ഹൈദരാബാദ് ∙ എല്ലാം പെട്ടെന്നായിരുന്നു! വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനു 3 റൺസ് പിന്നിൽ ശനിയാഴ്ച കളി നിർത്തിയ ഇന്ത്യക്ക് ഒറ്റ ദിവസം കൊണ്ട് 10 വിക്കറ്റ് വിജയം. ഇന്നലെ വീണത് ഇന്ത്യയുടെ ആറും വിൻഡീസിന്റെ പത്തും ഉൾപ്പെടെ 16 വിക്കറ്റുകൾ! പേസർ ഉമേഷ് യാദവ് 2 ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോൾ വിൻഡീസ് ക്യാപ്റ്റൻ ജെയ്സൺ ഹോൾഡറുടെ 5 വിക്കറ്റ് നേട്ടം (56ന് 5 വിക്കറ്റ്) തോൽവിയുടെ ചാരത്തിൽ മൂടിപ്പോയി! 2 ടെസ്റ്റുകളുടെ പരമ്പര 2–0ന് തൂത്തുവാരിയ ഇന്ത്യയ്ക്ക് ഇനി ഡിസംബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് മൽസരങ്ങളുടെ നേർക്ക് ആത്മവിശ്വാസത്തോടെ നോക്കാം. ഉമേഷ് യാദവ് കളിയിലെ കേമനായപ്പോൾ കന്നി ടെസ്റ്റ് പരമ്പര കളിച്ച കൗമാരക്കാരൻ പൃഥ്വി ഷാ മാൻ ഓഫ് ദ് സീരിസ് പുരസ്കാരത്തിന് അർഹനായി.
സ്കോർ: വെസ്റ്റ് ഇൻഡീസ്: 311, 46.1 ഓവറിൽ 127ന് ഓൾഔട്ട്. ഇന്ത്യ: 367, 16.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 75.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദയാരഹിതമായ വിജയാധിപത്യത്തിനാണ് ഉപ്പൽ സ്റ്റേഡിയം സാക്ഷിയായത്. പഴയ പ്രതാപകാലത്തിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പോലും പറ്റാതെ നെടുവീർപ്പെടുന്ന വെസ്റ്റ് ഇൻഡീസായിരുന്നു ഇന്നലെ കളത്തിൽ. ഒന്നാം ഇന്നിങ്സിൽ കണ്ട ചെറുത്തുനിൽപ് ഇന്നലെയുണ്ടായില്ല. 2 ദിവസം മുൻപേ കളി തീരുമെന്ന് ഉച്ചവരെ ആരും പ്രതീക്ഷിച്ചതുമല്ല. പക്ഷേ, ഇന്ത്യൻ ബോളർമാർക്കു മുന്നിൽ വിൻഡീസ് താരങ്ങൾ ബാറ്റുവച്ചു കീഴടങ്ങി. 2 ടെസ്റ്റുകളിലെ 4 ഇന്നിങ്സുകളിൽ മൂന്നിലും വിൻഡീസിന് 200 റൺസിന് അപ്പുറം നേടാനായില്ല. രണ്ടാം ഇന്നിങ്സിൽ, വിജയലക്ഷ്യമായിരുന്ന 72 റൺസിലേക്ക് 16.1 ഓവറിൽ ഇന്ത്യ അനായാസമെത്തി; ഓപ്പണർമാരായ രാഹുലും പൃഥ്വി ഷായും 33 റൺസ് വീതം നേടി പുറത്താകാതെ നിന്നു.
ഇന്നലെ രാവിലെ മൂന്നിന് 308ൽ ഒന്നാം ഇന്നിങ്സ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് ഏറെ ദൂരം മൂന്നോട്ടു പോകാനായില്ല. സെഞ്ചുറി പ്രതീക്ഷയുമായി ക്രീസിൽ നിന്ന ഋഷഭ് പന്ത് തലേദിവസത്തെ സ്കോറിനൊപ്പം 7റൺസ് കൂടിയേ നേടിയുള്ളൂ; ഷാനൻ ഗബ്രിയേലിന്റെ പന്തിൽ പന്ത് (92) പുറത്ത്. 134 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 11 ബൗണ്ടറികളും 2 സിക്സറുകളും അടക്കമാണു 92 റൺസ് കുറിച്ചത്. രഹാനെയ്ക്കൊപ്പം നേടിയ 152 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചതോടെ പിന്നീടുള്ള വിക്കറ്റുകൾ പെട്ടെന്നു കൊഴിഞ്ഞു. 5 വിക്കറ്റ് നേടിയ ഹോൾഡർക്കൊപ്പം ഷാനോൻ ഗബ്രിയേലും ബോളിങ്ങിൽ തിളങ്ങി. പന്തിനെ പുറത്താക്കിയതു ഗബ്രിയേലായിരുന്നു. 56 റൺസ് ലീഡ് മാത്രം നേടി ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യ പക്ഷേ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് മുളയിലേ നുള്ളി. 46.1 ഓവറിൽ വിൻഡീസ് ഇന്നിങ്സ് 127ന് ഓൾഔട്ട്. ആദ്യ ഇന്നിങ്സിലേതുപോലെ രണ്ടാം ഇന്നിങ്സിലും ഉമേഷ് യാദവിനു ഹാട്രിക് നെല്ലിടയ്ക്കു നഷ്ടമായി.
സ്കോർബോർഡ്
വിൻഡീസ് ഒന്നാം ഇന്നിങ്സ്– 311 ഓൾഔട്ട്. രണ്ടാം ഇന്നിങ്സ്– ബ്രാത്‌വൈറ്റ് സി പന്ത് ബി യാദവ് –0, പവൽ സി രഹാനെ ബി അശ്വിൻ –0, ഹോപ് സി രഹാനെ ബി ജഡേജ– 28, ഹെറ്റ്മെയർ സി പൂജാര ബി കുൽദീപ് –17, ആംബ്രിസ് എൽബിഡബ്യൂ ജഡേജ–38, ചേസ് ബി ഉമേഷ് യാദവ് – 6, ഡൗറിച്ച് ബി ഉമേഷ് യാദവ് –0, ഹോൾഡർ സി പന്ത് ബി ജഡേജ –19, ബിഷു നോട്ടൗട്ട് –10, വാരികൻ ബി അശ്വിൻ –7, ഗബ്രിയേൽ ബി ഉമേഷ് യാദവ് – ഒന്ന്–1, എക്സ്ട്രാസ് – 1, ആകെ 46.1 ഓവറിൽ 127 ഓൾഔട്ട്.
വിക്കറ്റ് വീഴ്ച: 1–0, 2–6, 3–45, 4–45, 5–68, 6-70, 7-108, 8-109, 9-126, 10-127
ബോളിങ്: ഉമേഷ് യാദവ്: 12.1 –3 –45– 4, അശ്വിൻ: 10– 4 –24 –2, കുൽദീപ്: 13 –1 –45– 1, ജഡേജ: 11– 5– 12 –3
ഇന്ത്യ ഒന്നാം ഇന്നിങ്സ്
രാഹുൽ ബി ഹോൾഡർ –4, ഷാ സി ഹെറ്റ്മെയർ ബി വാരികൻ –70, പൂജാര സി സബ് ബി ഗബ്രിയേൽ –10, കോഹ്‌ലി എൽബിഡബ്യൂ ഹോൾഡർ –45, രഹാനെ സി ഹോപ് ബി ഹോൾഡർ – 80, പന്ത് സി ഹെറ്റ്മെയർ ബി ഗബ്രിയേൽ –92, ജഡേജ എൽബിഡബ്യൂ ഹോൾഡർ – 0, അശ്വിൻ ബി ഗബ്രിയേൽ –35, കുൽദീപ് ബി ഹോൾഡർ –6, ഉമേഷ് യാദവ് സി സബ് ബി വാരികൻ –2, ഠാക്കൂർ നോട്ടൗട്ട് –4, എക്സ്ട്രാസ് –19, ആകെ 367 ഓൾഔട്ട്. വിക്കറ്റ് വീഴ്ച: 1-61 , 2-98 , 3-102, 4-162, 5-314, 6-314, 7-322, 8-334, 9-339, 10-367 ബോളിങ്: ഗബ്രിയേൽ: 20.4 –1 –107– 3, ഹോൾഡർ: 23– 5– 56– 5, വാരികൻ: 31– 7– 84– 2, റോസ്റ്റൺ ചേസ്: 9–1 22– 0, ബിഷൂ: 21– 4 –78 –0, ബ്രാത്‌വൈറ്റ്: 2– 0 –6– 0
രണ്ടാം ഇന്നിങ്സ്: ഷാ നോട്ടൗട്ട് –33, രാഹുൽ നോട്ടൗട്ട് –33 എക്സ്ട്രാസ് –9, ആകെ 16.1 ഓവറിൽ വിക്കറ്റ് പോകാതെ 75.
ബോളിങ്: ഹോൾഡർ: 4– 0– 17– 0, വാരികൻ: 4 –0 –17 –0, ബിഷൂ: 4.1– 0– 19– 0, ചേസ്: 4– 0 –14 –0
രവി ശാസ്ത്രി, ഇന്ത്യൻ കോച്ച്
‘‘ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സമാൻമാരെയും (സച്ചിൻ, ബ്രയൻ ലാറ) ബാറ്റിങ്ങിനെ തന്നെ പുനർനിർവചിച്ച സേവാഗിനെയും പൃഥ്വി ഷായിൽ കാണാം. ഷാ ജനിച്ചതു തന്നെ ക്രിക്കറ്റ് കളിക്കാനാണ്. കഠിനാധ്വാനം തുടർന്നാൽ മുന്നിലുള്ളത് ശോഭനമായ ഭാവിയാണ്. ടീമിൽ ഇടം വേണമെന്ന് അവകാശപ്പെടാൻ ഇനി ഉമേഷ് യാദവിന് കഴിയും. ടീം സിലക്‌ഷൻ ഞങ്ങൾക്ക് തലവേദനയാകും !’’
11.87
വിൻഡീസ് ക്യാപ്റ്റൻ ജയ്സൻഹോൾഡറുടെ ഈ വർഷത്തെ ബോളിങ് ആവറേജ്. 100 വർഷത്തിനിടെയുള്ള ഒരു പേസ് ബോളറുടെ കലണ്ടർ വർഷത്തിലെ മികച്ച പ്രകടനം, (കലണ്ടർ വർഷത്തിൽ ചുരുങ്ങിയത് 30 വിക്കറ്റ് നേട്ടം). ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത് ഹോൾഡറുടെ കണിശതയാർന്ന ബോളിങ് പ്രകടനമായിരുന്നു (56 റൺസിന് 5 വിക്കറ്റ്). കോട്‌നി വാൽഷിനു ശേഷം ഒരു കലണ്ടർ വർഷത്തിൽ 4 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വിൻഡീസ് പേസ് ബോളറുമായി ഹോൾഡർ.