ന്യൂഡൽഹി∙ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്ടമെന്ന് വ്യക്തമാക്കിയ ആരാധകനോട്, അങ്ങനെയെങ്കിൽ നിങ്ങൾ രാജ്യം വിടണമെന്ന് പ്രതികരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി വിവാദക്കുരുക്കിൽ. ഇന്ത്യൻ ദേശീയ ടീമിനെ പിന്തുണയ്ക്കാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ലെന്ന തരത്തിൽ കോഹ്‍ലി നടത്തിയ പരാമർശം ഉൾപ്പെടുന്ന വിഡിയോയും പുറത്തായി. ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണ്, രാജ്യം വിടാനുള്ള കോഹ്‍ലിയുടെ ഉപദേശം.ൃ
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് അവധിയെടുത്ത് വിശ്രമിക്കുന്ന കോഹ്‍ലി, തന്റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. കോഹ്‍ലിയുടെ 30–ാം ജൻമദിനത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ‘വിരാട് കോഹ്‍ലി മൊബൈൽ ആപ്’ പുറത്തിറക്കിയത്.
വിഡിയോയിൽ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഭാഗത്താണ് കോഹ്‍ലി, വിദേശകളിക്കാരെ ഇഷ്ടപ്പെടുന്നവർ രാജ്യം വിടണമെന്ന പരാമർശം നടത്തിയത്. ‘ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങളെ സ്നേഹിക്കുന്നവർ ഈ രാജ്യത്തു തുടരരുത്. മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നവർ അവരുടെ മുൻഗണനകൾ നിശ്ചയിക്കട്ടെ’ എന്നും കോഹ്‍ലി പ്രതികരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
ആപ്പിൽ ആരാധകൻ കുറിച്ചിട്ട വാക്കുകൾ ഉച്ചത്തിൽ വായിച്ചശേഷമാണ് കോഹ്‍ലി തന്റെ നിലപാട് വ്യക്തമാക്കുന്നത്. ആരാധകൻ കുറിച്ച വാക്കുകൾ ഇങ്ങനെ:
‘അമിത പ്രചാരം ലഭിച്ച ബാറ്റ്സ്മാനാണ് അയാൾ (കോഹ്‍ലി). വ്യക്തിപരമായി അദ്ദേഹത്തിന്റെ ബാറ്റിങ്ങിൽ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയിട്ടില്ല. ഇത്തരം ഇന്ത്യൻ താരങ്ങളേക്കാൾ ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളുടെ കളി കാണാനാണ് എനിക്കിഷ്ടം.’
കോഹ്‍ലിയുടെ മറുപടി ഇങ്ങനെ:
‘ഓകെ. അങ്ങനെയെങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ട ആളാണെന്ന് എനിക്കു തോന്നുന്നില്ല. മറ്റെവിടെയെങ്കിലു പോയി ജീവിച്ചുകൂടെ? ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് വിദേശ ടീമുകളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? എന്നെ നിങ്ങൾക്ക് ഇഷ്ടമല്ല എന്നത് വിഷയമല്ല. പക്ഷേ, ഇവിടെ ജീവിച്ചിട്ട് മറ്റു രാജ്യക്കാരെ സ്നേഹിക്കുന്നത് ശരിയല്ല. നിങ്ങളുടെ മുൻഗണനകൾ ആദ്യം ശരിയാക്കൂ’.
എന്നാൽ, കോഹ്‍ലിയുടെ ഈ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. ‘പാക്കിസ്ഥാനിലേക്കൂ പോകൂ’ എന്നതിന്റെ മറ്റൊരു രൂപമാണ് ഇതെന്നായിരുന്നു ചില ആരാധകരുടെ കണ്ടെത്തൽ. ടെന്നിസിൽ ഇന്ത്യക്കാരായ യൂകി ഭാംബ്രി, സാകേത് എന്നിവരേക്കാൾ സ്വിറ്റ്സർലൻഡുകാരനായ റോജർ ഫെഡററെ ആരാധിക്കുന്ന കോഹ്‍ലിയും രാജ്യം വിടണമെന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.
വേറൊരു ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട മറുപടി ഇങ്ങനെ:
‘നിങ്ങൾക്ക് ഡൽഹി സ്വദേശിയായ ഒരാളെ ഡൽഹിയിൽനിന്ന് മാറ്റാനാകും. എന്നാൽ, ഡൽഹി സ്വദേശിയിൽനിന്ന് ഡൽഹി എടുത്തു മാറ്റാനാകില്ല.’
‘ഞാനിതാ എന്റെ മുൻഗണന നിശ്ചയിക്കുന്നു. ക്രിക്കറ്റ് വെറുക്കുന്നതിനാൽ ഞാൻ അമേരിക്കയിലേക്കു പോകുന്നു’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.