ഹൈദരാബാദ്∙ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ താൻ തന്നെയായിരിക്കുമെന്ന് വീരേന്ദർ സേവാഗ് മൂന്നു വർഷങ്ങൾക്കു മുൻപ് പ്രവചിച്ചിരുന്നതായി സഹതാരമായിരുന്ന വി.വി.എസ്. ലക്ഷ്മണിന്റെ വെളിപ്പെടുത്തൽ. ‘281ഉം അതിനപ്പുറവും’ എന്ന തന്റെ ആത്മകഥയിലാണ് ലക്ഷ്മൺ ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ പാക്കിസ്ഥാനെതിരെ മുൾട്ടാനിലാണ് സേവാഗ് ടെസ്റ്റിൽ ഇന്ത്യക്കാരന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്.
ലക്ഷ്മണിന്റെ ആത്മകഥയിൽനിന്ന്;
‘ആദ്യമേ, ഒരു കാര്യം ഏറ്റുപറയട്ടെ. ഞാൻ വീരുവിന്റെ ഒരു കടുത്ത ആരാധകനാണ്. സത്യത്തിൽ രണ്ടു കാര്യം പറയാനുണ്ട്. ആദ്യമായി വീരു ബാറ്റു ചെയ്യുന്നതു കണ്ടപ്പോൾ, ഇത്രയും വലിയ നിലയിലെത്താനും സ്ഥിരതയോടെ കളിക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
2001ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് വീരുവിന്റെ തനതായ ശൈലിയും പ്രതിഭയും ഞങ്ങൾക്കു ബോധ്യമായത്. ബെംഗളൂരുവിൽ നടന്ന ആദ്യ മൽസരത്തിൽ മിന്നൽ വേഗത്തിൽ 58 റൺസെടുത്ത വീരു, തന്റെ ഓഫ് സ്പിൻ ബോളുകളിലൂടെ മൂന്നു വിക്കറ്റും സ്വന്തമാക്കി. ആ കളിയിൽ മാൻ ഓഫ് ദി മാച്ചും അദ്ദേഹമായിരുന്നു.
അതിനുശേഷം പുണെ ഏകദിനത്തിനു തൊട്ടുമുൻപ് സഹീർ ഖാനും ഞാനും വീരുവിനൊപ്പം പുറത്തു ഭക്ഷണം കഴിക്കാൻ പോയി. അന്ന് വീരു എന്നോടു പറഞ്ഞു. ലക്ഷ്മൺ ഭായ്, കൊൽക്കത്ത ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടാൻ നിങ്ങൾക്കൊരു സുവർണാവസരം ലഭിച്ചതാണ്. പക്ഷേ നടന്നില്ല. ഇനി നിങ്ങൾ നോക്കിക്കോളൂ, ടെസ്റ്റിൽ ആദ്യത്തെ ട്രപ്പിൾ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരൻ ഞാനായിരിക്കും!
ഞാൻ തലതാഴ്ത്തി ആശ്ചര്യത്തിൽ വീരുവിനെ നോക്കി. ആകെ രാജ്യാന്തര ക്രിക്കറ്റിൽ നാല് ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെടാനുള്ള സാധ്യത പോലും ഇനിയും തെളിഞ്ഞിട്ടില്ല. എന്നിട്ടും ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുമെന്നൊക്കെ അവകാശവാദം മുഴക്കുന്നു! പിന്നെ ഞാൻ കരുതിയത് വീരു തമാശ പറയുകയാണെന്നാണ്. പക്ഷേ അവൻ വളരെ ഗൗരവത്തിൽ പറഞ്ഞതായിരുന്നു ഇത്. എന്താണു പറയേണ്ടതെന്നു പോലും എനിക്കു പിടികിട്ടിയില്ല.
മൽസരങ്ങൾക്ക് തയാറെടുക്കുമ്പോഴും വീരുവിന്റെ ഒരുക്കം ഞങ്ങളെപ്പോലെ ആയിരുന്നില്ല. വളരെ കുറച്ചു കാര്യങ്ങളേ മൽസരങ്ങൾക്കു തയാറെടുക്കുമ്പോൾ വീരു ചെയ്തിരുന്നുള്ളൂ. ഏതെങ്കിലും മൽസരങ്ങൾക്കു മുൻപ് വീരു കൂടുതലായി പരിശീലനം നടത്തി തയാറെടുപ്പു നടത്തുന്നത് ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. നെറ്റ്സിൽ പരിശീലകൻ പറയുന്ന അത്രയും സമയം മാത്രം വീരു പരിശീലിക്കും. ഫീൽഡിങ്ങിലും ബോളിങ്ങിലും അതുപോലെ തന്നെ. എന്നിട്ട് ആദ്യം തന്നെ പരിശീലനം നിർത്തി റൂമിലേക്കു മടങ്ങും. കൂടുതലായി ഒരു പന്തുപോലും എറിയില്ല. ചോദിച്ചാൽ, ‘നാളെ മൽസരത്തിലാണ് കൂടുതൽ പന്തുകൾ നേരിടേണ്ടത്, അല്ലാതെ പരിശീലന സമയത്തല്ല’ എന്നു പറയും. വീരുവിന്റെ ഈ വാദത്തെ ചോദ്യം ചെയ്യാൻ പോലും കഴിയില്ല. കാരണം, ഈ ശൈലികൊണ്ട് വളരെ വിജയകരമായാണ് കളിച്ചിരുന്നത്.
മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയ പ്രകടനത്തിനുശേഷം വീരു എന്റെ പക്കൽ വന്നിരുന്നു. ‘ഈ ട്രിപ്പിൾ സെഞ്ചുറിയുടെ കാര്യം നേരത്തെ തന്നെ പ്രവചിച്ചിരുന്നതല്ലേ’ എന്നു ചോദിച്ചു. എന്റെ 281 റൺസ് റെക്കോർഡ് വീരു തകർത്തതിൽ എനിക്കു വിഷമമൊന്നും തോന്നിയില്ല. മാത്രമല്ല, ഇത്രയേറെ സൂപ്പർതാരങ്ങളെ ലോകത്തിനു സംഭാവന നൽകിയിട്ടും ടെസ്റ്റിൽ ആർക്കും ട്രിപ്പിൾ സെഞ്ചുറി നേടാനായിട്ടില്ല എന്ന കുറവു നികത്തിയതോർത്ത് അഭിമാനം തോന്നുകയും ചെയ്തു. വീരു നേരെ ആ റെക്കോർഡിലേക്ക് ബാറ്റു വീശിയിരിക്കുന്നു.
ഇന്ത്യയ്ക്കായി ആദ്യത്തെ ട്രിപ്പിൾ സെഞ്ചുറി നേടുമെന്ന പ്രവചനത്തിനുശേഷം വെറും മൂന്നു വർഷത്തിനകമാണ് വീരു മുൾട്ടാനിൽ റെക്കോർഡ് സ്ഥാപിച്ചത്. ഇത്തരമൊരു പ്രവചനം നടത്താനുള്ള ആത്മവിശ്വാസം വീരുവിന് എവിടെനിന്നു ലഭിച്ചു എന്നു മാത്രമാണ് എനിക്ക് അറിയേണ്ടിയിരുന്നത്.
സേവാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു. വിവിഎസ്, ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടണമെങ്കിൽ നമ്മൾ അതിവേഗം റൺസ് സ്കോർ ചെയ്തേ മതിയാകൂ. വലിയ ഷോട്ടുകൾ കളിച്ച് അതിവേഗം സ്കോർ ചെയ്യണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അങ്ങനെ കളിക്കാൻ കഴിയുന്ന താരങ്ങളെ ഞാൻ കണ്ടിട്ടില്ല’. ഇതായിരുന്നു സേവാഗ്. തന്റെ കളിയിലും പ്രതിഭയിലുമുള്ള ഈ ആത്മവിശ്വാസമാണ് എന്നും സേവാഗിനെ വ്യത്യസ്തനാക്കിയിരുന്നത്. ആദ്യത്തെ ട്രിപ്പിൾ സെഞ്ചുറി ഉൾപ്പെടെയുള്ള റെക്കോർഡുകളും അതിന്റെ ബാക്കിപത്രം തന്നെ!’