Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന പന്തിൽ ഹോപ്പിന്റെ ബൗണ്ടറി; ഇന്ത്യയെ ‘ടൈ’യിൽ കുരുക്കി വിൻഡീസ്

Dhawan വിശാഖപട്ടണം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനായി സെഞ്ചുറി നേടിയ ഷായ് ഹോപ്പും ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയും.

വിശാഖപട്ടണം ∙ ഇന്ത്യൻ പര്യടനത്തിൽ ആദ്യമായി പൊരുതാനുറപ്പിച്ചു ക്രീസിൽനിന്ന വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ സമനില സമ്മതിച്ചു! രണ്ടാം ഏകദിനം ടൈ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വിരാട് കോഹ്‌ലി പിന്നിട്ട റെക്കോർഡുകളുടെ തിളക്കം സമ്മാനിച്ചത് 50 ഓവറിൽ ആറിനു 321. പക്ഷേ,  പൊരുതിനിന്ന ഷായ് ഹോപിന്റെയും (123 നോട്ടൗട്ട്)  സെഞ്ചുറിക്ക് 6 റൺസരികെ പുറത്തായ ഷിമ്രോൻ ഹെറ്റ്‌മിയറിന്റെയും (64 പന്തിൽ 94) ബാറ്റിങ് മികവിൽ വിൻഡീസ് സ്കോർ ഒപ്പമെത്തിച്ചു. 600 റൺസിലധികം സ്കോർ ചെയ്തിട്ടും ആരും വിജയികളാവാത്ത മൽസരം. തോറ്റില്ലെങ്കിലും വിൻഡീസിനെ തോൽവിയോളം മുറിവേൽപ്പിക്കും ഈ കളി. ഒപ്പം, ഇന്ത്യയെയും. വിരാട് കോഹ്‌ലിയാണു മാൻ ഓഫ് ദ് മാച്ച്. 

പിരിമുറുക്കം നിറഞ്ഞതായിരുന്നു അവസാന ഓവറുകൾ. അവസാന 11 ഓവറിൽ വിൻഡീസിനു വേണ്ടിയിരുന്നത് 65 റൺസ്.  ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ അതു 14 റൺസ് ആയിരുന്നു. ആദ്യത്തേത് യോർക്കർ, ഷായ് ഹോപ് നേടിയത് ഒരു റൺ. നഴ്സ് ക്രീസിൽ. ഉമേഷിന്റെ റിവേഴ്സ് സ്വിങ് ചെയ്ത യോർക്കർ കൊണ്ടതു നഴ്സിന്റെ പാഡിൽ. പന്തു തേഡ് മാൻ ബൗണ്ടറിയിലേക്ക്, ഫോർ. അടുത്ത പന്ത് ലെഗ് സ്റ്റംപിനു നേർക്കൊരു യോർക്കർ. ഡീപ് മിഡ്‌വിക്കറ്റിലേക്കു പന്തു തട്ടിയ ഷാ ഓടിയെടുത്തതു 2 റൺസ്. പക്ഷേ, അടുത്ത പന്തിൽ നഴ്സ് ഔട്ടായപ്പോൾ ഇന്ത്യ ജയം മണത്തു. ഓവറിലെ അഞ്ചാം പന്ത് ഹോപിനു നേർക്ക്. താഴ്ന്നുവന്ന ഫുൾടോസ് പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്കു ഹോപ്  തട്ടി. 2 റൺസ്. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് 5 റൺസ്. ഉമേഷ് യാദവ് ഓഫ് സ്റ്റംപിനു വെളിയിലെറിഞ്ഞ പന്ത്, ഹോപ് ബൗണ്ടറിയിലേക്കു നീട്ടിയടിച്ചു. അപ്രതീക്ഷിത സമനില! 

kohli-dhoni ഏകദിനത്തിൽ 10,000 റൺസ് തികച്ചപ്പോൾ കോഹ്‌ലിയെ അഭിനന്ദിക്കുന്ന ധോണി

നേരത്തെ, നാലാം നമ്പർ സ്ഥാനത്ത് തിളങ്ങുമെന്നു വിരാട് കോഹ്‌ലി തന്നെ പ്രവചിച്ച അമ്പാട്ടി റായുഡുവിനൊപ്പമാണു കോഹ്‌ലി ഇന്ത്യൻ ഇന്നിങ്സിനെ രക്ഷപ്പെടുത്തിയത്. ഓപ്പണർമാരായ രോഹിത് നാലിനും ധവാൻ 29നും പുറത്തായപ്പോൾ തകർച്ചയുടെ ലക്ഷണങ്ങളിലായിരുന്നു ഇന്നിങ്സ്. ഒൻപതാം ഓവറിൽ രണ്ടിനു 40 എന്ന നിലയിൽ കോഹ്‌ലിയും റായുഡുവും ഒന്നിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും നേടിയത് 142 പന്തുകളിൽനിന്ന് 139 റൺസ്. 80 പന്തിൽ 70 റൺസുമായി റായുഡു നന്നായി തിളങ്ങി. വലിയ ആരവങ്ങളിലേക്കു ബാറ്റുമായെത്തിയ എംഎസ് ധോണി (20) ഇന്നലെയും നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരൻ മക്കോയ്ക്ക് ആദ്യ രാജ്യാന്തര വിക്കറ്റ് സമ്മാനിച്ചാണു ധോണി പോയത്. ഋഷഭ് പന്തിനും (13 പന്തിൽ 17) ശോഭിക്കാനായില്ലെങ്കിലും അപ്പോഴെല്ലാം അലഞ്ചലനായി ക്യാപ്റ്റൻ കോഹ്‌ലി ക്രീസിലുണ്ടായിരുന്നു. 

സ്കോർബോർഡ്

ഇന്ത്യ: രോഹിത് സി ഹെറ്റ്മിയർ ബി റോച്ച് –4, ധവാൻ എൽബിഡബ്ല്യു നഴ്സ് –29, കോഹ്‌ലി നോട്ടൗട്ട് – 157, റായുഡു ബി നഴ്സ് –73, ധോണി ബി മക്കോയ് –20, പന്ത് എൽബിഡബ്ല്യു സാമുവേൽസ് –17, ജ‍ഡേജ സി പവൽ ബി മക്കോയ് – 13, ഷമി നോട്ടൗട്ട് –0, എക്സ്ട്രാസ് – 8

ആകെ – 50 ഓവറിൽ ആറിന് 321.

വിക്കറ്റ് വീഴ്ച: 1-15, 2-40, 3-179, 4-222, 5-248, 6-307.

ബോളിങ്: ഹോൾഡർ: 6-0-50-0, റോച്ച്: 10-0-67-1, നഴ്സ്: 10-0-46-2, ബിഷു: 10-0-48-0, മക്കോയ്: 9-0-71-2, സാമവുൽസ്: 5-0-36-1.

വിൻഡീസ്: പവൽ സി പന്ത് ബി ഷമി –18, ചന്ദർപോൾ ഹേംരാജ് ബി കുൽദീപ് –32, ഷായ് ഹോപ് നോട്ടൗട്ട് –123, സാമുവൽസ് ബി കുൽദീപ് –13, ഹെറ്റ്മിയർ സി കോഹ്‌ലി ചാഹൽ –94, റോവ്മാൻ പവൽ സി രോഹിത് ബി കുൽദീപ് –18, ഹോൾഡർ റൺഔട്ട് (റായുഡു–ചാഹൽ) 12, നഴ്സ് സി റായുഡു ബി ഉമേഷ് – 5, കെമർ റോച്ച് നോട്ടൗട്ട് –0, എക്സ്ട്രാസ്–6, ആകെ – 50 ഓവറിൽ ഏഴിന് 321.

വിക്കറ്റ് വീഴ്ച: 1–36, 2–64, 3–78, 4–221, 5–253, 6–300, 7–315.

ബോളിങ്: ഷമി: 10-0-59-1, ഉമഷ് യാദവ്: 10-0-78-1, കുൽദീപ് യാദവ്: 10-0-67-3, രവീന്ദ്ര ജഡേജ: 10-0-49-0, ചാഹൽ: 10-0-63-1

related stories