ഹൈദരാബാദ്∙ രണ്ടാം സെഞ്ചുറിയെന്ന മോഹം പാതിവഴിയിൽ അവസാനിച്ചെങ്കിലെന്ത്, ഹൈദരാബാദിലും ഇന്ത്യൻ ആരാധകരെ വിരുന്നൂട്ടിയാണ് കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന പതിനെട്ടുകാരൻ പൃഥ്വി ഷായുടെ മടക്കം. രാജ്കോട്ടിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറി ഉജ്വല സെഞ്ചുറിയിലൂടെ വരവറിയിച്ച ഷാ, ഹൈദരാബാദിൽ മിന്നൽ ബാറ്റിങ്ങിലൂടെയാണ് ആരാധകരുടെ മനം കവർന്നത്. സാങ്കേതികത്തികവാർന്ന ഷോട്ടുകൾ, മികച്ച ഫുട്‌വർക്ക്, പേസ് ബോളർമാർക്കെതിരെയും സ്പിന്നർമാർക്കെതിരെയും വ്യത്യസ്ത ടെക്നിക് എന്നിങ്ങനെ വിശേഷങ്ങളേറെയുള്ള ഇന്നിങ്സിനൊടുവിൽ 70 റൺസുമായാണ് ഷാ കൂടാരം കയറിയത്.
തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറിയിലേക്ക് കുതിച്ച ഷായെ ഒരു നിമിഷത്തെ അശ്രദ്ധയിൽ പുറത്താക്കിയത് ജോമൽ വറീകൻ. 53 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഷാ 70 റൺസെടുത്തത്. അങ്ങനെ രണ്ടാം മൽസരത്തിലെത്തി നിൽക്കുന്ന ഷായുടെ രാജ്യാന്തര കരിയർ ഇങ്ങനെ വായിക്കാം; 134, 70, ... !
അതിവേഗം അർധസെഞ്ചുറിയിൽ
ഈ നൂറ്റാണ്ടിൽ സ്വന്തം മണ്ണിൽ ഒരു ഇന്ത്യൻ പേസ് ബോളറുടെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം എന്ന ഖ്യാതിയോടെ ആറു വിക്കറ്റു വീഴ്ത്തിയ ഉമേഷ് യാദവിന്റെ മികവിൽ ഒന്നാം ഇന്നിങ്സിൽ 311 റൺസിന് വിൻഡീസിനെ പുറത്താക്കിയ ഇന്ത്യയ്ക്ക്, മിന്നും തുടക്കമാണ് ഷാ നൽകിയത്. ഇനിയും പൂർണ മികവിലേക്കുയരാത്ത ലോകേഷ് രാഹുലിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി തകർത്തടിച്ച ഷാ, അതിവേഗമാണ് ഇന്ത്യൻ സ്കോർബോർഡിൽ റൺസെത്തിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഷായ്ക്കൊപ്പം 61 റൺസ് കൂട്ടിച്ചേർത്ത് രാഹുൽ പുറത്താകുമ്പോൾ താരത്തിന്റെ വ്യക്തിഗത സ്കോർ നാലു റൺസ് മാത്രം. ഈ സമയം ഷായുടെ സ്കോർ 42ഉം!
രാഹുൽ പുറത്തായ ശേഷവും തകർത്തടിച്ചു മുന്നേറിയ യുവതാരം, ഒരു നിമിഷത്തെ അശ്രദ്ധയിലാണ് ജോമൽ വറീകന്റെ പന്തിൽ പുറത്തേക്കുള്ള വഴി കണ്ടത്. 19–ാം ഓവറിലെ നാലാം പന്ത് എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്താനുള്ള ഷായുടെ ശ്രമം ഹെറ്റ്മയറിന്റെ കൈകളിൽ അവസാനിക്കുമ്പോൾ, ഇന്ത്യൻ സ്കോർ നൂറിന് രണ്ടു റൺസ് മാത്രം അകലെയായിരുന്നു. എന്തായാലും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനത്തോടെയാണ് ഷാ പവലിയനിലേക്കു മടങ്ങിയത്.
റെക്കോർഡ് തൊട്ട അരങ്ങേറ്റം
അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡുമായാണ് വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ പൃഥ്വി ഷാ അരങ്ങേറിയത്. 99 പന്തിൽ 15 ബൗണ്ടറികളോടെയാണ് പൃഥ്വി ഷാ കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. 154 പന്തിൽ 19 ബൗണ്ടറികളോടെ 134 റൺസുമായി ദേവേന്ദ്ര ബിഷൂവിന് റിട്ടേൺ ക്യാച്ച് സമ്മാനിച്ചാണ് അന്ന് ഷാ പുറത്തായത്.
രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂർണമെന്റുകളിലും അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയ ഷാ, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവർത്തിച്ചാണ് വരവറിയിച്ചത്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനുശേഷം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയായി പൃഥ്വി ഷാ. 18 വർഷവും 329 ദിവസവുമായിരുന്നു കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോൾ ഷായുടെ പ്രായം. 17 വർഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ 1990ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ സെഞ്ചുറി നേടിയത്. ഷാ രണ്ടാം സ്ഥാനത്തെത്തിയതോടെ കപിൽ ദേവ് മൂന്നാമതായി. 20 വർഷവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് കപിൽ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്.
ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരവുമായി ഷാ. ബംഗ്ലദേശിന്റെ മുഹമ്മദ് അഷ്റഫുൾ (17 വർഷം 61 ദിവസം), സിംബാബ്‍വെ താരം ഹാമിൽട്ടൺ മസാകഡ്സ (17 വർഷം, 352 ദിവസം), പാക്കിസ്ഥാൻ താരം സലീം മാലിക് (18 വർഷം 323 ദിവസം) എന്നിവരാണ് ഇക്കാര്യത്തിൽ ഷായ്ക്കു മുന്നിലുള്ളത്. ഏറ്റവും വേഗത്തിൽ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും ഷായാണ്. ഇന്ത്യൻ താരം ശിഖർ ധവാൻ (85 പന്തിൽ), വെസ്റ്റ് ഇൻഡീസ് താരം ഡ്വെയിൻ സ്മിത്ത് (93 പന്തിൽ) എന്നിവർ മാത്രമാണ് ഷായ്ക്കു മുന്നിൽ.
തീഷ്ണ യുവത്വം
2013 ഡിസംബറിൽ മുബൈയിലെ ഹൈസ്കൂൾ ക്രിക്കറ്റ് മൽസരത്തിൽ 546 റൺസടിച്ച പതിനാലുകാരൻ പയ്യൻ മുബൈ അണ്ടർ 16 ടീം നായകനായി ഉദിച്ചുയരാൻ അധികം താമസെമെടുത്തില്ല. പ്രതിഭാ സ്പർശത്തിനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും അജിങ്ക്യ രഹാനെയുടെയും മാർഗനിർദേശങ്ങളും കൂടിയാകുമ്പോൾ ഷാ എന്ന ബാറ്റ്സ്മാന്റെ ഇപ്പോഴത്തെ രൂപമായി.
രഞ്ജി ട്രോഫിയിലെയും ദുലീപ് ട്രോഫിയിലെയും മികച്ച പ്രകടനത്തിന് 2018 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായകസ്ഥാനവും ഷായെ തേടിയെത്തി. കലാശക്കളിയിൽ ഓസ്ട്രിലിയയെ എട്ടു വിക്കറ്റിനു തകർത്ത് കിരീടവുമായി നാട്ടിലത്തിയതോടെ ഷാ സ്റ്റാറായി. ടൂർണമെന്റിലെ 6 കളിയിൽ 65.25 ശരാശരിയിൽ ഷാ സ്വന്തമാക്കിയത് 261 റൺസ്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യൻ നായകന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.
ഐപിഎൽ, ഇന്ത്യ
2018 ലോകകപ്പിനു പിന്നാല ഐപിഎൽ ടീം ഡൽഹി ഡെയർഡെവിൾസ് ഒരു കോടി 20 ലക്ഷം മുടക്കിയാണു ഷായെ സ്വന്തമാക്കിയത്. ഒൻപതു കളിയിൽ നേടിയ 245 റൺസോടെ ആദ്യ സീസൺ തന്നെ ഷാ അവിസ്മരണീയമാക്കി. ഐപിഎല്ലിൽ അർധ സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരത്തിനുള്ള റെക്കോർഡും ഷാ സ്വന്തം പേരിലാക്കി (18 വർഷം 169 ദിവസം).
13 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ ഏഴു സെഞ്ചുറിയുടെയും അഞ്ച് അർധ സെഞ്ചുറിയുടെയും അകമ്പടിയോടെ 1398 റൺസ് നേടിയ പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കുള്ള വാതിലും ഷായ്ക്കു മുന്നിൽ തുറന്നു. ദേശീയ ടീമിലേക്കുള്ള ചുവടുമാറ്റത്തിൽ ഷായ്ക്കു മുന്നിൽ ഇനി ഏതൊക്കെ റെക്കോർഡുകളാണു വഴിമാറുക എന്നു കാത്തിരുന്നു കാണാം!
പൃഥ്വി ഷായുടെ റെക്കോർഡുകൾ
∙ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറി നേടുന്ന 15–ാമത്തെ താരം
∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്നു 104–ാമത്തെ താരം
∙ ടെസ്റ്റ് ക്രിക്കറ്റ്് കളിക്കുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്ത്യൻ താരം
∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ
∙ രഞ്ജി ട്രോഫിയിലും ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റത്തിൽത്തന്നെ സെഞ്ചുറി നേടുന്ന അപൂർവതാരങ്ങളിലൊരാൾ