സിഡ്നി∙ സിഡ്നിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മൽസരത്തിൽ ശ്രദ്ധ കവർന്ന താരം ക്രുനാൽ പാണ്ഡ്യയാണ്. നാല് ഓവറിൽ 36 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുമായി ക്രുനാൽ മടങ്ങുമ്പോൾ, അതിലൊരു സുന്ദരമായ തിരിച്ചുവരവിന്റെ സൗന്ദര്യമുണ്ട്. ബ്രിസ്ബേനിൽ നടന്ന ഒന്നാം ട്വന്റി20യിൽ നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്ത് ഇന്ത്യയുടെ തോൽവിക്കു മുഖ്യ കാരണക്കാരനായ ക്രുനാൽ, ഇക്കുറി തിരിച്ചുകയറിയത് എന്നെന്നും ഓർമിക്കാനുതകുന്നൊരു നേട്ടത്തോടെയാണ്. ഓസ്ട്രേലിയൻ മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം!
ട്വന്റി20യിൽ ആറാമത്തെ മൽസരം മാത്രം കളിക്കുന്ന ക്രുനാലിന്റെ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസിലൊതുക്കിയതും ക്രുനാൽ തന്നെ.
പാണ്ഡ്യയുടെ തിരിച്ചുവരവ് ഇരട്ടി മധുരമുള്ളതാക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ബ്രിസ്ബേനിൽ പാണ്ഡ്യയെ അടിച്ചൊതുക്കുന്നതിനു നേതൃത്വം നൽകിയത് പിഞ്ച് ഹിറ്റുകളുടെ ആശാനായ ഗ്ലെൻ മാക്സ്‍വെല്ലായിരുന്നു. അന്ന് പാണ്ഡ്യയുടെ ഓവറിൽ തുടർച്ചയായി മൂന്നു സിക്സുകൾ നേടി മാക്സ്‍വെൽ അരങ്ങു തകർക്കുമ്പോൾ നിരായുധനായി ചോര വാർന്ന മുഖത്തോടെ നിന്ന ക്രുനാലിനെ മറക്കാനാകുമോ?
എന്നാൽ, ക്രുനാലിനെതിരെ നടത്തിയ കടന്നാക്രമണത്തിന് മാക്‌സ്‌വെല്ലിനു കണക്കിനു കിട്ടി. രണ്ടാം ട്വന്റി20 മൽസരം പൂർത്തിയാക്കാനായില്ലെങ്കിലും ഈ മൽസരത്തിൽ മാക്സ്‍വെല്ലിനെ പുറത്താക്കിയത് ക്രുനാൽ പാണ്ഡ്യയായിരുന്നു. ഇതുകൊണ്ടു കലിയടങ്ങാതെ സിഡ്നിയിലും മാക്സ്‌വെല്ലിനെ കൂടാരം കയറ്റിയത് ക്രുനാൽ തന്നെ. ഡാർസി ഷോർട്ട്, മക്ഡെർമോട്ട് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ക്രുനാൽ ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ആതിഥേയർ കരകയറാൻ ശ്രമിക്കുമ്പോഴാണ് വീണ്ടും അപകടം വിതച്ച് താരത്തിന്റെ വരവ്.
16 പന്തിൽ 13 റൺസെടുത്ത മാക്‌സ്‌വെൽ സിക്സ് നേടാനുള്ള ശ്രമത്തിൽ രോഹിത് ശർമയ്ക്കു ക്യാച്ചു സമ്മാനിച്ചു. തന്റെ അവസാന ഓവറിൽ അപകടകാരിയായ അലക്സ് കാറേയെയും മടക്കിയ ക്രുനാൽ ഓസീസ് മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ചാണ് തിരിച്ചുകയറിയത്. ഓസീസ് മണ്ണിൽ ഏതൊരു ബോളറിന്റെയും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനവും വിദേശതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ.