Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റനായിട്ടും എന്നെയും പുറത്താക്കിയിട്ടുണ്ട്: മിതാലിയോട് ഗാംഗുലി

mithali-ganguly മിതാലി രാജ്, സൗരവ് ഗാംഗുലി

കൊൽക്കത്ത∙ മികച്ച ഫോമിൽ കളിച്ചിട്ടും വനിതകളുടെ ട്വന്റി20 ലോകകപ്പ് സെമിയിൽ പുറത്തിരുത്തപ്പെട്ട മുൻ ക്യാപ്റ്റൻ മിതാലി രാജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി രംഗത്ത്. ഇന്ത്യൻ ക്യാപ്റ്റനായിരുന്നിട്ടും കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോൾ തന്നെയും ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ‘അവഗണിക്കപ്പെട്ടവരുടെ ഗ്രൂപ്പിലേക്ക് മിതാലിയെയും സ്വാഗതം ചെയ്യുന്നു’വെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ടീമിൽ മിതാലി യുഗം അവസാനിച്ചതായി കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

വെസ്റ്റ് ഇൻഡീസിൽ സമാപിച്ച വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ, മികച്ച ഫോമിലായിരുന്നിട്ടും മിതാലി രാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനു മുൻപുള്ള ഓസ്ട്രേലിയയ്ക്കെതിരായ ഗ്രൂപ്പ് മൽസരത്തിൽ അസുഖം ബാധിച്ച് കളിക്കാനായിരുന്നില്ലെങ്കിലും സെമിയിൽ മിതാലിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. മൽസരം ഇന്ത്യ തോൽക്കുക കൂടി ചെയ്തതോടെ വിവാദം കൂടുതൽ ശക്തമായി.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ടീം മാനേജ്മെന്റിനോടു വിശദീകരണം ആരാഞ്ഞിട്ടുണ്ട്. പരിശീലകൻ രമേഷ് പൊവാർ, ടീം മാനോജർ തൃപ്തി ഭട്ടാചാര്യ എന്നിവർ ഈ വിഷയത്തിൽ ഇടക്കാല ഭരണസമിതിയെ കാണാനിരിക്കുകയാണ്. ബിസിസിഐ സിഇഒ കരൺ ജോഹ്റി ഉൾപ്പെടെയുള്ളവരോടും ഇടക്കാല ഭരണസമിതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

പുറത്തിരുത്തപ്പെട്ട മിതാലിയെ, തന്റെ അനുഭവം പങ്കുവച്ചാണ് ഗാംഗുലി ആശ്വസിപ്പിച്ചത്. കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോൾ മുൻ ക്യാപ്റ്റനായിരുന്നിട്ടു കൂടി തന്നെ പുറത്തിരുത്തിയ സംഭവമുണ്ടെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ‘ഇല്ല. ഇന്ത്യൻ ടീമിനെ വർഷങ്ങളോളം നയിച്ചശേഷം ഞാനും പുറത്തിരുന്നിട്ടുണ്ട്. ലോകകപ്പ് സെമിയിൽ മിതാലി പുറത്തിരിക്കുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു, ഞങ്ങളുടെ ഗ്രൂപ്പിലേക്കു സ്വാഗതം’ – ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

‘ക്യാപ്റ്റൻമാർ പുറത്തിരിക്കാൻ പറഞ്ഞാൽ അനുസരിക്കുക. ഫൈസാബാദിൽ ഞാനും ഇപ്രകാരം പുറത്തിരുന്നിട്ടുണ്ട്. ഏകദിനത്തിൽ ഞാൻ ഏറ്റവും മികച്ച താരമായിരുന്ന സമയത്ത് ഏതാണ്ട് 15 മാസത്തോളം ഒരു ഏകദിനം പോലും കളിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണെങ്കിലും ചിലപ്പോൾ പുറത്തേക്കുള്ള വാതിൽ നമുക്കു മുന്നിൽ തുറക്കപ്പെടും’ – 2006ൽ പാക്കിസ്ഥാനെതിരായ ടീമിൽനിന്നു പുറത്താക്കപ്പെട്ട സംഭവം അനുസ്മരിച്ച് ഗാംഗുലി പറഞ്ഞു.

അതേസമയം, ഇതോടെ മിതാലിയുടെ കരിയർ അവസാനിച്ചുവെന്ന് താൻ കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. ‘നിങ്ങൾ തന്നെയാണ് ഇപ്പോഴും ഏറ്റവും മികച്ചയാളെന്ന് എപ്പോഴും ഓർക്കണം. അങ്ങനെ പറയിക്കാനായി ചില തകർപ്പൻ പ്രകടനങ്ങൾ നിങ്ങൾ പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അവസരങ്ങൾ വരും. അതുകൊണ്ടുതന്നെ മിതാലി രാജിനെ പുറത്തിരുത്തിയ വാർത്ത എന്നെ അത്രയ്ക്കങ്ങ് അതിശയിപ്പിക്കുന്നില്ല. മൈതാനത്തെ പ്രതികരണങ്ങൾ എന്നെ ഒരിക്കലം നിരാശനാക്കിയിട്ടുമില്ല’ – ഗാംഗുലി പറഞ്ഞു.

അതേസമയം, ഇന്ത്യൻ ടീം സെമിയിൽ തോറ്റതിൽ തനിക്കു കടുത്ത നിരാശയുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ സാധിക്കുന്ന മികച്ച ടീം നമുക്കുണ്ടായിരുന്നു. ജീവിതത്തിൽ പ്രത്യേകിച്ച് ഗ്യാരണ്ടിയൊന്നുമില്ലാത്തതു കൊണ്ട് ഇത്തരം പല അനുഭവങ്ങളും ഉണ്ടാകുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സീനിയർ ടീമിൽ മഹേന്ദ്രസിങ് ധോണിക്കും ഇനിയും തിരിച്ചുവരവിനു സമയമുണ്ടെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.

‘ധോണി മറ്റൊരു ചാംപ്യനാണ്. 2007ൽ ട്വന്റി20 ലോകകപ്പ് ജയിച്ചതുമുതൽ സുന്ദരമായൊരു കരിയറായിരുന്നു ധോണിയുടേത്. എല്ലാവരെയും പോലെ ധോണിയും മികച്ച പ്രകടനം നടത്തിയേ തീരൂ. ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. നിങ്ങൾ എന്തു ജോലിയാണു ചെയ്യുന്നതെങ്കിലും, എവിടെപ്പോയാലും, നിങ്ങൾക്ക് എത്ര വയസ്സാണെങ്കിലും, എത്രത്തോളം അനുഭവസമ്പത്തുണ്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ നിലനിൽപുള്ളൂ. അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളുടെ സ്ഥാനം കയ്യടക്കും’ – ഗാംഗുലി പറഞ്ഞു.

‘ധോണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത്തരം താരങ്ങളെ നമുക്കു വേണം. ഇപ്പോഴും പന്തുകൾ ഗാലറിയിലെ സ്റ്റാൻഡിലേക്ക് എത്തിക്കാൻ ധോണിക്കു കഴിയുമെന്നു ഞാൻ കരുതുന്നു. ധോണി എന്നും ഒരു അസാധാരണ ക്രിക്കറ്റ് താരമാണ്’ – ഗാംഗുലി പറഞ്ഞു.

related stories