Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതിയിരിക്കുക, ഫിസ് മാരക ഫോമില്‍; ഒന്നു പിഴച്ചാല്‍ നാഗിന്‍ ഡാന്‍സ് കാണേണ്ടിവരും

musthafizur-celebration1 മുസ്തഫിസുർ റഹ്മാൻ മൽസരത്തിനിടെ . ട്വിറ്റർ ചിത്രം

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നപോലെയാണു ബംഗ്ലദേശ് ടീമില്‍ മുസ്തഫിസുര്‍ റഹ്മാന്‍. വിക്കറ്റു വീഴ്ചയിലും വിജയങ്ങളിലും ആര്‍ത്തലച്ച് ആഘോഷിക്കുന്ന മുഷ്ഫിഖുര്‍ റഹീമിനെപ്പോലുള്ളവരുടെ ടീമിലെ സൈലന്റ് കില്ലര്‍. എത്ര പ്രധാനപ്പെട്ട വിക്കറ്റായാലും നേടിക്കഴിഞ്ഞാല്‍ കൈയൊന്നു പൊക്കും, പിന്നെ നിര്‍വികാര ഭാവമാണ് ഫിസിന്റെ മുഖത്ത്. തന്റെ പന്തില്‍ ക്യാച്ച് നഷ്ടപ്പെട്ടാലും ഇങ്ങനെ തന്നെ. 23 വയസ്സേയുള്ളൂ മുസ്തഫിസുറിന്. എന്നാല്‍ വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിലുള്ള മുസ്തഫിസുര്‍, ആ പക്വതയും മികവും പുറത്തെടുത്തതിന്റെ ഗുണമാണ് ഏഷ്യാകപ്പിലെ ഫൈനല്‍ ബര്‍ത്ത്.

രാജ്യാന്തര നിലവാരം

തന്റെ കണിശമായ യോര്‍ക്കറുകളും കട്ടറുകളുമായി തുടക്കം മുതലേ ലോകക്രിക്കറ്റില്‍ നോട്ടപ്പുള്ളിയായിരുന്നു ഫിസ്. അധികം താമസിയാതെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി കരാറിലെത്തി. 2016, 17 സീസണുകളില്‍ ടീമിനൊപ്പം ഫിസും വളര്‍ന്നു. ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോടൊപ്പമുള്ള ബോളിങ് മുസ്തഫിസുറിലെ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി. 2016ല്‍ സണ്‍റൈസേഴ്‌സിനെ ജേതാക്കളാക്കുന്നതില്‍ മുസ്തഫിസുര്‍ നിര്‍ണായക പങ്കാണു വഹിച്ചത്. 

musthafizur-celebration

എന്നാല്‍ വിടാതെ തുടര്‍ന്ന പരുക്കുകൾ ആ കരിയറിനെ ആശങ്കയില്‍ നിര്‍ത്തി. 2017 ഐപിഎല്ലിനുശേഷം ദീര്‍ഘനാള്‍ കളത്തിനു പുറത്തായിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. അധികം അവസരം ലഭിച്ചില്ല. ലഭിച്ചതു മുതലാക്കാനും പറ്റിയില്ല. പരുക്ക് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ എന്ന ബംഗ്ലദേശിന്റെ എക്കാലത്തെയും മികച്ച പേസര്‍ പ്രഭാവം നഷ്ടപ്പെട്ട് ഓര്‍മയാകുകയാണോ എന്നു തോന്നിപ്പിച്ച ഘട്ടത്തിലാണു തിരിച്ചുവരവ്.

ആദ്യം നിദാഹാസ് ട്രോഫി

ദിനേഷ് കാര്‍ത്തിക്കിന്റെ അവസാന പന്തിലെ സിക്‌സറിലൂടെ എക്കാലവും ഓര്‍ക്കപ്പെടുന്ന നിദാഹാസ് ട്രോഫി മുസ്തഫിസുര്‍ ബംഗ്ലദേശിന്റെ ചുണ്ടറ്റംവരെ എത്തിച്ചതാണ്. 18ാം ഓവറില്‍ വിക്കറ്റ് അടക്കം ഒരു റണ്‍സ് മാത്രമായിരുന്നു താരം വിട്ടുനല്‍കിയത്. മറ്റേയറ്റത്തു റുബെല്‍ ഹുസൈനെയും 20ാം ഓവറില്‍ സൗമ്യ സര്‍ക്കാരിനെയും അടിച്ചൊതുക്കിയാണു കാര്‍ത്തിക് ഇന്ത്യയ്ക്കു ജയം സമ്മാനിച്ചത്.

ഇപ്പോള്‍ ഏഷ്യാകപ്പില്‍ പൂര്‍വാധികം ശക്തിയോടെയാണു ഫിസ് തിരിച്ചുവന്നത്. അഫ്ഗാനിസ്ഥാനോടു തോറ്റെന്നുറച്ച മല്‍സരം ജയിപ്പിച്ചെടുത്തത് ആ വേഗവും കണിശതയുമായിരുന്നു. ഡെത്ത് ബോളിങ്ങിലേക്കെത്തുമ്പോള്‍ ഫിസ് മുന്‍പത്തേക്കാള്‍ അപകടകാരിയാവുകയാണ്. പാക്കിസ്ഥാനെതിരെ നാലു വിക്കറ്റ് നേടിയ പ്രകടനമാണ് അവരെ ഫൈനലിലേക്കു നയിച്ചത്.

വെള്ളിയാഴ്ച ഇന്ത്യ ബംഗ്ലദേശിനെ നേരിടാനൊരുങ്ങുമ്പോള്‍ ആ യോര്‍ക്കറുകളും കട്ടറുകളും കരുതിയിരിക്കണം. ചേസു ചെയ്യുകയാണെങ്കില്‍ പ്രത്യേകിച്ച്. ബംഗ്ലദേശിനു കുറെ അധികം കണക്ക് ഇന്ത്യയോടു തീര്‍ക്കാന്‍ ബാക്കിയുണ്ട്. ഒന്നു പിഴച്ചാല്‍ നാഗിന്‍ ഡാന്‍സ് കാണേണ്ടിവരും..