Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം വഴിമാറി; സച്ചിനെ പിന്തള്ളി കോഹ്‍ലി അതിവേഗം 10,000 റൺസ് ക്ലബ്ബിൽ

PTI10_24_2018_000129A

വിശാഖപട്ടണം ∙ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന റെക്കോർഡുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും വേഗം 10,000 റൺസ് തികച്ച ബാറ്റ്സ്മാൻ ഇനി കോഹ്‌ലിയാണ്. 205 ഇന്നിങ്സുകളിൽനിന്നാണ് ഈ നേട്ടം. 17 വർഷം മുൻപ് ഓസ്ട്രേലിയയ്ക്കെതിരായ കളിക്കിടെ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ (259 ഇന്നിങ്സ്) സ്വന്തമാക്കിയ നേട്ടമാണു കോഹ്‌ലി തിരുത്തിയത്. 

ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന അ‍ഞ്ചാമത്തെ ഇന്ത്യൻ താരമാണ് കോഹ്‌ലി. രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ച 12 കളിക്കാരെ കോഹ്‌ലിക്കു മു‍ൻപിലുള്ളൂ. ഇന്നലെ 129 പന്തുകളിൽ 13 ബൗണ്ടറിയും നാലു സിക്സറും അടങ്ങുന്നതായിരുന്നു കോഹ്‌ലി നേടിയ 157* റൺസ് ഇന്നിങ്സ്. 

ആഷ്‌ലി നഴ്സ് എറിഞ്ഞ 37–ാം ഓവറിലാണു കോഹ്‌ലി ചരിത്രനേട്ടത്തിലെത്തിയത്. രണ്ടാം ഏകദിനം തുടങ്ങുമ്പോൾ 10,000 റൺസ് നേട്ടത്തിന് 81 റൺസ് അകലെയായിരുന്നു കോഹ്‌ലി. 44ൽ നിൽക്കെ കോഹ്‌ലിയുടെ ക്യാച്ച്  വിൻഡീസ് ക്യാപ്റ്റൻ ഹോൾഡർ വിട്ടുകളഞ്ഞു. വീണുകിട്ടിയ ‘ലൈഫ്’ ഇന്ത്യൻ ക്യാപ്റ്റൻ മുതലാക്കി. വിൻഡീസിനെതിരെ ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തിൽ 140 റൺസ് നേടി കരിയറിലെ 36–ാം സെഞ്ചുറി സ്വന്തമാക്കിയ കോഹ്‌ലി, ഇന്നലെ രണ്ടാം ഏകദിനത്തിൽ 37–ാം സെഞ്ചുറിക്കൊപ്പം 150 റൺസ് കൂടി പിന്നിട്ടു.

മർലോൺ സാമുവൽസിനെ കവർ ബൗണ്ടറിയിലേക്കു പറത്തിയാണു കോഹ്‌ലി സെഞ്ചുറി നേട്ടം ആഘോഷിച്ചത്. തന്റേതായ ശൈലിയിൽ കട്ടുകളും ഫ്ലിക്കുകളും ഡ്രൈവുകളും നിറച്ചാഘോഷിച്ച ഇന്നിങ്സ്. അരങ്ങേറ്റ മൽസരം കളിച്ച ഇടംകൈ സ്പിന്നർ ഒബെദ് മക്കോയിയെ സിക്സറിനു പറത്തിയാണ് കോഹ്‌ലി കലണ്ടർ വർഷത്തിലെ 1000 റൺസ് പിന്നിട്ടത്. വേണ്ടി വന്നത് വെറും 11 ഇന്നിങ്സുകൾ. കെമർ റോച്ചിനെ ഒരു സിക്സറിനും രണ്ടു ഫോറിനും പറപ്പിച്ച് കോഹ്‌ലി ഇന്ത്യയെയും 300 കടത്തി. 

സ്വന്തം മണ്ണിലെ ഏകദിനത്തിൽ അതിവേഗം 4000 റൺസ് നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡും ഇന്നലെ കടപുഴകി. സച്ചിൻ 92 ഇന്നിങ്സുകളിൽ സ്വന്തമാക്കിയതു തിരുത്താൻ കോഹ്‌ലിക്കു വേണ്ടിവന്നത് 78 ഇന്നിങ്സുകൾ. 

related stories