ദുബായ്∙ പാക്കിസ്ഥാനുമായി നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പരകളിൽ നിന്നു ഇന്ത്യ പിന്മാറിയതിനെത്തുടർന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ച പരാതി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തള്ളി. മൂന്നു ദിവസം നീണ്ട വിചാരണയിൽ ബിസിസിഐയുടേയും(ബോർഡ് ഓഫ് കൺട്രോൾ ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) പിസിബിയുടേയും(പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) വാദം കേട്ട ശേഷമാണ് നടപടി.
2015 മുതൽ 2023 വരെ ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പടെ ഏഴു പരമ്പരകൾ കളിക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് ലംഘിച്ചുവെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ പരാതി. ഏഴു കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞവർഷമാണു പരാതി നൽകിയത്. കഴിഞ്ഞമാസം ആദ്യ ആഴ്ചയിലായിരുന്നു വാദം കേട്ടത്. കേന്ദ്രസർക്കാരിന്റെ അനുവാദനമില്ലാത്തതിനാലാണു പാക്കിസ്ഥാനുമായി ഇന്ത്യയിലോ പാക്കിസ്ഥാനിലോ മൽസരം സംഘടിപ്പിക്കാത്തതെന്നു ബിസിസിഐ വ്യക്തമാക്കി.
2015ൽ ജമ്മു കശ്മീരിലെ ഉധംപൂരിലും ഗുരുദാസ്പൂരിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കേന്ദ്ര സർക്കാർ അനുവാദം നൽകാതിരുന്നതെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി. രണ്ടു ബോർഡുകളുടേയും വാദം കേട്ട മൈക്കിൾ ബെലോഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിസിസ്വതന്ത്ര അന്വേഷണ സമിതി പാക് പരാതി തള്ളുകയായിരുന്നു. നഷ്ടപരിഹാരം വിധിക്കാനാവില്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകാനാവില്ലെന്നും സമിതി വ്യക്തമാക്കി.