ദുബായ്∙ ഉപഭൂഖണ്ഡത്തിൽ ആവേശമേറ്റുന്ന ഇന്ത്യ–പാക്കിസ്ഥാൻ മൽസരങ്ങൾക്കു സമാനമാകുകയാണോ അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ മൽസരങ്ങളും? ഏഷ്യാ കപ്പ് ക്രിക്കറ്റിൽ സൂപ്പർ ഫോർ റൗണ്ടിലെ പാക്കിസ്ഥാൻ–അഫ്ഗാനിസ്ഥാൻ മൽസരത്തിലെ സംഭവ വികാസങ്ങളാണ് ഈ സംശയമുണർത്തുന്നത്. മൽസരത്തിനിടെ മോശമായി പെരുമാറിയതിന്റെ പേരിൽ മൂന്നു താരങ്ങൾക്കാണ് ഐസിസി മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയത്.
അഫ്ഗാനിസ്ഥാൻ താരങ്ങളായ റാഷിദ് ഖാൻ, ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ എന്നിവർക്കും പാക്കിസ്ഥാൻ താരം ഹസ്സൻ അലിക്കുമാണ് പിഴ ചുമത്തിയത്. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ വൺ ലംഘനം നടത്തിയതിനാണ് പിഴ. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മൽസരത്തിൽ അന്തിമ വിജയം പാക്കിസ്ഥാനായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് 257 റൺസ്. പാക്കിസ്ഥാൻ മൂന്നു പന്തുകൾ ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
∙ റാഷിദ് ഖാൻ
പാക്കിസ്ഥാൻ ആരാധകർക്കിടയിൽ കനത്ത അമർഷം വരുത്തിവച്ച പെരുമാറ്റത്തിനാണ് റാഷിദ് ഖാന് പിഴ ലഭിച്ചത്. പാക്ക് ഇന്നിങ്സിലെ 47–ാം ഓവറിലായിരുന്നു സംഭവം. റാഷിദ് ഖാൻ എറിഞ്ഞ ഈ ഓവറിന്റെ രണ്ടാം പന്ത് ആസിഫ് അലി ഗാലറിയിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ആസിഫ് അലിയെ പുറത്താക്കിയ റാഷിദ് ഖാൻ, ഗാലറിയിലേക്ക് വിരൽ ചൂണ്ടുകയും പുറത്തായി മടങ്ങിയ അലിയെ തുറിച്ചുനോക്കുകയും ചെയ്തു. ഇതിനാണ് റാഷിദ് ഖാന് ശിക്ഷ ലഭിച്ചത്.
മൽസരശേഷം പാക്ക് ആരാധകർ ഒന്നടങ്കം റാഷിദ് ഖാനെതിരെ രംഗത്തു വരികയും ചെയ്തു. റാഷിദ് ഖാൻ ഷെയ്ൻ വോണൊന്നുമല്ലെന്ന് ചില ആരാധകർ ഓർമപ്പെടുത്തി. റാഷിദ് എറിഞ്ഞ അടുത്ത ഓവറിൽ ഹസ്സൻ അലി സിക്സ് നേടിയത് അഹങ്കാരത്തിനുള്ള ശിക്ഷയാണെന്നും ചിലർ കുറിച്ചു.
∙ അസ്ഗർ അഫ്ഗാൻ
മൽസരത്തിനിടെ പാക്ക് താരം ഹസ്സൻ അലിയെ തോളുകൊണ്ട് ഇടിച്ചതിനാണ് അഫ്ഗാൻ നായകൻ കൂടിയായ അസ്ഗറിന് ശിക്ഷ ലഭിച്ചത്. അഫ്ഗാൻ ഇന്നിങ്സിലെ 37–ാം ഓവറിൽ റണ്ണിനായി ഓടുമ്പോഴാണ് അസ്ഗർ, ഹസ്സൻ അലിയെ തോളിന് ഇടിച്ചത്.
∙ ഹസ്സൻ അലി
അഫ്ഗാൻ ഇന്നിങ്സിലെ 33–ാം ഓവറിൽ ഹഷ്മത്തുല്ല ഷാഹിദിയെ പന്തുകൊണ്ട് എറിയുമെന്ന് ആംഗ്യം കാട്ടിയതിനാണ് ഹസ്സൻ അലിക്ക് പിഴ ചുമത്തിയത്.