ദുബായ്∙ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയതു മുതൽ വാർത്തകളിലെ താരമാണ് രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരം മുതൽ ഏഷ്യാകപ്പിലും തന്റെ പ്രകടന മികവുകൊണ്ട് അമ്പരപ്പിക്കുകയാണ് താരം. ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലദേശിനെതിരെയും ഫീൽഡിങ്ങിൽ പുറത്തെടുത്ത പ്രകടനമാണ് ക്രിക്കറ്റ് വൃത്തങ്ങളിലെ ചർച്ചാവിഷയം.
ഓപ്പണിങ് വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തശേഷം ബംഗ്ലദേശ് തകർച്ചയിലേക്ക് നീങ്ങുമ്പോഴായിരുന്നു അതിന്റെ ആക്കം കൂട്ടി രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് പ്രകടനം. ബംഗ്ലാ ഇന്നിങ്സിലെ 27–ാം ഓവർ ബോൾ ചെയ്യുന്നത് യുസ്‌വേന്ദ്ര ചാഹൽ. ക്രീസിൽ ലിട്ടൺ ദാസും മുഹമ്മദ് മിഥുനും. ചാഹലിന്റെ ഓവറിലെ അവസാന പന്ത് ലിട്ടൺ ദാസ് എക്സ്ട്രാ കവറിലൂടെ ബൗണ്ടറി ലക്ഷ്യമാക്കി പായിച്ചു. ക്രീസ് വിട്ട് സിംഗിളിനിറങ്ങിയ മുഹമ്മദ് മിഥുന് പിഴച്ചു. പന്ത് ഡൈവ് ചെയ്ത് തടുത്തിട്ട രവീന്ദ്ര ജഡേജ, ചുരുങ്ങിയ സമയത്തിനുള്ളിൽ പന്ത് ധോണിക്കു നേരെ എറിയാനാഞ്ഞു.
ഇതിനിടെ ആശയക്കുഴപ്പം മൂലം രണ്ടു ബാറ്റ്സ്മാൻമാരും ബാറ്റിങ് ക്രീസിലെത്തിയിരുന്നു. ഇതോടെ ധോണി നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് പന്ത് നൽകാൻ ആംഗ്യം കാട്ടി. മിന്നൽ വേഗത്തിൽ ജഡേജ നൽകിയ പന്ത് പിടിച്ചെടുത്ത ചാഹൽ കുറ്റി തെറിപ്പിക്കുമ്പോൾ, മിഥുൻ ക്രീസിന് വെളിയിൽ. നാലു പന്തിൽ രണ്ടു റൺസുമായി മിഥുൻ പുറത്തേക്ക്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ജഡേജയുടെ ഫീൽഡിങ് പ്രകടനത്തിന് മികച്ച കയ്യടിയാണ് ആരാധകരിൽനിന്ന് ലഭിച്ചത്. ട്വിറ്ററിൽ ഇതിന്റെ വിഡിയോയും അതിവേഗം പ്രചരിച്ചു.