Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കിന്ന് 950–ാം ഏകദിനം; 10,000ന് അരികെ കോഹ്‍ലി, 5000ന് അരികെ ധവാൻ

Dhawan-Kohli വിരാട് കോഹ്‍ലിയും ശിഖർ ധവാനും.

വിശാഖപട്ടണം∙ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനായി ഇന്ന് വിശാഖപട്ടണം വൈഎസ്ആർ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയില്ല. അതേസമയം, രാജ്യന്തര ക്രിക്കറ്റിലെ തിളക്കമാർന്ന നാഴികക്കല്ലുകൾക്കു തൊട്ടടുത്തുള്ള ഒരുപിടി താരങ്ങളുടെ ഇന്നത്തെ പ്രകടനം ഉറ്റുനോക്കുകയാണ് ആരാധകർ.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഓപ്പണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരാണ് റെക്കോർഡ് ബുക്കിൽ പേരെഴുച്ചേർക്കാൻ വെമ്പി ഇന്ന് കളത്തിലിറങ്ങുക. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇന്ത്യയ്ക്കും വിൻഡീസിനും മുൻപിൽ ഈ മൽസരം ഉയർത്തുന്ന പ്രധാനപ്പെട്ടൊരു വെല്ലുവിളിയുണ്ട്. ഇവിടെ നടന്ന ഏഴ് ഏകദിനങ്ങളിലും ടോസ് നഷ്ടമായ ടീമുകൾ ജയിച്ച ചരിത്രമില്ല!

ലോകത്ത് ഏറ്റവും കൂടുതൽ ഏകദിന മൽസരങ്ങൾ കളിച്ച ടീമായ ഇന്ത്യയുടെ 950–ാം മൽസരമാണ് വിശാഖപട്ടണത്തു നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 916 മൽസരങ്ങൾ കളിച്ച ഓസീസ് രണ്ടാമതും 899 മൽസരങ്ങൾ കളിച്ച പാക്കിസ്ഥാൻ മൂന്നാമതുമാണ്. അതേസമയം, ഏറ്റവും കൂടുതൽ മൽസരങ്ങൾ ജയിച്ച ടീം ഓസീസാണ്. 556 മൽസരങ്ങൾ. ഇന്ത്യ ഇതുവരെ 490 മൽസരങ്ങൾ ജയിച്ചിട്ടുണ്ട്.

∙ വിരാട് കോഹ്‍ലി

വിൻഡീസിനെതിരെയുള്ള ഇന്നത്തെ മൽസരത്തിൽ റെക്കോർഡ് കാത്തിരിക്കുന്ന പ്രമുഖൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയാണ്. 81 റൺസ് കൂടി നേടിയാൽ ഏറ്റവും കുറവ് ഇന്നിങ്ങ്സുകളിൽനിന്നു 10,000 റൺസ് തികച്ച താരത്തിനുള്ള റെക്കോർഡ് കോഹ്‍ലി സ്വന്തമാക്കും. 259 ഏകദിനത്തിൽനിന്ന് 10,000 റൺസ് തികച്ച സച്ചിൻ തെൻഡുൽക്കറുടെ പേരിലാണു നിലവിലുള്ള റെക്കോർഡ്.

കോഹ്‍ലി ഇതുവരെ ഇന്ത്യക്കു വേണ്ടി 204 ഇന്നിങ്സുകളാണ് കളിച്ചിരിക്കുന്നത്. അതായത് സച്ചിനേക്കാൾ 55 ഇന്നിങ്സുകൾ കുറവ്. ഈ നേട്ടം സ്വന്തമാക്കിയാൽ ലോകത്ത് ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് പതിനായിരം റൺസ് സ്വന്തമാക്കുന്ന ബാറ്റ്സ്മാൻ എന്ന ബഹുമതിയും കോഹ്‍ലി നേടും. ഇപ്പോൾ 212 ഏകദിനങ്ങളിൽ നിന്ന് 9919 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. ഇതിൽ 36 സെഞ്ചുറിയും 48 ഹാഫ് സെഞ്ചുറിയും. സൗരവ് ഗാംഗുലി 263 ഇന്നിങ്സിൽ നിന്നാണ് പതിനായിരം തികച്ചത്. ഓസ്ട്രേലിയയുടെ റിക്കിപോണ്ടിങ് 266 ഇന്നിങ്സിൽ നിന്നും.

ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കാനും കോഹ്‍ലിക്ക് 111 റൺസ് കൂടി മതി. നിലവിൽ 10 മൽസരങ്ങളിൽനിന്ന് 889 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. 22 മൽസരങ്ങളിൽനിന്ന് 1025 റൺസ് നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയാണ് ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ബെയർസ്റ്റോയെ മറികടക്കാനും കോഹ്‍ലിക്ക് അവസരമുണ്ട്. മുൻപ് അഞ്ചു കലണ്ടർ വർഷങ്ങളിൽ കോഹ്‍ലി 1000 റൺസ് പിന്നിട്ടുണ്ട്.

∙ ശിഖർ ധവാൻ

ആദ്യ മൽസരത്തിൽ ദയനീയമായി പരാജയപ്പെട്ട ഓപ്പണർ ശിഖർ ധവാനും തിളക്കമാർന്നൊരു റെക്കോർഡിന്റെ വാതിൽക്കലാണ്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമാകാൻ ധവാന് 173 റൺസ് കൂടി മതി. നിലവിൽ 111 മൽസരങ്ങളിലായി 110 ഇന്നിങ്സുകളിൽനിന്ന് 4827 റൺസാണ് ധവാന്റെ സമ്പാദ്യം. 46.41 റൺസ് ശരാശരിയിൽ 15 സെഞ്ചുറികളും 25 അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്.

അടുത്ത മൂന്ന് ഇന്നിങ്സിനുള്ളിൽ 173 റൺസ് കൂടി നേടിയാൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് പൂർത്തിയാക്കുന്ന ഇന്ത്യക്കാരൻ ധവാനാകും. 120 മൽസരങ്ങളിലായി 114 ഇന്നിങ്സുകളിൽനിന്ന് 5,000 കടന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. മാത്രമല്ല, കോഹ്‍ലിക്കൊപ്പമുള്ള വിവിയൻ റിച്ചാർഡ്സിനെയും മറികടന്ന് (126 മൽസരങ്ങളിലെ 114 ഇന്നിങ്സുകളിൽനിന്ന് 5,000 റൺസ്) ലോക ക്രിക്കറ്റിൽത്തന്നെ രണ്ടാം സ്ഥാനത്തെത്താനും ധവാന് അവസരമുണ്ട്. 104 മൽസരങ്ങളിലെ 101 ഇന്നിങ്സുകളിൽനിന്ന് 5,000 റൺസ് പിന്നിട്ട ദക്ഷിണാഫ്രിക്കൻ താരം ഹഷിം അംലയാണ് നിലവിൽ ഒന്നാമത്.

∙ രോഹിത് ശർമ

രോഹിത് ശർമയ്ക്കും ഇന്ന് റെക്കോർഡ് ബുക്കിൽ ഇടം പിടിക്കാൻ അവസരമുണ്ട്. ഏകദിനത്തിൽ 200 സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാകാൻ രോഹിതിന് ആറു സിക്സ് കൂടി മതി. മാത്രമല്ല, ഒരു സിക്സ് കൂടി നേടിയാൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ 195 സിക്സ് നേട്ടത്തിനൊപ്പമെത്താം. രണ്ടു സിക്സ് നേടിയാൽ സച്ചിനെ മറികടന്ന് ഒറ്റയ്ക്ക് രണ്ടാമതെത്താം.

217 സിക്സുകൾ നേടിയ മഹേന്ദ്രസിങ് ധോണിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യക്കാരൻ. ഗുവാഹത്തിയിൽ ഒറ്റ ഇന്നിങ്സിൽ എട്ടു സിക്സ് നേടിയ ചരിത്രം വച്ചുനോക്കിയാൽ സച്ചിൻ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങാനാണ് സാധ്യത.

related stories