Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണിനെ തഴഞ്ഞത് വെറുതെയല്ല, കാരണം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്: പ്രസാദ്

Karun Nair ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയ മൽസരത്തിൽ കരുൺ നായർ.

മുംബൈ∙ വെസ്റ്റ് ഇൻഡീസിനെതിരായ െടസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിന്റെ കാരണം മധ്യനിര താരം കരുൺ നായരെ അറിയിച്ചിട്ടുണ്ടെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ഇംഗ്ലണ്ട് പര്യടനത്തിലും ടീമിലുണ്ടായിരുന്ന കരുണിനെ ഒരു മൽസരം പോലും കളിപ്പിക്കാതിരിക്കുകയും, പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്തത് കടുത്ത വിമർശനം വരുത്തി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രസാദിന്റെ രംഗപ്രവേശം.

‘വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെ തന്നെ കരുൺ നായരെ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം അദ്ദേഹത്തെ ഞാൻ വ്യക്തിപരമായി വിളിച്ച് അറിയിച്ചിട്ടുണ്ട്. ടീമിലേക്ക് മടങ്ങിയെത്താൻ എന്താണു ചെയ്യേണ്ടതെന്നും അദ്ദേഹത്തോടു വ്യക്തമാക്കിയിട്ടുണ്ട്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളിക്കാരോട് എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് കൃത്യമായ ധാരണയുണ്ട് – പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിൽ ഉണ്ടായിരുന്നിട്ടും ഒരു മൽസരത്തിൽ പോലും അവസരം നൽകാതെ വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിന്റെ കാരണം സിലക്ഷൻ കമ്മിറ്റി കരുണിനെ അറിയിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ജോഷി ആവശ്യപ്പെട്ടിരുന്നു. അഞ്ച് ടെസ്റ്റിലും ടീമിലുണ്ടായിട്ടും ഒരു മൽസരത്തിൽപ്പോലും അവസരം ലഭിക്കാതിരിക്കുന്നത് കരുണിനു മാത്രമാണെന്നും ജോഷി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ കരുണിനെ തഴഞ്ഞതിനെതിരെ മുൻ സിലക്ഷൻ കമ്മിറ്റി ചെയർമാൻ ദിലീപ് വെങ്സർക്കാരും ആരാധകരും രംഗത്തെത്തുകയും ചെയ്തു.

ടീമിൽ അവസരം നൽകാത്തതിന്റെ കാരണത്തെക്കുറിച്ച് ടീം മാനേജ്മെന്റോ സിലക്ഷൻ കമ്മിറ്റി അംഗങ്ങളോ തന്നോടു സംസാരിച്ചിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കരുൺ നായർ വ്യക്തമാക്കിയിരുന്നു. കരുണിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതിൽ ടീം മാനേജ്മെന്റിന് അതൃപ്തിയുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഇംഗ്ലണ്ടിൽ താരത്തിന് അവസരം നൽകാതിരുന്നതിന് ഇതാണ് കാരണമെന്നാണ് സൂചന.

അതേസമയം, ടീമംഗങ്ങളുമായുള്ള ആശയവിനിമയത്തിന് സിലക്ഷൻ കമ്മിറ്റി വലിയ പ്രാധാന്യമാണ് നൽകുന്നെതന്ന് പ്രസാദ് വ്യക്തമാക്കി. മോശം വാർത്ത ഒരു താരത്തെ അറിയിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. താരങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും അവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് ചൂണ്ടിക്കാട്ടാൻ വ്യക്തമായ കാരണമുണ്ടായേ തീരൂ – പ്രസാദ് പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിൽ കരുണിന് അവസരം നൽകാതിരുന്നതിനെ കുറിച്ച് തന്റെ സഹപ്രവർത്തകനായ ദേവാങ് ഗാന്ധി ഇംഗ്ലണ്ടിൽ വച്ച് കരുണുമായി സംസാരിച്ചിരുന്നെന്നും പ്രസാദ് വ്യക്തമാക്കി. തന്റെ അവസരത്തിനായി കാത്തിരിക്കാനും അദ്ദേഹത്തെ പ്രചോദിപ്പിക്കാനുമായിരുന്നു ഇതെന്നും പ്രസാദ് വിശദീകരിച്ചു. ഇന്ത്യൻ െടസ്റ്റ് ടീമിൽ കളിക്കാൻ സർവഥാ യോഗ്യനാണ് കരുണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

related stories