Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത്–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞ്; നാലാം ടെസ്റ്റിൽ രോഹിതിനു പകരം ഹാർദിക്

rohit-ritika

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ–റിഥിക ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. മുംബൈയിലാണ് കുഞ്ഞിന്റെ ജനനം. റിഥികയുടെ ബന്ധുവും നടൻ സുഹൈൽ ഖാന്റെ ഭാര്യയുമായ സീമാ ഖാനാണ് ഇൻസ്റ്റഗ്രമിലൂടെ കുഞ്ഞു ജനിച്ച വിവരം പരസ്യപ്പെടുത്തിയത്. 2015 ഡിസംബർ 13നാണ് നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ രോഹിത് റിഥികയെ വിവാഹം ചെയ്തത്.

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള രോഹിത്, കുഞ്ഞു ജനിച്ച വിവരമറിഞ്ഞ് മുംബൈയിലേക്കു മടങ്ങി. ഇതോടെ, ജനുവരി മൂന്നിന് സിഡ്നിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ രോഹിത് കളിക്കാനുള്ള സാധ്യത മങ്ങി. പരുക്കിൽനിന്ന് വിമുക്തനായി ടീമിനൊപ്പം ചേർന്നിട്ടുള്ള ഹാർദിക് പാണ്ഡ്യയാകും സിഡ്നി ടെസ്റ്റിൽ രോഹിത്തിനു പകരം കളിക്കുകയെന്നാണ് വിവരം.

മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിൽ ടീമിലേക്കു മടങ്ങിയെത്തിയ രോഹിത്, ഒന്നാം ഇന്നിങ്സിൽ പുറത്താകാതെ നേടിയ അർധസെഞ്ചുറി ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ഈ മൽസരം 137 റൺസിനു ജയിച്ച ഇന്ത്യ പരമ്പരയിൽ 2–1നു മുന്നിലാണ്.

related stories