സിഡ്നി∙ റെക്കോർഡുകൾ കടപുഴക്കി കോഹ്‍ലി! സമകാലീന ക്രിക്കറ്റിലെ ഏറ്റവും ക്ലീഷെയായ വാചകമേതെന്നു ചോദിച്ചാൽ ഇതല്ലാതെ മറ്റൊരു വാചകമാകാൻ തരമില്ല. ബ്രിസ്ബേനിലേതു പോലെ അപൂർവമായി മാത്രം നിശബ്ദമാകാറുള്ള കോഹ്‍ലിയുടെ ബാറ്റ് ശബ്ദിക്കുമ്പോഴെല്ലാം റെക്കോർഡുകളും അകമ്പടിയാണ്. സിഡ്‌നിയിൽ ഇന്നലെ നടന്ന മൂന്നാം ട്വന്റി20യിലും വ്യത്യസ്തമല്ല കാര്യങ്ങൾ.
ഒരുപിടി റെക്കോർഡുകളാണ് കോഹ്‍ലിയുടെ ഉജ്വല പ്രകടനത്തിൽ സിഡ്നിയിലും കടപുഴകിയത്. ആദ്യം ബാറ്റു ചെയ്ത് ഓസ്ട്രേലിയ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 108 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയെങ്കിലും, കോഹ്‍ലിയും ദിനേഷ് കാർത്തിക്കും ചേർന്നുള്ള അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
41 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസെടുത്തു കോഹ്‍ലിതന്നെ വിജയശിൽപികളിൽ മുമ്പൻ. ഇതോടെ കോഹ്‍ലിയെ തേടിയെത്തിയറെക്കോർഡുകൾ ഇങ്ങനെ:
∙ ഏതെങ്കിലുമൊരു ടീമിനെതിരെ ട്വന്റി20യിൽ ഒരു താരം ഒറ്റയ്ക്കു നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം ഇനി കോഹ്‍ലിക്കു സ്വന്തം. ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ 14 മൽസരങ്ങളിലെ 13 ഇന്നിങ്സുകളിൽനിന്ന് കോഹ്‍ലിയുടെ സമ്പാദ്യം 488 റൺസാണ്. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ പാക്കിസ്ഥാനെതിരെ 15 മൽസരങ്ങളിൽനിന്ന് നേടിയ 463 റൺസിന്റെ റെക്കോർഡാണ് കോഹ്‍ലി തിരുത്തിയത്.
∙ ട്വന്റി20യിൽ കോഹ്‍ലിയുടെ 19–ാം അർധസെഞ്ചുറിയാണ് സിഡ്നിയിൽ പിറന്നത്. ഇതോടെ, രാജ്യാന്തര ട്വന്റി20 അർധസെഞ്ചുറികളിൽ കോഹ്‍ലി, ഇന്ത്യയുടെ തന്നെ രോഹിത് ശർമയ്ക്കൊപ്പമെത്തി. അതേസമയം, കോഹ്‍ലിക്ക് ഇതുവരെ ട്വന്റി20യിൽ സെഞ്ചുറി നേടാനായിട്ടില്ല. രോഹിത് ആകട്ടെ, ഇതുവരെ നാലു സെഞ്ചുറികൾ നേടുകയും ചെയ്തു.
∙ ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‍ലിയുടെ അഞ്ചാം അർധസെഞ്ചുറിയാണ് സിഡിനിയിലേത്. ഒരു ടീമിനെതിരെ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ എന്ന റെക്കോർഡ് ശ്രീലങ്കൻ താരം കുശാൽ പെരേരയ്ക്കൊപ്പം പങ്കിടുകയാണ് കോഹ്‍ലി. ബംഗ്ലദേശിനെതിരെയാണ് കുശാൽ പെരേര അഞ്ച് അർധസെഞ്ചുറികൾ ട്വന്റി20യിൽ നേടിയിട്ടുള്ളത്.
∙ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ കോഹ്‍ലിയുടെ 13–ാം അർധസെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്. ഇക്കാര്യത്തിൽ കോഹ്‍ലിയെ വെല്ലാൻ ആരുമില്ല!