Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണി പറഞ്ഞു, രോഹിത് കേട്ടു; അടുത്ത പന്തിൽ ഷാക്കിബ് പുറത്ത് – വിഡിയോ

rohit-dhoni-advice മൽസരത്തിനിടെ രോഹിതിന് ധോണിയുടെ നിർദ്ദേശം.

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ബംഗ്ലദേശിനെതിരായ തകർപ്പൻ വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ബോളർമാർ മിന്നിത്തിളങ്ങിയ തുടർച്ചയായ രണ്ടാം മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ഒരു വർഷവും രണ്ടു മാസവും നീണ്ടുനിന്ന നീണ്ട ഇടവേളയ്ക്കുശേഷം ടീമിലേക്കു തിരിച്ചെത്തിയ രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബോളിങ് പ്രകടനമാണ് ടീമിന് വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ 36–ാം ഏകദിന അർധസെഞ്ചുറി വിജയം ഉറപ്പാക്കുകയും ചെയ്തു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായ എം.എസ്. ധോണി എന്തുകൊണ്ട് ഇന്നും ടീമിന് അനിവാര്യനാകുന്നു എന്നു വെളിപ്പെടുത്തുന്ന നിമിഷവും മൽസരത്തിനിടെ മൈതാനത്തു കണ്ടു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 10–ാം ഓവർ ബോൾ ചെയ്യുമ്പോഴായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. മുഷ്ഫിഖുർ റഹിമിനെതിരെ ജഡേജ എറിഞ്ഞ രണ്ടാം പന്ത് നോബോളായതോടെ അംപയർ ഫ്രീഹിറ്റ് അനുവദിച്ചു.

ഫ്രീഹിറ്റ് നേരിട്ടത് മുൻ ബംഗ്ലദേശ് ക്യാപ്റ്റൻ കൂടിയായ ഷാക്കിബ് അൽ ഹസ്സൻ. ജഡേജ എറിഞ്ഞ പന്തിൽ ഷാക്കിബിന് ഒന്നും ചെയ്യാനായില്ലെങ്കിലും അംപയർ അത് ഡെഡ് ബോളായി വിധിച്ചു. ഫീൽഡിങ് ക്രമീകരണത്തിലെ അവ്യക്തത നിമിത്തമായിരുന്നു ഇത്. ഇതോടെ രോഹിത് ശർമ അംപയറിനടുത്തെത്തി. പിന്നാലെ മറ്റു താരങ്ങളും ചുറ്റും കൂടി. ഡെഡ് ബോളല്ലെന്ന് രോഹിത് വാദിച്ചെങ്കിലും അംപയർ ഉറച്ചുനിന്നു. ഇതോടെ ജഡേജ രണ്ടാം ബോൾ വീണ്ടും എറിഞ്ഞു. പന്ത് കവറിലൂടെ ബൗണ്ടറി കടത്തിയ ഷാക്കിബ് ബംഗ്ലദേശിന്റെ സമ്മർദ്ദം അയച്ചു. മൂന്നാം പന്ത് സ്ക്വയർ ലെഗ്ഗിലൂടെ പന്ത് ബൗണ്ടറി കടത്തി ഷാക്കിബ് കൂടുതൽ അപകടകാരിയായി.

ഇതിനു പിന്നാലെയായിരുന്നു ധോണിയുടെ ഇടപെടൽ. വിരാട് കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ ഏഷ്യാ കപ്പിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമയ്ക്കടുത്തെത്തിയ ധോണി എന്തോ പറഞ്ഞു. ഫീൽഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ട എന്തോ നിർദ്ദേശമാണെന്ന് പിന്നാലെ വ്യക്തമായി. ധോണി മടങ്ങിയതിനു പിന്നാലെ രോഹിത് ധവാനെ സ്ക്വയർ ലെഗിൽ സർക്കിളിനുള്ളിലേക്ക് നീക്കിനിർത്തി.

അടുത്ത പന്തും ബൗണ്ടറി ലക്ഷ്യമാക്കി തിരിച്ചുവിടാനുള്ള ഷാക്കിബിന്റെ ശ്രമം പാളി. പന്ത് സ്ക്വയർ ലെഗ്ഗിൽ ധവാന്റെ കൈകളിൽ. തൊട്ടുമുൻപ് ധോണിയുടെ നിർദ്ദേശാനുസരണം രോഹിത് സ്ക്വയർ ലെഗ്ഗിലേക്കു നീക്കിനിർത്തിയ ധവാന്റെ ക്യാച്ചിലൂടെ ഷാക്കിബ് പുറത്ത്. 12 പന്തിൽ മൂന്നു ബൗണ്ടറികളോടെ 17 റൺസായിരുന്നു ഷാക്കിബിന്റെ സമ്പാദ്യം. ബംഗ്ലദേശ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിലേക്ക് പതിക്കുകയും ചെയ്തു.

related stories