Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രിയോളം എന്നോട് ‘നോ’ പറഞ്ഞ മറ്റൊരാളില്ല: തുറന്നടിച്ച് കോഹ്‍ലി

Ravi Shastri speaks to Virat Kohli

മുംബൈ∙ ‘രവി ശാസ്ത്രി എല്ലാറ്റിനും ‘യെസ്’ പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞാൻ എന്നും കേട്ടിട്ടുണ്ട്. അതിനനുസരിച്ച് മാറിയിട്ടുമുണ്ട്’ – പറയുന്നത് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്‍ലി. ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് കോഹ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്.

‘കോഹ്‍ലി പറയുന്ന എല്ലാം ശരിവയ്ക്കുന്ന പരിശീലകനാണോ രവി ശാസ്ത്രി’ എന്നതായിരുന്നു ചോദ്യം. താൻ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ ചോദ്യമാണ് ഇതെന്നായിരുന്നു കോഹ്‍ലിയുടെ പ്രതികരണം.

‘എപ്പോഴും എല്ലാറ്റിനോടും ‘യെസ്’ പറയുന്ന ഒരാളോ? ഇതാണ് ഞാൻ ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ കാര്യം’ – കോഹ്‍ലി പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിൽ എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളുണ്ടോ എന്നു സംശയമാണ്. സത്യസന്ധമായി പറഞ്ഞാൽ, എന്തു കാര്യത്തെക്കുറിച്ചും വസ്തുനിഷ്ഠമായ അഭിപ്രായം ചോദിക്കാൻ എനിക്കു സ്വാതന്ത്രമുള്ള വ്യക്തിയാണ് അദ്ദേഹം. ചോദിക്കുന്ന ഒരു കാര്യം ആവശ്യമുള്ളതല്ലെങ്കിൽ, വേണ്ട എന്നുതന്നെ അദ്ദേഹം വ്യക്തമായി പറയാറുണ്ട്. എന്റെ കളിയിൽ ഞാൻ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതും മറ്റാരേക്കാളും ശാസ്ത്രിയെന്ന പരിശീലകൻ പറയുന്നതു കേട്ടിട്ടാണ്’ – കോഹ്‍ലി പറഞ്ഞു.

‘ഇന്ത്യൻ ടീമിനുള്ളിൽ സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പുറത്തു പ്രചരിക്കുന്നതു പലതുമായിരിക്കും. എങ്കിലും ‘അതല്ല, ഇതാണ് ഇന്ത്യൻ ടീമിനുള്ളിൽ സംഭവിക്കുന്നത്’ എന്ന് ബാനർ കെട്ടി പ്രഘോഷിക്കാനൊന്നും ഞങ്ങൾക്കു താൽപര്യമില്ല. ഞങ്ങളുടെ ഹൃദയം ശുദ്ധവും ഉദ്ദേശം വ്യക്തവുമായിരിക്കുന്നിടത്തോളം കാലം ഇതേ രീതിയിൽ മുന്നോട്ടുപോകാനാണ് താൽപര്യം’ – കോഹ്‍ലി പറഞ്ഞു.

ഇന്ത്യൻ ടീമിനുള്ളിൽ കോഹ്‍ലി കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും ശാസ്ത്രി ‘യെസ്’ മൂളുകയാണെന്ന പ്രചാരണം ശക്തമാകവെയാണ്, തന്നോട് ഇത്രത്തോളം ‘നോ’ പറഞ്ഞ മറ്റൊരാൾ ടീമിലില്ലെന്ന കോഹ്‍ലിയുടെ വെളിപ്പെടുത്തൽ. കോഹ്‍‍ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് മുൻ പരിശീലകൻ അനിൽ കുംബ്ലെയെ മാറ്റിയാണ് ബിസിസിഐ രവി ശാസ്ത്രിയെ പരിശീലകനാക്കിയത്. അതിനുശേഷം ശാസ്ത്രിയും കോഹ്‍ലിയും തമ്മിൽ വളരെ ഐക്യത്തിലാണ് പ്രവർത്തനം. ഇത്, കോഹ്‍ലി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ശാസ്ത്രി ശരിവയ്ക്കുന്നതുകൊണ്ടാണ് എന്ന അഭ്യൂഹം ശക്തമാണ്.

ഇന്ത്യൻ ടീമിൽ ശാസ്ത്രി വരുത്തിയ മാറ്റമെന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോഹ്‍ലിയുടെ മറുപടി ഇങ്ങനെ:

‘ഈ ടീമിൽ ശാസ്ത്രി വരുത്തിയ ഏറ്റവും വലിയ മാറ്റം താരങ്ങൾ ആത്മവിശ്വാസം പകരുക എന്നതാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനുള്ള പ്രതിഭ നിങ്ങൾക്കുണ്ടെന്ന് ഓരോ താരത്തെയും അദ്ദേഹം ഓർമപ്പെടുത്തുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഞാനുൾപ്പെടെയുള്ളവർ ഫോം കണ്ടെത്താനാകാതെ ഉഴറിയപ്പോൾ തിരിച്ചുവരാനുള്ള ആത്മവിശ്വസാം നൽകിയത് ശാസ്ത്രിയാണ്. 2015ലെ ഏകദിന ലോകകപ്പിൽ പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയ ധവാൻ ഉൾപ്പെടെയുള്ളവരെ ഇപ്പോഴത്തെ നിലയിലേക്ക് രൂപപ്പെടുത്തിയെടുത്തതും അദ്ദേഹമാണ്. ഓരോ കളിക്കാരനിൽനിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാര്യത്തിൽ ശാസ്ത്രിയെ കഴിഞ്ഞേ ആരുമുള്ളൂ’ – കോഹ്‍ലി പറഞ്ഞു.

‘ഞങ്ങളൊക്കെ കളിക്കുന്ന തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം താരങ്ങളെ കൈകാര്യം ചെയ്യൽ തന്നെയാണ്. ഇപ്പോഴും പലരുടെയും വിചാരം ഞങ്ങളെയൊക്കെ ബാറ്റു പിടിക്കാനും ക്രീസിൽ നിൽക്കുമ്പോൾ തല എവിടേക്കു പിടിക്കണമെന്നുമൊക്കെ പറഞ്ഞുതന്ന് പഠിപ്പിക്കണമെന്നാണ്. ഇക്കാര്യങ്ങളെല്ലാം ഞങ്ങൾ ആവശ്യത്തിനു പഠിച്ചുകഴിഞ്ഞതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് താരങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യുകയാണ്. ഇക്കാര്യം വർഷങ്ങളായി ശാസ്ത്രി വളരെ ഭംഗിയായി നിർവഹിച്ചുപോരുന്നതാണ്’ – കോഹ്‍ലി വ്യക്തമാക്കി.

‘എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ട്. അത് പ്രകടിപ്പിക്കാനുള്ള താൽപര്യവുമുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം ജീവിക്കാതിരിക്കാനാകുമോ? ഞങ്ങൾക്കു ശരിയെന്നു തോന്നുന്നതു ചെയ്യാതിരിക്കാനാകുമോ? കൃത്രിമമായതൊന്നു ഞങ്ങൾ ചെയ്യുന്നില്ല. ചിലരുടെ താൽപര്യങ്ങൾക്കനുസരിച്ച് പെരുമാറുന്നില്ല എന്നതുകൊണ്ട് ഈ സിസ്റ്റം തന്നെ ശരിയല്ലെന്നു പറയാനാകുമോ?’ – കോഹ്‍ലി ചോദിച്ചു.

ആരെയും വിധിക്കാന്‍ ഞങ്ങൾ ആളല്ല. ടീമെന്ന നിലയിൽ ഒരുമിച്ചു പോരാടുക മാത്രമാണ് ലക്ഷ്യം. ഞങ്ങളെല്ലാം ഒരിക്കൽ സജീവ ക്രിക്കറ്റിൽനിന്നും മടങ്ങേണ്ടവരാണ്. ഞാനും ഒരിക്കൽ വിരമിക്കും. ഞങ്ങളൊക്കെ പോയാലും ക്രിക്കറ്റ് നിലനിൽക്കും. ഇന്ത്യൻ ടീമും നിലനിൽക്കും. ഞങ്ങളെല്ലാം ഈ കളിയിലേക്ക് സ്വന്തമായ സംഭാവനകൾ നൽകുന്നവരാണ്. അല്ലാതെ ഈ കളിയെ അടക്കിഭരിച്ച് മറ്റു നേട്ടങ്ങളുണ്ടാക്കാമെന്ന വിചാരമൊന്നുമില്ല’ – കോഹ്‍‌ലി പറഞ്ഞു.

‘ഞങ്ങൾക്കെല്ലാം ഓരോ ഉത്തരവാദിത്തമുണ്ട്. അത് ഏറ്റവും സുന്ദരമായി ചെയ്തുതീർക്കാനാണ് ശ്രമം. ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ച മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ആർക്കെങ്കിലും മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്. ഇന്ത്യൻ ക്രിക്കറ്റിന് ശരിയെന്നു തോന്നുന്നതു മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ടീമെന്ന നിലയിൽ ഒരുമിച്ചാണ് മുന്നോട്ടു പോകുന്നതും’ – കോഹ്‍ലി പറഞ്ഞു.

related stories