മെൽബണ്‍∙ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഓസ്ട്രേലിയൻ നായകൻ ടിം പെയിനുമായുള്ള കൊമ്പുകോർക്കലാണ് പെർത്ത് ടെസ്റ്റിനെ ശ്രദ്ധേയമാക്കിയത്. എന്നാൽ കളി മെൽബണിലെത്തിയിട്ടും ഓസീസ് നായകന്റെ രീതികൾക്കു യാതൊരു മാറ്റവുമില്ല. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ടിംപെയ്ന്‍ ലക്ഷ്യമിട്ടത് ഇന്ത്യൻ താരം രോഹിത് ശർമയെയാണ്.
സ്ട്രൈക്കിൽ രോഹിത് നിൽക്കുമ്പോഴായിരുന്നു ബാറ്റിങ് ശ്രദ്ധ തിരിക്കാൻ പെയ്ൻ വെല്ലുവിളിയുമായെത്തിയത്. രോഹിതിനെ ലക്ഷ്യമിട്ട് ആരോൺ ഫിഞ്ചുമായാണ് പെയ്ൻ സംസാരിച്ചത്. മെൽബൺ ടെസ്റ്റിൽ രോഹിത് ശർമ സിക്സ് അടിച്ചാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ താൻ മുംബൈ ടീമിനൊപ്പം ചേരുമെന്നാണ് പെയ്ൻ പറഞ്ഞത്.
‘റോയൽസിനു വേണ്ടിയോ അതോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ ഞാൻ കളിക്കേണ്ടത്. പക്ഷേ രോഹിത് സിക്സ് അടിച്ചാൽ ഞാൻ മുംബൈയിലേക്കു പോകും’-ഇതായിരുന്നു ഫിഞ്ചിനോട് പെയ്ൻ പറഞ്ഞത്. ‘ഐപിഎല്ലിൽ എല്ലാ ടീമിനൊപ്പവും നീ കളിച്ചിട്ടുണ്ടല്ലേ’ ഫിഞ്ചിനോട് പെയ്ൻ ചോദിച്ചു. ഇതിന് ബാംഗ്ലൂർ ഒഴികെയെന്ന് ഫിഞ്ച് മറുപടി നൽകി. ബാംഗ്ലൂർ ഒഴികെയോ എന്ന് പെയ്ൻ തിരിച്ചു ചോദിച്ചു.
ഇരുവരുടെയും സംഭാഷണം സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണു വെല്ലുവിളി പുറത്തുവന്നത്. എന്നാൽ ടിം പെയിനിനോട് രോഹിത് പ്രതികരിക്കാൻ നിന്നില്ല. ആദ്യ ഇന്നിങ്സിൽ പുറത്താവാതെ രോഹിത് 63 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ തകർപ്പൻ പ്രകടനമാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്.