Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18–ാം വയസ്സിൽ ഞങ്ങളാരും പൃഥ്വിയുടെ 10 ശതമാനം പോലും ഉണ്ടായിരുന്നില്ല: കോഹ്‍ലി

kohli-prithvi-shaw കോഹ്‍ലിയും പൃഥ്വി ഷായും.

ഹൈദരാബാദ്∙ അരങ്ങേറ്റ ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും അരങ്ങേറ്റ പരമ്പരയിൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരവും നേടി വരവറിയിച്ച പതിനെട്ടുകാരൻ താരം പൃഥ്വി ഷായെ പ്രശംസകൊണ്ടു മൂടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. യാതൊരു കൂസലുമില്ലാതെ ബോളർമാരെ നേരിടുന്ന പൃഥ്വിയുടെ ആത്മവിശ്വാസം ഇന്ത്യൻ ടീമിനു മുതൽക്കൂട്ടാണെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് താരങ്ങളെന്ന നിലയിൽ പതിനെട്ടാം വയസ്സിൽ തങ്ങളാരും പൃഥ്വിയുടെ പത്തു ശതമാനം പോലും ഉണ്ടായിരുന്നില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും വിജയത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കോഹ്‍ലി ഷായെക്കുറിച്ച് മനസ്സു തുറന്നത്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 134 റൺസ് നേടിയ പൃഥ്വി ഷാ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ 70, പുറത്താകാതെ 33  എന്നിങ്ങനെ സ്കോർ ചെയ്ത ഷാ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി ഓപ്പണിങ് സ്ഥാനത്തേക്ക് അനുയോജ്യനായ കളിക്കാരനെ കണ്ടെത്താനുള്ള ടീം ഇന്ത്യയുടെ ശ്രമങ്ങൾക്കാണ് പൃഥ്വി ഷായിലൂടെ ഉത്തരം ലഭിക്കുന്നത്.

ലഭിച്ച അവസരം ഏറ്റവും സുന്ദരമായി മുതലെടുക്കാൻ പൃഥ്വി ഷായ്ക്കു സാധിച്ചെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. ഓരോ മൽസരത്തിലും നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള തുടക്കം സമ്മാനിക്കാൻ ശേഷിയുള്ള താരമാണ് ഷാ. പ്രത്യേകിച്ചും ഓരോ പരമ്പരയിലും തുടക്കം നിർണായകമാണ്. അതുകൊണ്ടുതന്നെ ആരെയും കൂസാത്ത പ്രകൃതം കൈമുതലായുള്ള ഇതുപോലൊരു താരം ടീമിലുള്ളത് എന്തുകൊണ്ടും നല്ലതാണ്. സ്വന്തം കഴിവിൽ പൃഥ്വിക്കുള്ള ആത്മവിശ്വാസവും എടുത്തുപറയേണ്ടതാണ്’ – കോഹ്‍ലി പറഞ്ഞു.

ഷാ ബാറ്റു ചെയ്യുമ്പോൾ ചില ബോളുകൾ വിട്ടുകളയുമെന്ന് നമുക്കു ശക്തമായ തോന്നലുണ്ടാകും. എങ്കിലും ഷാ കളിക്കാതെ വിടുന്ന പന്തുകളുടെ എണ്ണം തീരെ കുറവാണ്. ഇംഗ്ലണ്ടിൽ നെറ്റ്സിൽ പരിശീലിക്കുമ്പോഴും ഇക്കാര്യം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ആക്രമണാത്മക ശൈലിയാണ് പൃഥ്വിയുടേതെങ്കിലും കളിയിലുള്ള നിയന്ത്രണവും എടുത്തുപറയണം. പുതിയ പന്തു നേരിടുമ്പോൾ ഈ മികവ് വളരെ അപൂർവമായേ കണ്ടിട്ടുള്ളൂ. മികച്ച നിയന്ത്രണത്തോടെ ഇതുപോലെ തകർപ്പൻ ഷോട്ടുകൾ കളിക്കാൻ സാധിക്കുന്നത് തീർച്ചയായും നല്ല അടയാളമാണ് – കോഹ്‍ലി പറഞ്ഞു.

related stories