ദുബായ്∙ ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ നായകനാകാൻ അവസരം കിട്ടിയാൽ സന്തോഷത്തോടെ അതേറ്റെടുക്കുമെന്ന സൂചനയുമായി രോഹിത് ശർമ. ഏഷ്യാകപ്പിൽ ഇന്ത്യയെ ഏഴാം കിരീട വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ടീമിന്റെ നായകസ്ഥാനം സ്ഥിരമായി ഏറ്റെടുക്കാനും താൻ എപ്പോഴും തയാറാണെന്ന് രോഹിത് വ്യക്തമാക്കിയത്. സ്ഥിരം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിക്കപ്പെട്ട സാഹചര്യത്തിലാണ് ഇക്കുറി ഏഷ്യാ കപ്പിൽ രോഹിത് ശർമ ഇന്ത്യയെ നയിച്ചത്.
വിരാട് കോഹ്‍ലി ഇല്ലാത്തപ്പോൾ മാത്രം ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള രോഹിത് ശർമ, അങ്ങനെ കിട്ടിയ അവസരങ്ങളെല്ലാം ഏറ്റവും ഫലപ്രദമായാണ് വിനിയോഗിച്ചിട്ടുള്ളത്. കോഹ്‍ലിയുടെ അസാന്നിധ്യത്തിൽ ഇതു രണ്ടാം തവണയാണ് രോഹിത് ഇന്ത്യയെ ഒരു പ്രധാന ടൂർണമെന്റിൽ കിരീട വിജയത്തിലേക്ക് നയിക്കുന്നത്. ഈ വർഷം ആദ്യം ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫിയിലും രോഹിത് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചിരുന്നു. അന്നും ബംഗ്ലദേശിനെ തോൽപ്പിച്ചാണ് ശ്രീലങ്ക കൂടി ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ കിരീടം ചൂടിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ രോഹിത് ശർമ മൂന്നു സീസണുകളിൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.
ഏഷ്യാകപ്പിലെ കിരീടവിജയത്തിനു പിന്നാലെ, മുഴുവൻ സമയ നായകനാകാൻ തയാറാണോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് രോഹിത് മനസ്സു തുറന്നത്. ഭാവിയിൽ ടീമിന്റെ സ്ഥിരം നായകനാകാൻ തയാറാണോ എന്നതായിരുന്നു ചോദ്യം. രോഹിതിന്റെ മറുപടി ഇങ്ങനെ:
‘തീർച്ചയായും. ഇപ്പോൾത്തന്നെ ഞങ്ങൾ ഒരു കിരീടം നേടിയതേയുള്ളൂ. അതുകൊണ്ടു തന്നെ തീർച്ചയായും ടീമിന്റെ സ്ഥിരം നായകനാകാൻ ഞാൻ തയാറാണ്. അവസരം കിട്ടുമ്പോഴെല്ലാം ടീമിനെ നയിക്കാൻ ഞാനുണ്ടാകും’ – രോഹിത് പറഞ്ഞു.
പകരക്കാരൻ ക്യാപ്റ്റനെന്ന നിലയിൽ ടീമിനുള്ളിൽ പല വെല്ലുവിളികളും തനിക്കു മുന്നിലുണ്ടെന്ന് രോഹിത് ചൂണ്ടിക്കാട്ടി. സഹതാരങ്ങളെ ടീമിലെ അവരുടെ സ്ഥാനം നോക്കാതെ ഏറ്റവും ഫ്രീയായി കളിക്കാൻ അനുവദിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.
‘ടീമിലെ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കപ്പെടുന്ന സാഹചര്യത്തിൽ, ഒരു പ്രധാന ടൂർണമെന്റ് കളിക്കുകയെന്നത് ഏതു ടീമിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. വിശ്രമം അനുവദിക്കപ്പെട്ട താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ, പകരമെത്തിയവർ വഴിമാറി കൊടുക്കേണ്ടിവരും. എല്ലാ ടീമിലും ഇതു തന്നെയാണ് സ്ഥിതി. ഇത് കളിക്കാർക്കുമറിയാം – രോഹിത് പറഞ്ഞു.
അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലാക്കാനുള്ള ചുമതല കളിക്കാർക്കുള്ളതാണ്. എങ്കിലും സമ്മർദ്ദം കൂടാതെ കളിക്കാനുള്ള അവസരം അവർക്ക് ഒരുക്കിക്കൊടുക്കേണ്ടത് ക്യാപ്റ്റനെന്ന നിലയിൽ എന്റെയും പരിശീലകന്റേയും ഉത്തരവാദിത്തമാണ്. ഈ ടീമിന്റെ ഊർജസ്വലതയെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. ടീമെന്ന നിലയിൽ എങ്ങനെ മുന്നോട്ടുപോകണമെന്നും അറിയാം. ഈ ടൂർണമെന്റിൽ ഒരു ടീമെന്ന നിലയിൽ എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു എന്നാണ് എന്റെ വിശ്വാസം – രോഹിത് പറഞ്ഞു.
ടീമിലെ സ്ഥാനം ഏതു നിമിഷവും തെറിച്ചേക്കാമെന്ന ചിന്തയോടെ കളിക്കുന്ന താരങ്ങളിൽ സുരക്ഷിതത്വ ബോധം നിറയ്ക്കുകയാണ് ക്യാപ്റ്റന്റെ മുഖ്യ ധർമമെന്നും രോഹിത് അഭിപ്രായപ്പെട്ടു. അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക് തുടങ്ങിയ ഇന്ത്യൻ ടീമിലെ പതിവുകാരല്ലാവർക്ക് എല്ലാ മൽസരങ്ങളിലും അവസരം ഉറപ്പുവരുത്താൻ രോഹിത് ശ്രമിച്ചിരുന്നു.
ഞങ്ങൾ ഇവിടെ എത്തിയപ്പോൾ എല്ലാ കളികളിലും ഇവർക്ക് അവസരം നൽകുമെന്ന് ഉറപ്പാക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് നമ്മൾ നല്ല കളിക്കാരെ സൃഷ്ടിക്കുന്നത്. രണ്ടു മൽസരം കഴിഞ്ഞാൽ നമ്മൾ ടീമിനു പുറത്താണെന്നു തോന്നിയാൽ, അതു കളിക്കാരന്റെ പ്രകടനത്തെയും ബാധിക്കും – രോഹിത് ചൂണ്ടിക്കാട്ടി.
എല്ലാവർക്കും അവസരം നൽകാനും കൂടുതൽ മൽസരങ്ങളുടെ അനുഭവം നൽകാനുമായിരുന്നു എന്റെ ശ്രമം. ഓരോ കളിക്കാരുടെയും കഴിവുകൾ കണ്ടെത്താനുള്ള ഏറ്റവും മികച്ച വഴി അവസരം നൽകുക എന്നതുതന്നെയാണ്. ഒരു കളികൊണ്ടു മാത്രം കളിക്കാരെ വിലയിരുത്താനാകുമോ? – രോഹിത് ചോദിച്ചു.
അതേസമയം, ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ നാല്, ആറ് സ്ഥാനങ്ങളിലെ താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് രോഹിത് സമ്മതിച്ചു. ‘നാല്, ആറ് നമ്പരുകളിലെ താരങ്ങളുടെ കാര്യത്തിൽ ലോകകപ്പാകുമ്പോഴേക്കും അന്തിമ ചിത്രമാകും. നിലവിൽ ആ സ്ഥാനത്തേക്ക് സ്ഥിരം കളിക്കാരെ കണ്ടെത്താനായിട്ടില്ല. അടുത്ത ഒന്നു രണ്ടു ടൂർണമെന്റുകൾ കഴിയുമ്പോഴേയ്ക്കും താരങ്ങളെ കൃത്യമായി അളക്കാൻ സാധിക്കും – രോഹിത് പറഞ്ഞു.
ഏഷ്യാകപ്പിൽ കളിച്ച ടീം വളരെ ചെറുപ്പമായിരുന്നുവെന്നും രോഹിത് ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ കളിച്ചു പരിചയമുള്ള അധികം പേർ ടീമിലുണ്ടായിരുന്നില്ല. ഇവിടെ ചൂടേറിയ കാലാവസ്ഥയാണ്. ഇംഗ്ലണ്ടിൽനിന്ന് ഇവിടെയെത്തി ഈ സാഹചര്യവുമായി ഇഴുകിച്ചേരുകയെന്നത് എളുപ്പമായിരുന്നില്ല. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നതും പ്രധാനമാണല്ലോ – രോഹിത് പറഞ്ഞു.
സ്പിന്നർമാരുടെ സ്ഥിരതയാർന്ന പ്രകടനത്തെയും രോഹിത് പുകഴ്ത്തി. ഫൈനൽ പോരാട്ടത്തിൽ ആദ്യ 10–15 ഓവറുകളിൽ ബംഗ്ലദേശ് എങ്ങനെയാണ് കളിച്ചതെന്ന് നമ്മൾ കണ്ടു. അവിടെനിന്നാണ് സ്പിന്നർമാർ നമ്മളെ മൽസരത്തിലേക്കു തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി സ്പിന്നർമാരുടെ പ്രകടനത്തിലെ സ്ഥിരത എടുത്തു പറയേണ്ടതാണ് – രോഹിത് പറഞ്ഞു.