പുണെ∙ നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ദേശീയ ടീമിൽനിന്ന് സിലക്ടർമാർ മാറ്റിനിർത്തിയതിനു പിറ്റേന്ന്, വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ മിന്നും ക്യാച്ചുമായി ധോണിയുടെ ‘മഹേന്ദ്രജാലം’. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് മികച്ച നിലയിൽ മുന്നേറുമ്പോഴായിരുന്നു ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിൻഡീസ് ഓപ്പണർ ചന്ദർപോൾ ഹേംരാജിനെ പുറത്താക്കാൻ മാസ്മരിക ക്യാച്ചുമായി ധോണിയുടെ അവതാരം. ഇതോടെ വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലേക്കു പതിക്കുകയും ചെയ്തു.
ഇന്ത്യൻ ഇന്നിങ്സിലെ ആറാം ഓവറിലാണ് സംഭവം. ബോള്‍ ചെയ്യുന്നത് ജസ്പ്രീത് ബുമ്ര. തൊട്ടുമുൻപത്തെ ഓവറിൽ ബുമ്രയുടെ പന്തിൽ എൽബിഡബ്ല്യു അപ്പീൽ ഡിആർഎസ്സിലൂടെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തിൽ ചന്ദർപോൾ ഹേംരാജ് ക്രീസിൽ. നേരിട്ട ആദ്യ രണ്ടു പന്തുകളിൽ കാര്യമായ ആക്രമണത്തിനു മുതിരാതിരുന്ന ഹേംരാജ്, മൂന്നാം പന്ത് ബൗണ്ടറിയിലേക്കു പായിച്ചു. തൊട്ടടുത്ത പന്ത് ലോങ് ഓണിലൂടെ ഗാലറിയിൽ.
ഇതിനു പിന്നാലെയാണ് ധോണിയുടെ ‘ക്ലാസ്’ വെളിവാക്കിയ ക്യാച്ച് എത്തുന്നത്. ബുമ്രയുടെ അഞ്ചാം പന്തും ഗാലറിയിലെത്തിക്കാനുള്ള ഹേംരാജിന്റെ ശ്രമം പിഴച്ചു. ബാക്‌വാർഡ് സ്ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് ഉയർന്നുപൊങ്ങി. പന്തിന്റെ ഗതി നോക്കി കുതിച്ചെത്തിയ ധോണി അവസാന നിമിഷത്തെ ഡൈവിങ്ങിലൂടെ പന്ത് കയ്യിലൊതുക്കുന്നത് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ കാണികൾ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്. ഇരുപതുകാരെപ്പോലും അതിശയിക്കുന്ന മെയ്‌വഴക്കത്തോടെ ധോണി പന്തു കയ്യിലൊതുക്കുമ്പോൾ, തന്നെ ടീമിൽനിന്നു പുറത്താക്കിയവർക്കുള്ള മറുപടിയായി അതിനെ വ്യാഖ്യാനിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ ധോണി ആരാധകർ.