ബ്രിസ്ബെയ്ൻ∙ ന്യൂബോൾ ജോഡിയായി ജസ്പ്രീത് ബുമ്ര–ഭുവനേശ്വർ കുമാർ സഖ്യത്തെ ലഭിച്ച താൻ ഏറ്റവും ഭാഗ്യവാനായ ക്യാപ്റ്റനാണെന്ന് വിരാട് കോഹ്‍ലി. ഇത്തരമൊരു ബോളിങ് സഖ്യത്തെ ലഭിക്കാൻ ഏതു ക്യാപ്റ്റനും ആഗ്രഹിക്കുമെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലില്ലെങ്കിലും ഓസീസ് ഇപ്പോഴും ലോകോത്തര നിലവാരമുള്ള താരങ്ങളുടെ ടീമാണെന്നും അവരെ എഴുതിത്തള്ളാനാകില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോഹ്‍ലി ഇക്കാര്യങ്ങൾ പറഞ്ഞത്.
∙ ബുമ്ര–ഭുവി സഖ്യം
‘ബുദ്ധികൂടി ഉപയോഗിച്ച് ബോൾ ചെയ്യുന്നതുകൊണ്ടാണ് ബുമ്രയും ഭുവനേശ്വറും ഏറ്റവും മികച്ച ബോളർമാരാകുന്നത്. സാഹചര്യങ്ങൾ വായിക്കാൻ ഇരുവർക്കും അനുപമമായ കഴിവുണ്ട്. ഓരോ പന്തിലും ബാറ്റ്സ്മാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഊഹിച്ച് അതിനനുസരിച്ച് ബോളിങ്ങിൽ വ്യതിയാനം വരുത്താൻ ഇവർക്കാകും’ – കോഹ്‍ലി പറഞ്ഞു.
‘ഓരോ ബോളിലും എന്താണു സംഭവിക്കുന്നതെന്നു മുൻകൂട്ടി കാണാനുള്ള കഴിവാണ് ബുമ്രയെയും ഭുവിയെയും എപ്പോഴും ബാറ്റ്സ്മാൻമാരേക്കാൾ ഒരു ചുവടു മുന്നിൽ നിർത്തുന്നത്. ബുമ്രയുടെയും ഭുവിയുടെയും ഏറ്റവും വലിയ പ്രത്യേകതയും കരുത്തും അതുതന്നെയാണ്. ഇതുപോലൊരു ബോളിങ് ജോഡിയെ ടീമിൽ ലഭിക്കാൻ ലോകത്ത് ഏതു ക്യാപ്റ്റനും കൊതിക്കും. അങ്ങനെ നോക്കുമ്പോൾ ഇവരെ സ്വന്തം ടീമിൽ ലഭിച്ച ഞാൻ ഭാഗ്യവാനായ ക്യാപ്റ്റനാണ്. വിക്കറ്റുകൾ അത്യാവശ്യമുള്ള സമയത്ത് അതു നേടാനും ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിച്ച് ടീമിന് ആവശ്യമായത് സംഭാവന ചെയ്യാനും ഇവർക്കു കഴിയുന്നു’ – കോഹ്‍ലി പറഞ്ഞു.
‘മറ്റു ബോളർമാരെപ്പോലെ ഇവർക്കുമേൽ ബാറ്റ്സ്മാൻമാർ അധീശത്വം നേടുന്ന സമയങ്ങളും ഉണ്ടാകാറുണ്ട്. എങ്കിലും 85–90 ശതമാനം സമയവും കളിയുടെ ഗതി നിരീക്ഷിച്ച് ബോളിങ്ങിൽ ആവശ്യമായ വ്യതിയാനം വരുത്തി മേധാവിത്തം നിലനിർത്താൻ ശ്രമിക്കുന്നവരാണ് ബുമ്രയും ഭുവിയും’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.
ഇനി മുതൽ പുതിയ താരങ്ങൾക്ക് ടീമിലെത്താൻ ബുദ്ധിമുട്ടു നേരിട്ടാക്കാമെന്നും കോഹ്‍ലി വ്യക്തമാക്കി. ‘ലോകകപ്പിനു തയാറെടുക്കുമ്പോൾ നമ്മുടെ സ്ഥിരം ഇലവനെത്തന്നെ ഇനിയങ്ങോട്ട് സ്ഥിരം കളിപ്പിക്കാനാണ് ശ്രമം. പുതിയ താരങ്ങൾക്ക് ടീമിലെത്താൻ ചെറിയ ബുദ്ധിമുട്ടു നേരിട്ടേക്കാം. നിലവിലെ താരങ്ങൾക്ക് ജോലിഭാരം പ്രശ്നമായി വന്നാൽ പുതിയ താരങ്ങളെയും പരിഗണിക്കും. ലോകകപ്പിനു മുൻപ് അധികം മൽസരങ്ങൾ അവശേഷിക്കാത്തതിനാൽ അതിനും സാധ്യത കുറവാണ്’ – കോഹ്‍ലി പറഞ്ഞു.
∙ ഓസീസ് ഇപ്പോഴും ശക്തർ
ഓസീസിന്റെ സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്കിലാണെങ്കിലും ഇവരുടെ അഭാവത്തിലും ഓസീസ് ലോകോത്തര ടീമാണെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു.
‘സത്യസന്ധമായി പറഞ്ഞാൽ ഇപ്പോഴും ഒരുപിടി ലോകോത്തര താരങ്ങൾ ഓസീസ് ടീമിലുണ്ട്. സ്മിത്തിനെയും വാർണറെയും പോലുള്ള രണ്ടു താരങ്ങളുടെ അസാന്നിധ്യം തീർച്ചയായും ഒരു പ്രശ്നമാണെങ്കിലും ആ കുറവു പരിഹരിക്കാൻ സാധിക്കുന്ന താരങ്ങൾ ഓസീസ് നിരയിലുണ്ട്. പ്രത്യേകിച്ചും ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ. നിലയുറപ്പിച്ചു കഴിഞ്ഞാൽ ഏതു ടീമിനും തലവേദന സൃഷ്ടിക്കാൻ ഇവർക്കാകും. ആരെയും വിലകുറച്ചു കാണാൻ ഇന്ത്യ തയാറല്ല’ – കോഹ്‍ലി പറഞ്ഞു.
‘ഓസ്ട്രേലിയയുമായി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. എതിരാളികളുടെ തട്ടകത്തിലാണ് മൽസരമെന്നതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. മികച്ച മൽസരം കാഴ്ചവച്ച് വിജയം നേടാൻ തന്നെയാണ് ശ്രമം’ – കോഹ്‍ലി വ്യക്തമാക്കി.
‘രാജ്യാന്തര ക്രിക്കറ്റിൽ അനുഭസ സമ്പത്തു പ്രധാനപ്പെട്ടതാണെങ്കിലും പുതിയ താരങ്ങൾ പെട്ടെന്നൊരു ദിവസം ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിയും. ആത്മവിശ്വാസം ഉണ്ടാകണമെന്നു മാത്രം. മൈതാനത്ത് ഇറങ്ങിക്കഴിഞ്ഞാൽ ബാറ്റുകൊണ്ടായാലും ബോളു കൊണ്ടായാലും ഫീൽഡിങ്ങിലായാലും എതിരാളികളെ ഞെട്ടിക്കാൻ എല്ലാവർക്കും തുല്യ അവസരമാണുള്ളത്. ഇക്കാര്യത്തിൽ മറ്റേതൊരു ടീമിനേക്കാളും മുന്നിലുള്ള ടീമാണ് ഓസ്ട്രേലിയ. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഓസ്ട്രേലിയയെ ഓസ്ട്രേലിയയിൽ തോൽപ്പിക്കാൻ സാധിക്കൂ എന്നതാണ് സത്യം’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.
∙ പിഴവുകൾ തിരുത്തും
ഇംഗ്ലണ്ട് പര്യടനത്തിൽ സംഭവിച്ച പിഴവുകൾ തിരുത്തി മുന്നോട്ടു പോകാനാണ് ശ്രമമെന്നും കോഹ്‍ലി വ്യക്തമാക്കി. ഇംഗ്ലണ്ടിൽ മികച്ച പ്രകടനമാണ് നമ്മൾ കാഴ്ചവച്ചത്. എങ്കിലും ചില പിഴവുകൾ നാം വരുത്തി. അതാണ് മൽസരങ്ങൾ തോൽക്കാനും പരമ്പരകൾ കൈവിടാനും കാരണമായത്. എല്ലാ പരമ്പരകളിലും ജയിക്കാൻ തന്നെയാണ് ശ്രമം. അവിടെയും ഇവിടെയുമായി ഇടയ്ക്കു ജയിക്കുന്ന ടീമാകാനല്ല, എല്ലായ്പ്പോഴും ജയിക്കുന്ന ടീമാകാനാണ് ആഗ്രഹം. അതിനാണ് ശ്രമവും’ – കോഹ്‍ലി പറഞ്ഞു.
ഓസ്ട്രേലിയയിൽ പര്യടനത്തിനു വരുന്ന ഏതൊരു ഇന്ത്യൻ ടീമിനും ഇതു വലിയൊരു സംഭവമാണ്. കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ജയിക്കാൻ നമുക്കായില്ല. ഇക്കുറി അതിനു മാറ്റം വരുത്തും. ഇവിടെ ടെസ്റ്റ് മൽസരങ്ങളും പരമ്പരയും ജയിക്കാനുള്ള ശേഷി നമുക്കുണ്ടെന്നാണ് വിശ്വാസം’ – കോഹ്‍ലി പറഞ്ഞു.
‘ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ മികച്ച ഫോമിലാണ് നമ്മൾ. ഓസ്ട്രേലിയയിലും അതു തുടരാനാണ് ശ്രമം. ഈ പരമ്പരയിലുടനീളം മികച്ച പ്രകടനം ആവർത്തിക്കാനും ശ്രമമുണ്ടാകും’ – കോഹ്‍ലി ഉറപ്പുനൽകി.