മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം ആവർത്തിച്ച് തകർപ്പൻ സെഞ്ചുറികളുമായി മുംബൈ താരങ്ങളായ ശ്രേയസ് അയ്യരും പൃഥ്വി ഷായും. വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനെതിരെയാണ് യുവതാരങ്ങളുടെ മിന്നൽ പ്രകടനം. ഞായറാഴ്ച നടന്ന മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത് നിശ്ചിത 50 ഓവറിൽ 400 റൺസെടുത്ത മുംബൈ, റെയിൽവേസിനെ 227 റൺസിനു പുറത്താക്കി 173 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി.
ഇന്ത്യൻ താരവും മുംബൈ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയ്ക്ക് തിളങ്ങാനാകാതെ പോയ മൽസരത്തിലാണ് ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന പൃഥ്വി ഷായും ശ്രേയസ് അയ്യരും സെഞ്ചുറികളുമായി വരവറിയിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത പതിനെട്ടുകാരൻ പൃഥ്വി ഷാ, 81 പന്തിൽ 129 റൺസെടുത്തു. 14 ബൗണ്ടറിയും ആറു സിക്സും നിറം ചാർത്തിയതായിരുന്നു ഷായുടെ ഇന്നിങ്സ്.
മൂന്നാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 118 പന്തിൽ 144 റൺസെടുത്തു. എട്ടു ബൗണ്ടറിയും 10 സിക്സും ഉൾപ്പെടെയാണ് അയ്യർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണറായിറങ്ങിയ രഹാനെ മൂന്നു റൺസുമായി പുറത്തായശേഷം രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഇരുവരും 161 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി.
സ്കോർ 188ൽ നിൽക്കെ ഷാ പുറത്തായിട്ടും മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് പോരാട്ടം തുടർന്ന ശ്രേയസ് അയ്യർ, മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിലും പങ്കാളിയായി. മൂന്നാം വിക്കറ്റിൽ അയ്യർ–യാദവ് സഖ്യം 147 റൺസ് കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവ് 55 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 67 റൺസെടുത്തു. കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസിന് മുംബൈ ഒരു അവസരവും നൽകിയില്ല. 39 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്ത ഓപ്പണർ സൗരഭ് വകാസ്കറാണ് അവരുടെ ടോപ് സ്കോറർ. 10 ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷംസ് മൂലാനിയുടെ പ്രകടനമാണ് മുംബൈയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ചത്.
വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ മൂന്നാം മൽസരത്തിലാണ് ഷായും ശ്രേയസ് അയ്യരും 50 പിന്നിടുന്നത്. ആദ്യ മൽസരത്തിൽ ബറോഡയെ നേരിട്ട മുംബൈയ്ക്കായി ഇരുവരും അർധസെഞ്ചുറി നേടിയിരുന്നു. പൃഥ്വി ഷാ സെഞ്ചുറിക്ക് രണ്ടു റൺസ് അകലെ പുറത്തായപ്പോൾ അയ്യർ 67 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 56 റൺസെടുത്ത് പുറത്താകാതെ നിന്നു. 66 പന്തിൽ 12 ബൗണ്ടറിയും അഞ്ചു സിക്സും സഹിതമാണ് ഷാ 98 റൺസെടുത്തത്.
കർണാടകയ്ക്കെതിരായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ഷാ 60 റൺസെടുത്തു. 53 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതമായിരുന്നു ഷായുടെ അർധസെഞ്ചുറി പ്രകടനം. ഇക്കുറി ശ്രേയസ് അയ്യർ സെഞ്ചുറി നേടി. 82 പന്തുകൾ നേരിട്ട അയ്യർ അഞ്ച് ബൗണ്ടറിയും എട്ടു സിക്സും സഹിതം 110 റൺസെടുത്തു. ഏഷ്യാ കപ്പിനുശേഷം വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനിരിക്കെ, ടീമിൽ ഇടം അവകാശപ്പെടുന്ന പ്രകടനമാണ് യുവതാരങ്ങളുടേത്.