സിഡ്നി∙ ബ്രിസ്ബെയ്നിലെ ആദ്യ ട്വന്റിയിലെ ബാറ്റിങ് വെടിക്കെട്ടു തുടരാനുള്ള മൂഡിലായിരുന്നു ശിഖർ ധവാൻ ഇന്നലെ. 22 പന്തിൽ 6 ബൗണ്ടറിയു 2 സിക്സുമടക്കം ക്ഷണനേരത്തിൽ നേടിയ 41 റൺസോടെ ധവാൻ സമ്മാനിച്ച ഉശിരൻ തുടക്കം മുതലെടുത്തു നായകൻ വിരാട് കോഹ്‌ലി (41 പന്തിൽ 61*) ഒരിക്കൽക്കൂടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ട്വന്റി20 പരമ്പരയിലെ വിജയത്തോടെ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങാമെന്ന ഓസീസിന്റെ സ്വപ്നങ്ങളെ തകർത്തുകൊണ്ടുള്ള ഇന്ത്യൻ വിജയം 6 വിക്കറ്റിന്. 3 കളിയുടെ ട്വന്റി20 പരമ്പര ഇതോടെ 1–1 സമനിലയിൽ അവസാനിച്ചു.
സ്കോർ ഓസ്ട്രേലിയ 20 ഓവറിൽ 6 വിക്കറ്റിന് 164; ഇന്ത്യ 19.4 ഓവറിൽ 4 വിക്കറ്റിന് 168. 4 വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയാണു മാൻ ഓഫ് ദ് മാച്ച്. ശിഖർ ധവാനാണ് പരമ്പരയിലെ താരം.
പവർപ്ലേ ഓവറുകളിൽ ആഞ്ഞടിച്ച ധവാൻ– രോഹിത് സഖ്യം നൽകിയ അടിത്തറയാണ് ഇന്ത്യൻ റൺചേസ് അനായാസമാക്കിയത്. ഓസീസ് ബാറ്റ്സ്മാൻമാർക്ക് ഒരൊറ്റ സിക്സ് പോലും നേടാനാകാതെയിരുന്ന സിഡ്നിയിലെ വലിയ ഗ്രൗണ്ടിൽ ധവാനും കോഹ്‌ലിയും പന്ത് 2 വട്ടം അതിർത്തികടത്തി. ആറാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി ധവാൻ മടങ്ങുമ്പോൾ ഇന്ത്യ 67 റൺസ് നേടിയിരുന്നു. തൊട്ടടുത്ത ഓവറിൽ സ്പിന്നർ ആദം സാംപ രോഹിതിനെയും (23) വീഴ്ത്തി. കെ.എൽ. രാഹുലും (14), പന്തും (0) നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാർത്തികിനെ (22 നോട്ടൗട്ട്) കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്‌ലി 34 പന്തിൽ അർധ സെഞ്ചുറി തികച്ചു. നിർണായക സമയത്തു സിക്സറും ബൗണ്ടറിയും നേടിയ കാർത്തിക് ഇന്ത്യയുടെ സമ്മർദ്ദം കുറച്ചു. അവസാന ഓവറിൽ ഇന്ത്യയ്ക്കു 5 റൺസ് മാത്രമാണു വേണ്ടിയിരുന്നത്. ടൈയുടെ ഓവറിൽ തുടർച്ചയായ ബൗണ്ടറികളടിച്ച് കോഹ്‌ലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
നേരത്തെ 4 വിക്കറ്റെടുത്ത ക്രുനാലും 4 ഓവറിൽ 19 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത കുൽദീപും ചേർന്നാണ് ഓസീസ് ബാറ്റിങിനു കടിഞ്ഞാണിട്ടത്. ക്യാപ്റ്റൻ ആരൻ ഫിഞ്ചിനെ (28) വീഴ്ത്തിയ കുൽദീപ് വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടു. ഓസീസ് ടോപ് സ്കോറർ ഷോട്ടിനെയും (33), ബെൻ മക്ഡെർമോട്ടിനെയും അടുത്തടുത്ത പന്തുകളിൽ വിക്കറ്റിനുമുന്നിൽ കുടുക്കിയ ക്രുനാൽ പിന്നീട് വമ്പൻ അടിക്കാരൻ മാക്സ്‌വെല്ലിനെയും (13) ക്യാരിയെയും (27) മടക്കിയാണു വിക്കറ്റ് നേട്ടം നാലാക്കിയത്.
19–ാം അർധസെഞ്ചുറിയോടെ വിരാട് കോഹ്‌ലി രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്തി. ഏറ്റവും അധികം അർധ സെഞ്ചുറിയുടെ റെക്കോർഡ് ഇപ്പോൾ ഇരുവരുടെയും പേരിലാണ്.
4 ഓവറിൽ 36 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ക്രുനാൽ രാജ്യാന്തര ട്വന്റി20യിൽ ഓസ്ട്രേലിയൻ മണ്ണിൽ ഒരു സ്പിൻ ബോളറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം എന്ന റെക്കോർഡ് സ്വന്തമാക്കി.
സ്കോർ ബോർഡ്
ഓസീസ്:
ഷോട്ട് എൽബി ബി ക്രുനാൽ –33, ഫിഞ്ച് സി ക്രുനാൽ ബി കുൽദീപ് –28, മാക്സ്‌വെൽ സി രോഹിത് ബി ക്രുനാൽ –13, മക്ഡെർമോട്ട് എൽബി ബി ക്രുനാൽ –0, ക്യാരി സി കോഹ്‌ലി ബി ക്രുനാൽ –27, ലിൻ റണ്ണൗട്ട് 13, സ്റ്റോയ്ൻസ് നോട്ടൗട്ട് 25, കോൾട്ടർനൈൽ നോട്ടൗട്ട് 13, എക്സ്ട്രാസ് 12. ആകെ 20 ഓവറിൽ 6 വിക്കറ്റിന് 164.
വിക്കറ്റുവീഴ്ച : 1-68, 2-73, 3-73, 4-90, 5-119, 6-131.
ബോളിങ്: ഭുവനേശ്വർ 4–0–33– 0, ഖലീൽ 4– 0– 35 –0,ബുമ്ര 4– 0–38–0, കുൽദീപ് 4–0–19–1, ക്രുനാൽ 4–0–36–4
ഇന്ത്യ:
രോഹിത് ബി സാംപ–23, ധവാൻ എൽബി ബി സ്റ്റാർക്–41, കോഹ്‌ലി നോട്ടൗട്ട്–61, രാഹുൽ സി കോൾട്ടർനൈൽ ബി മാക്സ്‌വെൽ–14, പന്ത് സി ക്യാരി ബി ടൈ–0, കാർത്തിക് നോട്ടൗട്ട്–22, എക്സട്രാസ്–7. ആകെ 19.4 ഓവറിൽ 4 വിക്കറ്റിന് 168.
വിക്കറ്റുവീഴ്ച: 1-67, 2-67, 3-108, 4-108.
ബോളിങ്: സ്റ്റാർക് 4–0–26–1, കോൾട്ടർനൈൽ 3–0–40–0, സ്റ്റോയ്ൻസ് 1–0–22–0, സാംപ 4–1–22–1 , മാക്സ്‌വെൽ 4– 0–25–1
ടൈ 3.4–0–32–1
അച്ഛൻ ഡെമോർട്ട്, മകൻ ഡെമോർട്ട്; പാരമ്പര്യവഴിയിൽ
മുൻ ഓസീസ് പേസറും ഓസീസ് ക്രിക്കറ്റ് ടീം ബോളിങ് കോച്ചുമായ ക്രെയ്ഗ് മക്ഡെമോർട്ടിന്റെ മകനാണ് ഓസ്ട്രേലിയൻ താരം ബെൻ മക്ഡെമോർട്ട്. 1984–96 കാലയളവിൽ ഓസീസിനായ കളിച്ച ക്രെയ്ഗ് മക്ഡെമോർട്ട് ടെസ്റ്റിൽ 291വിക്കറ്റും ഏകദിനത്തിൽ 201 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം യുഎഇയ്ക്കെതിരായ ട്വന്റി20യിൽ ഓസീസിനായി അരങ്ങേറിയ ബെൻ ഇന്ത്യയ്ക്കെതിരായ 3 കളിയിലും ഓസീസ് ടീമിൽ ഇടം നേടി. ബെന്നിന്റെ സഹോദരൻ അലിസ്റ്റർ മക്ഡെമോർട്ടും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്.