‘തോറ്റു മടുത്ത്’ ഓസീസ് (അതെ, ഓസ്ട്രേലിയ തന്നെ!); 2018ൽ ജയിച്ചത് ഒറ്റ ഏകദിനം!

ദക്ഷിണാഫ്രിക്ക–ഓസ്ട്രേലിയ മൽസരത്തിൽനിന്ന്.

അഡ്‌ലെയ്ഡ്∙ ഏകദിനത്തിൽ തുടർച്ചയായി ഏഴു തോൽവികൾ. കിരീടമില്ലാതെ തുടർച്ചയായി അഞ്ചു പരമ്പരകൾ. ആറാമത്തെ പരമ്പരയിലും തുടക്കം തോൽവിയോടെ. സമാനതകൾ അധികമില്ലാത്ത ഈ തോൽവി പരമ്പരയുടെ ഇങ്ങേയറ്റത്ത് നാണം കെട്ടു നിൽക്കുന്ന ടീമിന്റെ പേരു കേട്ടാൽ നിങ്ങൾ ഞെട്ടും. സമീപകാലം വരെ ക്രിക്കറ്റ് ലോകത്തെ അടക്കി ഭരിച്ചിരുന്ന ഓസ്ട്രേലിയയാണ് തോൽവിഭാരം മൂലം തല ഉയർത്താനാകാതെ ഉഴറി നിൽക്കുന്നത്. 1996ൽ തുടർച്ചയായി ആറു മൽസരങ്ങൾ തോറ്റിട്ടുണ്ടെങ്കിലും ഏഴു തോൽവികൾ ഇതാദ്യം!

വെള്ളിയാഴ്ച അഡ്‌ലെയ്ഡിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോൾ ഓസീസിനു മുന്നിൽ ലക്ഷ്യം ഒന്നേയുള്ളൂ. എട്ടാം മൽസരത്തിൽ എങ്കിലും വിജയവഴി കണ്ടെത്തണം! ഏകദിന ലോകകപ്പ് ഏതാനും മാസങ്ങൾ മാത്രം അകലെ നിൽക്കുമ്പോൾ വിജയവഴിയിലേക്ക് തിരിച്ചെത്താൻ ഓസീസിന് സാധിക്കുമോ? ആരാധകർ ആകാംക്ഷയിലാണ്. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറു തുടർ തോൽവികൾക്ക് അറുതി വരുത്താനും അവർക്കു വേണം, ഒരു വിജയം.

∙ ഈ വർഷം ഒരേയൊരു ജയം!

2018ൽ ഒരേയൊരു ഏകദിനത്തിൽ മാത്രം ജയിച്ച ടീമുകളിൽ ഒന്നാണ് ഓസ്ട്രേലിയ എന്ന് വിശ്വസിക്കാനാകുമോ? ഉത്തരം എന്തായാലും അതാണു സത്യം. ഈ വർഷം ആകെ കളിച്ച 11 മൽസരങ്ങളിൽനിന്നാണ് ഓസീസ് ഒരേയൊരു ജയം നേടിയത്. തോറ്റത് 10 മൽസരങ്ങളാണ്. മുൻപും മൂന്നു തവണ ഒരു കലണ്ടർ വർഷത്തിൽ ഒറ്റ ജയത്തിൽ ഒതുങ്ങിയിട്ടുണ്ടെങ്കിലും അന്നൊന്നും മൂന്നു മൽസരത്തിൽ കൂടുതൽ അവർ കളിച്ചിട്ടില്ല. ഇക്കുറി പക്ഷേ അതല്ല അവസ്ഥ. 11 മൽസരങ്ങൾ കളിച്ചാണ് ഒരു ജയം കുറിച്ചത്.

ഈ കലണ്ടർ വർഷത്തിലേ‍ ഒരേയൊരു വിജയം മാത്രം നേടിയ മറ്റു ടീമുകൾ ഏതൊക്കെയാണെന്നു കേൾക്കുമ്പോഴാണ് ഓസീസ് ക്രിക്കറ്റ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂടുതൽ വ്യക്തമാകുക. പട്ടിക നോക്കുക:

1. ഹോങ്കോങ് (ഒരു ജയം, അഞ്ചു തോൽവി)

2. നേപ്പാൾ (ഒരു ജയം, മൂന്നു തോൽവി)

3. ഹോളണ്ട് (ഒരു ജയം, ഒരു തോൽവി)

4. പാപ്പുവ ന്യൂഗിനി (ഒരു ജയം, മൂന്നു തോൽവി)

5. ഓസ്ട്രേലിയ (ഒരു ജയം, 10 തോൽവി)

ഈ വർഷം ഒരേയൊരു വിജയവുമായി ഓസീസിനൊപ്പമുള്ള കുഞ്ഞൻ ടീമുകളിൽ ഏറ്റവും കൂടുതൽ മൽസരം കളിച്ചത് ഹോങ്കോങ്ങാണ്. ആറു മൽസരം. എന്നാൽ, ആകെ 11 മൽസരം കളിച്ചാണ് ഓസീസ് ഒരേയൊരു വിജയവുമായി ഇവർക്കൊപ്പം നിൽക്കുന്നത്. തുടർച്ചയായി 21 ഏകദിനങ്ങൾ ജയിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ ടീമാണ്, ഏതാനും വർഷങ്ങൾക്കിപ്പുറം ഇത്തരമൊരു തകർച്ചയെ നേരിടുന്നതെന്നതും ശ്രദ്ധേയം.

കഴിഞ്ഞ 12 മാസത്തെ കണക്കാണ് ഇതെങ്കിൽ കൂടുതൽ ദയനീയമാണ് കഴിഞ്ഞ 20 മാസത്തെ ഓസീസിന്റെ പ്രകടനം. ഈ കാലയളവിൽ കളിച്ച 21 മൽസരങ്ങളിൽ അവർ ആകെ ജയിച്ചത് രണ്ടു മൽസരങ്ങൾ മാത്രം! 17 എണ്ണത്തിലും തോൽവി രുചിച്ചപ്പോൾ രണ്ടെണ്ണം ഫലമില്ലാതെ പോയി (ഭാഗ്യം!). ഓസീസിനെ നയിക്കുന്ന ആരോൺ ഫിഞ്ചിന്റെ കാര്യവും കഷ്ടമാണ്. ഫിഞ്ച് ഓസീസിനെ നയിച്ച 22 ഏകദിനങ്ങളിൽ ആകെ ജയിക്കാനായത് എട്ടു മൽസരങ്ങളിൽ മാത്രം. 13 മൽസരങ്ങളിൽ ഫിഞ്ചിന്റെ ഓസ്ട്രേലിയ തോറ്റു. 

ഏറ്റവും ഒടുവിൽ ഓസീസ് ഒരു ഏകദിന മൽസരം ജയിച്ചത് ഈ വർഷം ആദ്യമാണ്. ഓസ്ട്രേലിയയിലെത്തിയ ഇംഗ്ലണ്ടിനോട് നാലാം ഏകദിനത്തിൽ നേടിയ ഈ വിജയത്തിനുശേഷം തോൽവി മാത്രം സമ്മാനിച്ച കടന്നുപോയത് ഏഴ് ഏകദിനങ്ങൾ! അവസാനം വിജയിച്ച ആ പരമ്പര പോലും 4–1ന് ഇംഗ്ലണ്ടിനു മുന്നിൽ അടിയറവു വയ്ക്കുകയും ചെയ്തു.

∙ ഏകദിന പരമ്പര നേടിയിട്ട് 22 മാസം!

ഓസ്ട്രേലിയ അവസാനമായി ഒരു ഏകദിന പരമ്പര ജയിച്ചിട്ട് ഒന്നര വർഷം പിന്നിട്ടു കഴിഞ്ഞു. 2017 ജനുവരിയിൽ ഓസ്ട്രേലിയയിൽ പര്യടനത്തിനെത്തിയ പാക്കിസ്ഥാനെതിരെയാണ് അവർ ഒടുവിൽ ഒരു പരമ്പര സ്വന്തമാക്കിയത്. അന്ന് 4–1നു പരമ്പര നേടിയ ശേഷം ഓസീസ് തുടർച്ചയായി കൈവിട്ടത്. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ തുടർച്ചയായി അഞ്ചു പരമ്പരകൾ ഇതിനുശേഷം ഓസീസ് കൈവിട്ടു.

ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിലായിരുന്നു ആദ്യ പരമ്പര നഷ്ടം. മൂന്നു മൽസരങ്ങൾ ഉൾപ്പെട്ട പരമ്പര ന്യൂസീലൻഡ് 3–0ന് തൂത്തുവാരി. പിന്നാലെ നടന്ന ചാംപ്യൻസ് ട്രോഫിയിൽ ആദ്യ രണ്ടു മൽസരങ്ങൾ മഴകൊണ്ടുപോയി. ആകെ കളിച്ച മൂന്നാം മൽസരം തോൽക്കുകയും ചെയ്തു. ഫലം, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്ത്.

അടുത്തത് ഓസീസിന്റെ ഇന്ത്യൻ പര്യടനമായിരുന്നു. അഞ്ചു മൽസരങ്ങൾ ഉൾപ്പെട്ട പരമ്പര 4–1ന് തോറ്റു. ഏക ജയം ബെംഗളൂരുവിൽ നടന്ന നാലാം ഏകദിനത്തിൽ. അതും 31 റണ്‍സിന്. അടുത്ത പരമ്പര ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ. അഞ്ചു മൽസരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ നാലാം മൽസരം മാത്രം ജയിച്ച് ഇക്കുറിയും പരമ്പര 4–1ന് കൈവിട്ടു. പിന്നീട് ഇംഗ്ലണ്ടിൽ ചെന്നപ്പോൾ കൂടുതൽ ദയനീയമായി അവസ്ഥ. അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ കളികളും തോറ്റു.

ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൽസരവും തോറ്റത്. ആദ്യം ബാറ്റു ചെയ്ത ഓസീസ് 152 റൺസിന് എല്ലാവരും പുറത്തായപ്പോൾ, 20 ഓവറിൽ അധികം ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. വെള്ളിയാഴ്ച രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോൾ വിജയം മാത്രമേ ഓസീസിനു മുന്നിലുള്ളൂ. ഏകദിനത്തിൽ ഏറ്റവും ഒടുവിൽ വിജയം നേടിയ ഇതേ മൈതാനത്ത് വിജയവഴിയിൽ തിരിച്ചെത്താമെന്ന് അവർ സ്വപ്നം കാണുന്നു.

∙ അവസാനത്തെ 7 ഏകദിനങ്ങളിൽ ഓസീസിന്റെ പ്രകടനം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മൽസരം: 12 റൺസിനു തോറ്റു

∙ അടുത്തത് ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനം

ഒന്നാം ഏകദിനം – മൂന്നു വിക്കറ്റിനു തോറ്റു

രണ്ടാം ഏകദിനം – 38 റൺസിനു തോറ്റു

മൂന്നാം ഏകദിനം – 242 റൺസിനു തോറ്റു

നാലാം ഏകദിനം – ആറു വിക്കറ്റിനു തോറ്റു

അഞ്ചാം ഏകദിനം – ഒരു വിക്കറ്റിനു തോറ്റു

∙ ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയൻ പര്യടനം

ഒന്നാം ഏകദിനം – ആറു വിക്കറ്റിനു തോറ്റു