Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രുനാലും കോഹ്‍ലിയും പ്രായശ്ചിത്തം ചെയ്തു, ജയിപ്പിച്ചു; ഇന്ത്യ അജയ്യർ, 10-ാം വട്ടം!

kohli-karthik-krunal ദിനേഷ് കാർത്തിക്, ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം വിരാട് കോഹ്‍ലി.

സിഡ്നി ∙ ബ്രിസ്ബേനിൽ നടന്ന ആദ്യ ട്വന്റി20യിലെ ബോളിങ്, ബാറ്റിങ് പരാജയങ്ങൾക്ക് സമ്പൂർണ പ്രാശ്ചിത്തവുമായി യഥാക്രമം ക്രുനാൽ പാണ്ഡ്യയുടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും അവതാരം. സിഡ്നിയിൽ നടന്ന മൂന്നാം ട്വന്റി20 പോരാട്ടത്തെ വേറിട്ട് അടയാളപ്പെടുത്തുന്നത് ഇവർ ഇരുവരുടെയും പ്രകടനങ്ങളല്ലാതെ മറ്റെന്താണ്!  ഓസ്ട്രേലിയൻ മണ്ണിൽ ട്വന്റി20യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പാണ്ഡ്യയും 19–ാം അർധസെഞ്ചുറി നേടിയ കോഹ്‍ലിയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുമ്പോൾ, തുടർച്ചയായി 10 ട്വന്റി20 പരമ്പരകളിൽ അജയ്യരെന്ന റെക്കോർഡും ഭദ്രം.

മൽസരം മഴകൊണ്ടുപോയാൽ പോലും പരമ്പര നഷ്ടമാകുമെന്ന ഭീഷണിക്കിടെ കളത്തിലിറങ്ങിയ ഇന്ത്യ, ആറു വിക്കറ്റിനാണ് ആതിഥേയരെ തറ പറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ, രണ്ടു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ബ്രിസ്ബേനിൽ നാല് ഓവറിൽ 55 റൺസ് വഴങ്ങി നാണംകെട്ടതിന്റെ നാലാം നാൾ, റെക്കോർഡു കുറിച്ച പ്രകടനത്തിലൂടെ ക്രുനാൽ പാണ്ഡ്യ കളിയിലെ കേമനുമായി.

ബാറ്റിങ്ങിൽ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനവും എടുത്തുപറയണം. 41 പന്തിൽ 61 റൺസുമായി ഇന്ത്യയെ വിജയതീരത്തെത്തിച്ചു, കോഹ്‍ലി. ആറു ബൗണ്ടറിയും രണ്ടു സിക്സും അടങ്ങുന്നതാണ് ആ ഇന്നിങ്സ്. ദിനേഷ് കാർത്തിക് 18 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 22 റൺസുമായി കോഹ്‍ലിക്കു തുണനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–കാർത്തിക് സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു. 19–ാം അർധസെഞ്ചുറി നേടിയ കോഹ്‍ലി, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികളെന്ന രോഹിത് ശർമയുടെ റെക്കോർഡിന് ഒപ്പമെത്തി.

ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് സമനില പാലിച്ചു. ബ്രിസ്ബേനിൽ നടന്ന ആദ്യ മൽസരം ഓസ്ട്രേലിയ ജയിപ്പോൾ, മെൽബണിൽ നടന്ന രണ്ടാം മൽസരം മഴ തടസ്സപ്പെടുത്തിയിരുന്നു. 2017നു ശേഷം തുടർച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളിൽ തോൽവിയറിയാതെ ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യയ്ക്ക് അജയ്യരെന്ന പരിവേഷം ഒന്നുകൂടി ഉറയ്ക്കുകയും ചെയ്തു.

∙ മികച്ച തുടക്കം, പിന്നെ പതർച്ച

ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങു തകർത്ത ക്രുനാൽ പാണ്ഡ്യയാണ് ഓസ്ട്രേലിയൻ സ്കോർ 164 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഓസീസ് മണ്ണിൽ ട്വന്റി20യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.

33 റൺസെടുത്ത ഓപ്പണർ ഡാർസി ഷോർട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. 29 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോർട്ട് 33 റൺസെടുത്തത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 23 പന്തിൽ നാലു ബൗണ്ടറികളോടെ 28 റൺസെടുത്തു. 20 ഓവറിൽ 164 റൺസ് നേടിയെങ്കിലും ഓസീസ് ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ലെന്ന പ്രത്യേകതയുമുണ്ട്. എട്ട് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, ഒൻപതാം ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

അടുത്ത ഓവർ ബോൾ ചെയ്ത ക്രുനാൽ പാണ്ഡ്യ ഏൽപ്പിച്ച ഇരട്ടപ്രഹരം കൂടിയായതോടെ ഓസീസ് തളർന്നു. സ്കോർ 73ൽ നിൽക്കെ ഡാർസി ഷോർട്ട് (33), മക്ഡെർമോട്ട് (പൂജ്യം) എന്നിവരെ തുടർച്ചയായ പന്തുകളിൽ കൂടാരം കയറ്റിയ പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ഗ്ലെൻ മാക്സ്‍വെലിനേയും പുറത്താക്കി. 16 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കറേയുടെ നേതൃത്വത്തിൽ ഓസീസ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും തന്റെ നാലാം ഓവർ ബോൾ ചെയ്യാനെത്തിയ പാണ്ഡ്യ കറേയേയും പുറത്താക്കി. 19 പന്തിൽ നാലു ബൗണ്ടറി സഹിതം 27 റൺസായിരുന്നു കറേയുടെ സമ്പാദ്യം. ക്രിസ്‍ ലിൻ (10 പന്തിൽ 13 റൺസ്) ജസ്പ്രീത് ബുമ്രയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ 25), നഥാൻ കോൾട്ടർനീൽ (ഏഴു പന്തിൽ 13) എന്നിവരാണ് ഓസീസ് സ്കോർ 160 കടത്തിയത്.

∙ തിരിച്ചടിച്ച് ധവാൻ–രോഹിത്, ഏറ്റെടുത്ത് കോഹ്‍ലി

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ വെറും 33 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതേ സ്കോറിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത് കോഹ്‍ലി–രാഹുൽ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോർ 108ൽ നിൽക്കെ രാഹുലിനെയും പന്തിനെയും പുറത്താക്കി ഓസീസ് വീണ്ടും ഇരട്ടപ്രഹരം ഏൽപ്പിച്ചെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേർത്ത് കോഹ്‍ലി–കാർത്തിക് സഖ്യം വിജയമുറപ്പാക്കി.

തകർത്തടിച്ചു മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് മിച്ചൽ സ്റ്റാർക്ക് ബോൾ ചെയ്ത ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ധവാനെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ആദ്യം ഔട്ട് നിഷേധിച്ചെങ്കിലും ഡിആർഎസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓസീസ് ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറിൽ ആദം സാംപയെ പരീക്ഷിച്ച ഫിഞ്ചിന്റെ പരീക്ഷണം വിജയം കണ്ടു. രോഹിത് ശർമയെ തീർത്തും നിരായുധനാക്കിയ സാംപ, അഞ്ചാം പന്തിൽ നിർണായക വിക്കറ്റെടുത്തു. 16 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 23 റൺസുമായി രോഹിതും പുറത്ത്.

വിരാട് കോഹ്‍ലി–ലോകേഷ് രാഹുൽ സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും വീണ്ടും രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് തിരിച്ചടിയായി. സ്കോർ 108ൽ നിൽക്കെ ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്. പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന രാഹുൽ 20 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് മടങ്ങി. ഇതേ സ്കോറിൽ അപകടകാരിയായ ഋഷഭ് പന്തിനെ ‘സംപൂജ്യ’നാക്കിയ ആൻഡ്രൂ ടൈ ഇന്ത്യയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിട്ടു.

∙ വിജയത്തിലെ ‘കാർത്തിക് ഇഫക്ട്’

സമകാലീന ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കുറച്ച് ആഘോഷിക്കപ്പെട്ട താരം ദിനേഷ് കാർത്തിക്കാണെന്ന്, സിഡ്നിയിലെ വിജയത്തിനു പിന്നാലെ ഒരു ട്വീറ്റ് കണ്ടു. അതിൽ കുറച്ചധികം ശരിയുണ്ടെന്നതാണ് ശരി. രാജ്യാന്തര ട്വന്റി20കളിൽ സ്കോർ പിന്തുടരുമ്പോൾ ദിനേഷ് കാർത്തിക് പുറത്താകാതെ നിൽക്കുന്നത് ഇത് ഒൻപതാം തവണയാണ്. ഈ ഒൻപതു മൽസരങ്ങളും ഇന്ത്യ ജയിച്ചുവെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ട്വന്റി20 റൺചേസുകളിൽ കാർത്തിക്കിന്റെ പ്രകടനം ഇങ്ങനെ: 

31(28)*, 17(12), 4(1)*, 18(12)*, 2(2)*, 39(25)*, 29(8)*, 0(5), 31(34)*, 0(0)*, 30(13), 22(18)*

അതേസമയം, റൺസ് പിന്തുടരുമ്പോൾ കാർത്തിക് പുറത്തായ മൂന്നു മൽസരങ്ങളിലും ഇന്ത്യ തോൽക്കുകയും ചെയ്തു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ബ്രിസ്ബേനിൽ ഇതേ എതിരാളികൾക്കെതിരെ നടന്ന ഒന്നാം ട്വന്റി20 മൽസരം തന്നെ. അന്ന് കാർത്തിക് പുറത്തായതോടെയാണ് ഇന്ത്യ പ്രതീക്ഷ കൈവിട്ടതും തോൽവി വഴങ്ങിയതും.

∙ റൺചേസുകളുടെ രാജാവ്, കോഹ്‍‌ലി

റൺസ് പിന്തുടരുമ്പോൾ അസാമാന്യ മികവിലേക്ക് ഉയരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സിഡ്നി ട്വന്റി20 മൽസരത്തോടെ തന്റെ റെക്കോർഡ് ഒന്നുകൂടി ഉജ്വലമാക്കി. ഇവിടെ 41 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്‍ലി, റൺചേസുകളിലെ രാജാവ് എന്ന വിളിപ്പേര് ഒരിക്കൽക്കൂടി അന്വർഥമാക്കി. ബ്രിസ്ബേൻ ട്വന്റി20യിൽ നാലു റൺസുമായി പുറത്തായതിന്റെ അപൂർവതയ്ക്കിടയിലാണ് സിഡ്നിയിൽ ഇരട്ടിശക്തിയോടെയുള്ള കോഹ്‍ലിയുടെ തിരിച്ചുവരവ്.

കോഹ്‍ലിയുടെ ട്വന്റി20 കരിയറിൽ രണ്ടാമതു ബാറ്റു ചെയ്ത 22–ാമത്തെ മൽസരമാണ് സിഡ്നിയിൽ നടന്നത്. ഇതിൽ 20 ഇന്നിങ്സുകളിലാണ് കോഹ്‍ലി ബാറ്റെടുക്കേണ്ടി വന്നത്. ഇത്രയും ഇന്നിങ്സുകളിൽനിന്നും 965 റൺസ് നേടിയ കോഹ്‍ലിയുടെ റൺ ശരാശരി 120.62 ആണ്. ഇതിൽ 10 തവണ കോഹ്‍ലി അർധസെഞ്ചുറി പിന്നിട്ടു. പുറത്താകാതെ നേടിയ 83 റൺസാണ് ഉയർന്ന സ്കോർ.

∙ ക്രുനാലിന്റെ തിരിച്ചുവരവ്

ശ്രദ്ധ കവർന്ന മറ്റൊരു താരം ക്രുനാൽ പാണ്ഡ്യയാണ്. നാല് ഓവറിൽ 36 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുമായി ക്രുനാൽ മടങ്ങുമ്പോൾ, അതിലൊരു സുന്ദരമായ തിരിച്ചുവരവിന്റെ സൗന്ദര്യമുണ്ട്. ബ്രിസ്ബേനിൽ നടന്ന ഒന്നാം ട്വന്റി20യിൽ നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്ത് ഇന്ത്യയുടെ തോൽവിക്കു മുഖ്യ കാരണക്കാരനായ ക്രുനാൽ, ഇക്കുറി തിരിച്ചുകയറിയത് എന്നെന്നും ഓർ‌മിക്കാനുതകുന്നൊരു നേട്ടത്തോടെയാണ്. ഓസ്ട്രേലിയൻ മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം! ഈ പ്രകടനത്തിന് കളിയിലെ കേമൻ പട്ടവും കിട്ടി.

ട്വന്റി20യിൽ ആറാമത്തെ മൽസരം മാത്രം കളിക്കുന്ന ക്രുനാലിന്റെ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസിലൊതുക്കിയതും ക്രുനാൽ തന്നെ. പാണ്ഡ്യയുടെ തിരിച്ചുവരവ് ഇരട്ടി മധുരമുള്ളതാക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ബ്രിസ്ബേനിൽ പാണ്ഡ്യയെ അടിച്ചൊതുക്കുന്നതിനു നേതൃത്വം നൽകിയത് പിഞ്ച് ഹിറ്റുകളുടെ ആശാനായ ഗ്ലെൻ മാക്സ്‍വെല്ലായിരുന്നു. അന്ന് പാണ്ഡ്യയുടെ ഓവറിൽ തുടർച്ചയായി മൂന്നു സിക്സുകൾ നേടി മാക്സ്‍വെൽ അരങ്ങു തകർക്കുമ്പോൾ നിരായുധനായി ചോര വാർന്ന മുഖത്തോടെ നിന്ന ക്രുനാലിനെ മറക്കാനാകുമോ?

എന്നാൽ, ക്രുനാലിനെതിരെ നടത്തിയ കടന്നാക്രമണത്തിന് മാക്‌സ്‌വെല്ലിനു കണക്കിനു കിട്ടി. രണ്ടാം ട്വന്റി20 മൽസരം പൂർത്തിയാക്കാനായില്ലെങ്കിലും ഈ മൽസരത്തിൽ മാക്സ്‍വെല്ലിനെ പുറത്താക്കിയത് ക്രുനാൽ പാണ്ഡ്യയായിരുന്നു. ഇതുകൊണ്ടു കലിയടങ്ങാതെ സിഡ്നിയിലും മാക്സ്‌വെല്ലിനെ കൂടാരം കയറ്റിയത് ക്രുനാൽ തന്നെ. ഡാർസി ഷോർട്ട്, മക്ഡെർമോട്ട് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ക്രുനാൽ ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ആതിഥേയർ കരകയറാൻ ശ്രമിക്കുമ്പോഴാണ് വീണ്ടും അപകടം വിതച്ച് താരത്തിന്റെ വരവ്.

16 പന്തിൽ 13 റൺസെടുത്ത മാക്‌സ്‌വെൽ സിക്സ് നേടാനുള്ള ശ്രമത്തിൽ രോഹിത് ശർമയ്ക്കു ക്യാച്ചു സമ്മാനിച്ചു. തന്റെ അവസാന ഓവറിൽ അപകടകാരിയായ അലക്സ് കാറേയെയും മടക്കിയ ക്രുനാൽ ഓസീസ് മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചാണ് തിരിച്ചുകയറിയത്. ഓസീസ് മണ്ണിൽ ഏതൊരു ബോളറിന്റെയും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനവും വിദേശതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.

related stories