മെൽബൺ∙ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയമന്ത്രം സമ്മാനിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി. അത്യന്തം അപകടകാരിയായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ യാതൊരുവിധത്തിലും പ്രകോപിപ്പിക്കാതിരിക്കുകയാണ് ഓസീസിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് ഡുപ്ലേസി അഭിപ്രായപ്പെട്ടു. കോഹ്‍ലിക്ക് നൽകാവുന്ന ഏറ്റവും നല്ല പ്രതികരണം ‘നിശബ്ദത’യാണെന്നും ഡുപ്ലേസി അഭിപ്രായപ്പെട്ടു.
ഈ വർഷമാദ്യം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിന് എത്തിയപ്പോൾ പ്രയോഗിച്ചു വിജയം കണ്ട ആശയം എന്ന നിലയിലാണ് ഡുപ്ലേസി ഓസീസുമായി ഈ തന്ത്രം പങ്കുവച്ചത്. അന്ന് ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 2–1ന് തോൽപ്പിച്ചിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ വഴക്കും ബഹളവും ഇഷ്ടപ്പെടുന്ന താരങ്ങൾ ചിലരുണ്ട്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ കോഹ്‍ലിയുടെ കാര്യത്തിൽ ഞങ്ങൾക്ക് അതു തോന്നിയിട്ടുണ്ട്. വഴക്കുണ്ടാക്കാൻ കോഹ്‍ലിക്ക് വലിയ ഇഷ്ടമാണ്’ – ഡുപ്ലേസി പറഞ്ഞു.
ഒരു ടീമുമായി പരമ്പരയ്ക്കു തയാറെടുക്കുമ്പോൾ ഞങ്ങളുടെ ചർച്ചകളിൽ സ്ഥിരസാന്നിധ്യമാകുന്ന ചില താരങ്ങളുണ്ടാകും ആ ടീമിൽ. ഇവരെ എങ്ങനെ നേരിടാം എന്നതാകും ചർച്ചാവിഷയം. കോഹ്‍ലിയെപ്പോലുള്ള താരങ്ങൾ എതിർടീമിലുണ്ടെങ്കിൽ അധികം സംസാരിക്കേണ്ട എന്നതാകും ഞങ്ങളുടെ തീരുമാനം. അതാണ് എപ്പോഴും നല്ലത്’ – ഡുപ്ലേസി വ്യക്തമാക്കി.
ഈ കലണ്ടർ വർഷത്തിൽ തകർപ്പൻ ഫോമിലാണ് ടെസ്റ്റ് റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ ഒന്നാം റാങ്കുകാരനായ കോഹ്‍ലി മുന്നേറുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്നു ടെസ്റ്റുകളിൽനിന്ന് 47.66 റൺസ് ശരാശരിയിൽ 286 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം.
സ്ഥിരമായി ആശ്ചര്യപ്പെടുത്തുന്ന താരമാണ് കോഹ്‍ലിയെന്നും ഡുപ്ലേസി അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ വച്ച് കോഹ്‍ലിയെ പ്രകോപിപ്പിക്കാതെ മുന്നോട്ടുപോകാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നിട്ടും കോഹ്‍ലി മികച്ച സ്കോറുകൾ കണ്ടെത്തി. എങ്കിലും അതൊന്നും എത്തിപ്പിടിക്കാനാകാത്തവയായിരുന്നില്ല. വിക്കറ്റ് താരതമ്യേന വേഗത കുറഞ്ഞിരുന്ന സെഞ്ചൂറിയനിലാണ് കോഹ്‍ലിക്ക് സെഞ്ചുറി നേടാനായത്. ഇത്തരത്തിൽ താരങ്ങളെ നേരിടാൻ ഓരോ ടീമിനും ഓരോ തന്ത്രമുണ്ടാകും. കോഹ്‍ലിക്കെതിരെ ഞങ്ങളുടേതെ നിശബ്ദത പാലിക്കുക എന്ന തന്ത്രമായിരുന്നു.