Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു വിക്കറ്റ് ജയം; ഇന്ത്യ വീണ്ടും ഏഷ്യൻ രാജാക്കൻമാർ!

india-asia-cup-winners ഇന്ത്യൻ ടീം കിരീടവുമായി

ദുബായ്∙ ബംഗ്ലദേശിനു സ്വയം പരിതപിക്കാം; എല്ലായ്പ്പോഴും ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ സംഭവിക്കുന്നതു പോലെ! ബാറ്റിങിൽ മികച്ച തുടക്കം കിട്ടിയിട്ടും അവർക്കു മുതലെടുക്കാനായില്ല. ബോളിങിൽ അതിനു പകരം വീട്ടാനുമായില്ല. സ്പിന്നർമാരുടെ മികവിൽ ബംഗ്ലദേശ് മധ്യനിരയെയും വാലറ്റത്തെയും പിടിച്ചിട്ട ഇന്ത്യയ്ക്ക് ബോളിങ് മികവിൽ ഏഷ്യ കപ്പ് കിരീടം. സ്കോർ: ബംഗ്ലദേശ്– 48.3 ഓവറിൽ 222നു പുറത്ത്. ഇന്ത്യ– 50 ഓവറിൽ ഏഴിന് 223. ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആറാം കിരീടമാണിത്. 2016ലെ പ്രഥമ ട്വന്റി20 ഏഷ്യ കപ്പ് നേട്ടം കൂടി ചേർത്താൽ കിരീടം ഏഴ്. ഓപ്പണർ ലിറ്റൻ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ് ബംഗ്ലദേശ് ബാറ്റിങിന്റെ ഹൈലൈറ്റ്. ശേഷം ഇന്ത്യൻ സ്പിന്നർമാർ കളി ഏറ്റെടുത്തു. 

ലിറ്റൻ ദാസും മെഹ്ദി ഹസനും (32) ഓപ്പണിങ് വിക്കറ്റിൽ 120 റൺസ് ചേർത്ത ശേഷമായിരുന്നു ബംഗ്ലദേശിന്റെ തകർച്ച. പത്തു വിക്കറ്റുകൾ അവർക്കു നഷ്ടമായത് 102 റൺസ് എടുക്കുന്നതിനിടെ. കുൽദീപ് മൂന്നും കേദാർ രണ്ടും വിക്കറ്റ് വീഴ്ത്തി. വിക്കറ്റിനു പിന്നിൽ ധോണിയുടെ മികച്ച പ്രകടനവും രവീന്ദ്ര ജഡേജയുടെ ഉജ്വല ഫീൽഡിങും ബംഗ്ല തകർച്ചയിൽ നിർണായക പങ്കു വഹിച്ചു. രണ്ടു സ്റ്റംപിങുകളും മൂന്ന് റൺഔട്ടുകളുമാണ് ബംഗ്ല ഇന്നിങ്സിൽ. 

ഇമ്രുൽ കയെസിനെയും സൗമ്യ സർക്കാരിനെയും ബാറ്റിങ് ഓർഡറിൽ താഴേക്കിറക്കി ലിറ്റൻ–മെഹ്ദി കൂട്ടുകെട്ടിനെയാണ് ബംഗ്ല ക്യാപ്റ്റൻ മഷ്‌റഫെ മൊർത്താസ ഓപ്പണിങിനു നിയോഗിച്ചത്. അതു സുന്ദരമായി ഫലിച്ചു. 

ലിറ്റൻ അടിച്ചു തകർത്തപ്പോൾ മെഹ്ദി മികച്ച കൂട്ടായി. ബുമ്രയുടെയും ഭുവനേശ്വറിന്റെയും പന്തുകൾ തുടരെ ബൗണ്ടറിയിലേക്കു പായിച്ച ലിറ്റൻ ബോളിങ് മാറ്റമായി യുസ്‌വേന്ദ്ര ചാഹൽ എത്തിയപ്പോൾ സിക്സറോടെയാണ് വരവേറ്റത്. ബംഗ്ലദേശ് വൻ സ്കോറിലേക്കു കുതിക്കും എന്നു കരുതിയിരിക്കെ ജാദവ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി. മെഹ്ദി കവറിൽ അമ്പാട്ടി റായുഡുവിന്റെ കയ്യിൽ. ബംഗ്ലദേശിന്റെ തകർച്ച അവിടെ തുടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന നിലയിൽ നിന്ന് അഞ്ചിന് 151 എന്ന നിലയിലേക്ക് ബംഗ്ലദേശ് വീണു. 28 പന്തുകളാണ് റൺ വഴങ്ങാതെ ജാദവ് എറിഞ്ഞത്. ആറാമനായി എത്തി ലിറ്റനു കൂട്ടായെത്തിയ സൗമ്യ സർക്കാരാണ് (33) ബംഗ്ല ഇന്നിങ്സ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. കുൽദീപിന്റെ പന്തു മനസ്സിലാക്കുന്നതിൽ പിഴച്ച ലിറ്റനെ തലനാരിഴ വ്യത്യാസത്തിൽ ധോണി സ്റ്റംപ് ചെയ്തതോടെ ആ കൂട്ടുകെട്ടും തീർന്നു. 117 പന്തുകളിൽ 12 ഫോറും രണ്ടു സിക്സും അടങ്ങുന്നതാണ് ലിറ്റന്റെ സെഞ്ചുറി. 

മറുപടി ബാറ്റിങിൽ ഇന്ത്യയുടെ തുടക്കം പതിയെ. എന്നാൽ ബംഗ്ലദേശിനെപ്പോലെയായില്ല ഇന്ത്യ. ഇന്ത്യൻ നിരയിൽ രോഹിത് ശർമ (48), ദിനേഷ് കാർത്തിക് (37), എം.എസ് ധോണി (36), കേദാർ ജാദവ് (23*), രവീന്ദ്ര ജഡേജ (23), ഭുവനേശ്വർ കുമാർ (21) എന്നിവർ വിജയത്തിലേക്കു സംഭാവന നൽകി. പരുക്കു മൂലം ആദ്യം മടങ്ങിയ കേദാർ പിന്നീട് തിരിച്ചെത്തിയാണ് ഇന്ത്യൻ വിജയം പൂർത്തിയാക്കിയത്.

ഇന്ത്യയ്ക്ക് ഏഴാം കിരീടം, പടിക്കൽ കലമുടച്ച് ബംഗ്ലദേശ്

ഇന്ത്യയുടെ ഏഴാമത്തെ ഏഷ്യാ കപ്പ് കിരീടവിജയമാണ് ദുബായിലേത്. ഇതിനു മുൻപ് 1984, 1988, 1990, 1995, 2010, 2016 വർഷങ്ങളിലും ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. അഞ്ച് കിരീടവിജയങ്ങളുമായി (1986, 1997, 2004, 2008, 2014) ശ്രീലങ്കയാണ് ആകെ കിരീടനേട്ടത്തിൽ രണ്ടാമതുള്ളത്. രണ്ടു തവണ പാക്കിസ്ഥാനും (2000, 2012) ഏഷ്യാകപ്പ് കിരീടം ചൂടിയിട്ടുണ്ട്.

അതേസമയം ഫൈനൽ കടമ്പയിൽ തട്ടിവീഴുന്നവരെന്ന ചീത്തപ്പേര് ഇക്കുറിയും ബംഗ്ലദേശിനെ വിട്ടൊഴിഞ്ഞില്ല. അവർ ഫൈനലിൽ തോൽവി വഴങ്ങുന്ന ആറാമത്തെ പ്രധാന ടൂർണമെന്റാണിത്. ത്രിരാഷ്ട്ര പരമ്പര (2009, ശ്രീലങ്കയോട് രണ്ടു വിക്കറ്റിന് തോറ്റു), ഏഷ്യാ കപ്പ് (2012, പാക്കിസ്ഥാനോട് രണ്ടു റൺസിനു തോറ്റു), ഏഷ്യാ കപ്പ് (2016, ഇന്ത്യയോട് എട്ടു വിക്കറ്റിനു തോറ്റു), ത്രിരാഷ്ട്ര പരമ്പര (2018, ശ്രീലങ്കയോട് 79 റൺസിന് തോറ്റു), നിദാഹാസ് ട്രോഫി (2018, ഇന്ത്യയോട് നാലു വിക്കറ്റിനു തോറ്റു) എന്നിവയാണ് ബംഗ്ലദേശ് തോറ്റ പ്രധാന ഫൈനലുകൾ.

related stories