ദുബായ്∙ അഞ്ചു വിക്കറ്റ് നേട്ടമല്ല, ഒരു ഇന്നിങ്സിൽ ഇന്ത്യയുടെ പത്തു വിക്കറ്റും വീഴ്ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഏഷ്യാകപ്പിന് എത്തിയ പാക്കിസ്ഥാൻ താരം ഹസ്സൻ അലിയെ ‘ട്രോളി’ ക്രിക്കറ്റ് ആരാധകർ. ഏഷ്യാകപ്പിൽ ഇന്ത്യയുമായി രണ്ടു തവണ മുഖമുഖമെത്തിയിട്ടും ഒരു വിക്കറ്റ് പോലും നേടാനാകാതെ ‘സംപൂജ്യ’നായി തുടരുന്നതിനിടെയാണ് ഹസ്സൻ അലിയെ കളിയാക്കി ആരാധകർ രംഗത്തെത്തിയത്.
ഒരു ഇന്നിങ്സിൽ ഇന്ത്യയുടെ പത്തു വിക്കറ്റ് നേടുമെന്ന് പ്രഖ്യാപിച്ചാണ് ഏഷ്യാകപ്പിനായി ദുബായിലെത്തിയതെങ്കിലും, ആദ്യ രണ്ടു മൽസരങ്ങൾ പൂർത്തിയാകുമ്പോൾ പാക്കിസ്ഥാൻ ബോളർമാർ എല്ലാവരും കൂടി ശ്രമിച്ചിട്ടും ഇതുവരെ വീഴ്ത്താനായത് വെറും മൂന്നു വിക്കറ്റുകളാണെന്ന കൗതുകവുമുണ്ട്. അതിൽത്തന്നെ ഒന്ന് ധവാന്റെ റണ്ണൗട്ടായിരുന്നു. രണ്ടു മൽസരങ്ങളിൽനിന്ന് ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയ ഹസ്സൻ അലിയുടെ ഇതുവരെയുള്ള പ്രകടനം ഇങ്ങനെ:
ഗ്രൂപ്പു ഘട്ടത്തിൽ ആദ്യമായി മുഖാമുഖമെത്തിയ മൽസരത്തിൽ നാല് ഓവർ ബോൾ ചെയ്ത ഹസ്സൻ അലി 33 റൺസ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയുമില്ല. താരതമ്യേന ചെറിയ വിജയലക്ഷ്യമായ 163 റൺസ് ഇന്ത്യ അനായാസം പിന്നിട്ടതോടെ ഹസ്സൻ അലിക്ക് അഞ്ച് ഓവർ പോലും ബോൾ ചെയ്യേണ്ടി വന്നില്ല. സൂപ്പർ ഫോർ റൗണ്ടിൽ വീണ്ടും മുഖാമുഖമെത്തിയപ്പോഴും ഹസ്സൻ അലി ഹതാശനായി മടങ്ങി. ഒൻപത് ഓവർ ബോൾ ചെയ്ത ഹസ്സൻ അലി, 52 റൺസ് വഴങ്ങുകയും ചെയ്തു. രണ്ടു മൽസരങ്ങളും പാക്കിസ്ഥാൻ ദയനീയമായി തോറ്റു.
ഏഷ്യാകപ്പിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ്, തന്റെ ലക്ഷ്യം ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തുകയാണെന്ന് ഹസ്സൻ അലി പ്രഖ്യാപിച്ചത്. അന്ന് മാധ്യമങ്ങൾക്കു മുൻപിൽ അലി നടത്തിയ പ്രസ്താവനകളിലൂടെ:
∙ ഇന്ത്യയുടേത് ശക്തമായ ബാറ്റിങ് നിര തന്നെയാണ്. അവർക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനേക്കാൾ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് തന്നെ വീഴ്ത്താനാണ് എന്റെ ശ്രമം. അങ്ങനെ ലോകമെമ്പാടുമുള്ള എന്റെ ആരാധകരെ സന്തോഷിപ്പിക്കണം. തീർച്ചയായും എന്റെ മേൽ സമ്മർദ്ദമുണ്ട്. എങ്കിലും സമ്മർദ്ദം ആസ്വദിക്കാനാണ് ശ്രമം. അങ്ങനെ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും.
∙ ഇപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾക്കു തന്നെയാണു മേൽക്കൈ. ചാംപ്യൻസ് ട്രോഫി ഫൈനലിലെ കൂറ്റൻ തോൽവിയുടെ സമ്മർദ്ദം തീർച്ചയായും ഇന്ത്യയെ ബാധിക്കും. മാത്രമല്ല, ടൂർണമെന്റ് നടക്കുന്ന യുഎഇയിലേത് ഞങ്ങളുടേതിനു സമാനമായ സാഹചര്യമാണ്. തീർച്ചയായും നാട്ടിൽ കളിക്കുന്ന പ്രതീതിയിലാകും ഞങ്ങൾ. ഇപ്പോൾ ഞങ്ങളുടെ കൂടുതൽ മൽസരങ്ങൾക്കും വേദിയാകുന്ന സ്ഥലം കൂടിയാണ് യുഎഇ. സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണമെന്നു ഞങ്ങൾക്കറിയാം.
∙ വിരാട് കോഹ്‍ലി മികച്ച താരമാണ്. ഒറ്റയ്ക്ക് കളികൾ ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ് കോഹ്‍ലിയെന്ന് എല്ലാവർക്കും അറിയാം. സമ്മർദ്ദത്തെ അതിജീവിക്കാൻ കോഹ്‍ലിക്കുള്ള മികവ്, പകരമെത്തുന്ന താരത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതിന്റെ ഗുണം ഞങ്ങൾക്കു ലഭിക്കും.