കൊൽക്കത്ത∙ ആന്ധ്രയ്ക്കെതിരെ തിരുവനന്തപുരത്തു നിർത്തിയിടത്തു നിന്നു ബംഗാളിനെതിരെ ജലജ് സക്സേന തുടങ്ങി. ഓപ്പണർ സക്സേനയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിക്കരുത്തിൽ രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കേരളത്തിനു മേൽക്കൈ. പേസർമാരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ ബംഗാളിനെ 147 റൺസിലൊതുക്കിയ കേരളം ജലജ് സക്സേന നേടിയ 147 റൺസിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 291 റൺസെടുത്തു. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബംഗാൾ അഞ്ചു റൺസെടുത്തപ്പോഴേക്ക് ഓപ്പണർ കൗശിക് ഘോഷിനെ നഷ്ടമായി.
രണ്ടു ദിവസം ബാക്കി നിൽക്കെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇനിയും 139 റൺസ് ബംഗാളിനു വേണം.
സ്കോർ: ബംഗാൾ 147, ഒന്നിന് 5. കേരളം 291
കേരളത്തിന്റെ ഇന്നിങ്സിനു നങ്കൂരമിടുക മാത്രമല്ല, ബംഗാളിന്റെ സൂപ്പർഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിക്കെതിരെ കടന്നാക്രമണം നടത്തി സഹതാരങ്ങൾക്ക് ആത്മവിശ്വാസം പകരാനും സക്സേനയ്ക്കു കഴിഞ്ഞു.
സക്സേന രണ്ടു സിക്സറും നേടിയത് ഷമിക്കെതിരെ ആയിരുന്നു. ഒരു ഇന്നിങ്സിൽ 15 ഓവർ മാത്രം ചെയ്യാൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതിയുണ്ടായിരുന്ന ഷമി 26 ഓവർ എറിഞ്ഞു. 100 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.
ഷമി വേണ്ടത്ര ഫലപ്രദമാകാതിരുന്നതാണു ബംഗാളിന്റെ പ്രതീക്ഷകൾ താളംതെറ്റിച്ചത്.
ആന്ധ്രയ്ക്കെതിരെ കഴിഞ്ഞ കളിയിൽ സെഞ്ചുറിയും ഒൻപതു വിക്കറ്റും നേടിയ സക്സേന റണ്ട് അർധ സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയായി. വി. ജഗദീഷുമൊത്തുള്ള(39) കൂട്ടുകെട്ട് സെഞ്ചുറി(119) പിന്നിടുകയും ചെയ്തു. ഇവർ രണ്ടു പേരും ചേർന്നാണു സ്കോർ 200 കടത്തിയത്. അക്ഷയ് ചന്ദ്രൻ 32 റൺസെടുത്തു പുറത്താകാതെ നിന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 14–ാം സെഞ്ചുറിയാണ് ജലജ് സക്സേന നേടിയത്. 190 പന്തുകൾ നേരിട്ടു. 21 ബൗണ്ടറിയും രണ്ടു സിക്സറും നേടി. ഈ സീസണിലെ രണ്ടാം സെഞ്ചുറി. തിരുവനന്തപുരത്ത് ആന്ധ്രയ്ക്കെതിരെ ആയിരുന്നു ആദ്യത്തേത്.
ജാഫർ @ 40 നോട്ടൗട്ട്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ സ്വന്തം റെക്കോർഡുകൾ തകർക്കുന്നതാണു വിദർഭയുടെ മുൻ ഇന്ത്യൻ താരം വസീം ജാഫറിന്റെ ഹോബി. ബറോഡയ്ക്കെതിരെ ജാഫർ ഇന്നലെ നേടിയത് രഞ്ജി കരിയറിലെ 37–ാം സെഞ്ചുറി. രഞ്ജി ട്രോഫിയിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡും നാൽപതുകാരനായ ജാഫർ ഇന്നലെ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരമണെങ്കിലും ഇന്ത്യയ്ക്കു വേണ്ടി 31 ടെസ്റ്റും രണ്ട് ഏകദിനങ്ങളും മാത്രമാണ് ജാഫർ കളിച്ചത്.
153 റൺസെടുത്ത ജാഫറിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ വിദർഭ ആറിന് 529 റൺസെടുത്തു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ബറോഡ വിക്കറ്റ് നഷ്ടമില്ലാതെ 41 എന്ന നിലയിലാണ്.
രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച റൺ നേട്ടക്കാർ
താരം റൺസ് സെഞ്ചുറി
വസീം ജാഫർ 11056 37
അമോൽ മജുംദാർ 9202 28
ദേവേന്ദ്ര ബണ്ടെല 9201 24
മിഥുൻ മൻഹസ് 8554 25
ഋഷികേശ് കനിത്കർ 8059 28