഗ്ലദേശിൽ നിന്നുള്ള ഷോയിബ് ടൈഗറും ഒരുമിച്ചു നിൽക്കുന്ന ചിത്രം ‘അതിരുകളില്ലാത്ത ക്രിക്കറ്റ്’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം പോസ്റ്റു ചെയ്തിരുന്നു.