Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ കയ്യടിക്കു മുൻപേ ടീമിൽ തമ്മിലടി; ‘വിവാദപ്പിച്ചിൽ’ വനിതാ ക്രിക്കറ്റ്

mithali-harmanpreeth മിതാലി രാജും ഹർമൻപ്രീത് സിങ്ങും.

ജയിച്ചു വന്നാൽ താലമെടുത്തു സ്വീകരിക്കാൻ ആയിരങ്ങളുണ്ടാകും. ഇനി തോൽവിയാണ് ഫലമെങ്കിലോ വിഷമുള്ള അമ്പെയ്തു പിടിപ്പിക്കാൻ ഇവർ തന്നെ ധാരാളം.  ഇന്ത്യൻ പുരുഷ ടീമിനു കിട്ടിപ്പഴക്കമുള്ള അനുഭവം ഇത്തവണ കാത്തിരുന്നത് അതേ കുപ്പായമിടുന്ന വനിതകളെ. വനിതാ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റു പുറത്തായതിൽ പരാജയത്തെക്കാളേറെ ചർച്ച ചെയ്യപ്പെടുന്നത് മിതാലി രാജ് എന്ന വെറ്ററൻ താരത്തെ ടീമിലെടുക്കാഞ്ഞതാണ്.

രണ്ടു മൂന്നു വർഷം മുൻപുവരെ, ഇന്ത്യൻ വനിതാ ടീം വാർത്തകളിലേയില്ലായിരുന്ന കാലത്ത് ക്യാപ്റ്റനായിരുന്ന മിതാലിയായിരുന്നു ടീമിന്റെ ഐക്കൺ. വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയതോടെ സ്ഥിതി മാറി. ഇന്നു സ്മൃതി മന്ഥാനയും ഹർമൻപ്രീത് കൗറുമെന്നു വേണ്ട ഒട്ടുമിക്ക താരങ്ങളും ആരാധകരുടെ മനസ്സിൽ ഇടംനേടിക്കഴിഞ്ഞു. വനിതകളുടെ കളികാണാനും താരങ്ങൾക്കു പരസ്യം നൽകാനുമെല്ലാം ആളായി. അപ്പോൾ പിന്നെ വിവാദമില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടത്.

സംഭവം കത്തിപ്പടർന്ന് ബിസിസിഐയുടെ ഇടപെടൽവരെ എത്തിയിരിക്കുകയാണ്. മുൻ താരങ്ങളും പരിശീലകരുമൊന്നും വായടയ്ക്കുന്ന ഭാവമില്ല. തനിക്കും ഇതേ അനുഭവം നേരിട്ടിട്ടുണ്ടെന്നു പറഞ്ഞാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്തെത്തിയത്. കളി തോറ്റ ശേഷം ക്യാപ്റ്റൻ ഹർമൻപ്രീതിനെതിരെ മിതാലിയുടെ കോച്ച് നിശിത വിമർശനമാണ് നടത്തിയത്.

പിന്നാലെയിതാ, മിതാലിയും മൗനം ഭഞ്ജിച്ചിരിക്കുന്നു. വെസ്റ്റ് ഇൻഡീസിൽ താൻ നേരിട്ട അപമാനത്തെക്കുറിച്ച് ബിസിസിഐയ്ക്ക് കത്തെഴുതിയ മിതാലി, പരിശീലകൻ രമേഷ് പവാറിനും ബിസിസിഐ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുൽജി എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. വിവാദം ഇനിയും പടർന്നാൽ ടീമിൽ ഒരു പൊട്ടിത്തെറി അടുത്തുതന്നെ കാണാം.

∙ ഇത്ര വലിയ സംഭവമാണോ

വനിതാ താരങ്ങളെ പുരുഷ ടീമുമായി താരതമ്യം ചെയ്താൽ എളുപ്പമുണ്ട്. മിതാലി രാജ് ഇന്നത്തെ വനിതാ ടീമിന്റെ എം.എസ്.ധോണിയാണെങ്കിൽ കൂറ്റനടിക്കാരി ഓപ്പണർ സ്മൃതി മന്ഥാന വിരേന്ദർ സേവാഗാണ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മധ്യനിരയിലിറങ്ങി സിക്‌സറുകൾ പറത്തുന്ന യുവരാജ് സിങ്. നിർണായകമായ മൽസരത്തിൽ ധോണിയെ ഒഴിവാക്കുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്താൽ സംഭവിക്കുന്നതു തന്നെയാണ് ഇവിടെയും നടന്നത്.

ധോണിയെപ്പോലെ തന്നെ ക്രീസിൽ നിലയുറപ്പിച്ച് പിച്ചിന്റെ സ്വഭാവമറിഞ്ഞ് ബാറ്റു വീശുന്നതാരമാണ് മിതാലി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 112 റൺസിന് പുറത്തായപ്പോൾ തകർന്നു വീണത് മധ്യനിരയും വാലറ്റവുമാണ്. സ്മൃതിയും ജെറമി റോഡ്രിഗസും മോശമല്ലാത്ത തുടക്കമാണ് നൽകിയത്. 12 ഓവറൽ 88നു 2 എന്ന സ്‌കോറിൽനിന്നാണ് 20 ഓവർ തികയ്ക്കും മുൻപേ 112ന് ഓൾ ഔട്ടായത്. മധ്യനിര കാര്യങ്ങൾ ഗ്രഹിക്കും മുൻപേ എല്ലാവരും കൂടാരം കയറിയിരുന്നു. മൽസരത്തലേന്നുവരെ മധ്യനിരയിൽ കളിക്കുന്നതിനെക്കുറിച്ചു കണക്കുകൂട്ടിയ മിതാലിയുടെ ചങ്കു കലക്കുന്നതായിരുന്നു ആ രംഗങ്ങൾ.

∙ എന്തുകൊണ്ട് ഒഴിവാക്കി

വിജയിച്ച ടീമിനെ നിലനിർത്തുക എന്നത് ഇന്ന് പല ക്യാപ്റ്റൻമാരും തുടരുന്ന രീതിയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ലീഗ് മൽസരത്തിൽ മുട്ടിനേറ്റ പരുക്കു കാരണം മിതാലി ഇല്ലായിരുന്നു. അന്ന് 48 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഇത് ക്യാപ്റ്റനും കോച്ച് രമേഷ് പവാറിനും ആത്മവിശ്വാസം നൽകിക്കാണണം. മിതാലിയെ ഒഴിവാക്കാൻ മറ്റു കാരണങ്ങളൊന്നും പറയാനില്ല.

ബാറ്റ് ചെയ്യാൻ ലഭിച്ച രണ്ട് അവസരങ്ങളിലും അർധശതകം നേടി ടീമിനെ താങ്ങിയ താരമാണ്. ക്യാപ്റ്റൻ ഹർമൻ പ്രീതും മിതാലിയും തമ്മിൽ വേറെ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടോയെന്നും വ്യക്തമല്ല. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിലും ഇന്ത്യൻ ടീം മാനേജ്‌മെന്റ് അമ്പേ പരാജയമായി. സെമിക്കു മുൻപ് ഇന്ത്യയുടെ മൽസരങ്ങളെല്ലാം ഗയാനയിലാണ് നടന്നത്. സെമി ആന്റിഗ്വയിലായിരുന്നു. ഗയാനയെക്കാൾ വേഗം കുറഞ്ഞ പിച്ചിനൊത്ത തന്ത്രങ്ങൾ മെനയുന്നതിൽ ഇംഗ്ലിഷ് ടീം ഒരുപടി മുന്നിലെത്തിയപ്പോൾ ഇന്ത്യ പ്രധാന താരത്തെ ഒഴിവാക്കി മണ്ടത്തരം കാട്ടി.

∙ വിവാദത്തിൽ ബിസിസിഐ കലിപ്പിൽ

വനിതാ ക്രിക്കറ്റിലെ പുത്തൻ വിവാദം ബിസിസിഐയെയും  ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയും (സിഒഎ) തെല്ലൊന്നുമല്ല അരിശം കൊള്ളിച്ചിരിക്കുന്നത്. ടൂർണമെന്റിൽ മിതാലിയുടെ ഫിറ്റ്‌നസ് ലോഗ് സിഒഎ ആവശ്യപ്പെട്ടിട്ടുണ്ട്. സെമിക്കു മുൻപേ നടന്ന സിലക്‌ഷൻ കമ്മിറ്റി ചർച്ചയിലെ വിവരങ്ങൾ ചോർന്നതിലും ബിസിസിഐ അരിശത്തിലാണ്. ഇതിൽ വിശദീകരണം നൽകാൻ ക്യാപ്റ്റൻ ഹർമൻപ്രീതും ടീം മാനേജർ തൃപ്തി ഭട്ടാചാര്യയും ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

ഇവർക്കു പുറമെ, വിവാദ നടുവിലുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മിതാലി രാജ് എന്നിവരും ബിസിസിഐ തലപ്പത്തുള്ളവരെ കണ്ട് നിലപാട് വിശദീകരിച്ചിട്ടുണ്ട്. പരിശീലകൻ രമേഷ് പവാറും വിശദീകരണവുമായി ഉടൻ ബിസിസിഐ അധികൃതരെ കാണും.

∙ വിവാദം കടുപ്പിച്ച് മിതാലിയുടെ കത്ത്

കത്തിപ്പടർന്ന വിവാദം പതിയെ അണഞ്ഞുതുടങ്ങുമെന്നു കരുതിയിരിക്കെയാണ് എരിതീയിൽ എണ്ണപോലെ മിതാലിയുടെ കത്തു വരുന്നത്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി, ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സാബാ കരിം എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ പരിശീലകൻ രമേഷ് പവാർ, സിഒഎ അംഗം ഡയാന എഡുൽജി എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മിതാലി ഉയർത്തിയത്.

‘കൈവശം അധികാരമുള്ള ചിലർ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന്’ കത്തിൽ മിതാലി രാജ് ആരോപിച്ചു. ഡയാന എഡുൽജിയുടെ നിലപാടുകൾ ശുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയ മിതാലി, പരിശീലകൻ രമേഷ് പവാർ തന്നെ തുടർച്ചയായി അപമാനിച്ചതായും വ്യക്തമാക്കി. ഹർമൻപ്രീതിനെതിരെ തനിക്ക് പ്രത്യേകിച്ചൊരു പരാതിയുമില്ലെന്ന് മിതാലി കത്തിലെഴുതി. തന്നെ ടീമിൽനിന്ന് പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ ഹർമൻപ്രീത് പിന്തുണച്ചത് വേദനിപ്പിച്ചു. ഈ ലോകകപ്പ് ടീമിനായി നേടിയെടുക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ലോകകപ്പ് ജയിക്കാനുള്ള സുവർണാവസരമാണ് ഇക്കുറി നാം നഷ്ടമാക്കിയത്.

ടീമിന്റെ പരിശീലകനായ രമേഷ് പവാർ പലതവണ തന്നെ തകർക്കാൻ ശ്രമിച്ചതായും മിതാലി ആരോപിച്ചു. തന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് മിതാലി കത്തിൽ എഴുതിയതിങ്ങനെ: ‘അടുത്തെങ്ങാനും ഞാനുണ്ടെങ്കിൽ അദ്ദേഹം വേഗം അവിടെനിന്ന് മാറിനിൽക്കും. മറ്റുള്ളവർ നെറ്റ്സിൽ പരിശീലിക്കുമ്പോൾ കൃത്യമായ നിർദ്ദേശങ്ങൾ നൽകി നിരീക്ഷിക്കും. ഞാൻ നെറ്റ്സിലെത്തിയാൽ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാൻ അടുത്തുചെന്നാൽ ഫോണിൽ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും ഏറ്റവും ശാന്തതയോടു കൂടിയേ ഞാൻ പെരുമാറിയിട്ടുള്ളൂ.’

തന്നെ ടീമിൽനിന്നു പുറത്താക്കിയതിനെ പിന്തുണച്ച മുൻ വനിതാ ടീം ക്യാപ്റ്റൻ കൂടിയായ ഡയാന എഡുൽജിക്കെതിരെ കൂടുതൽ രൂക്ഷമായിരുന്നു മിതാലിയുടെ പ്രതികരണം. ബിസിസിഐയിൽ അവർക്കുള്ള സ്ഥാനവും അധികാരവും തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് മിതാലി ആരോപിച്ചു. ഭരണസമിതി അംഗമെന്ന നിലയിൽ എല്ലാ വിധത്തിലും ഡയാന എഡുൽജിയെ ഞാൻ ബഹുമാനിച്ചിട്ടുണ്ട്. വിശ്വസിച്ചിട്ടുമുണ്ട്. വെസ്റ്റ് ഇൻഡീസിൽ ഞാൻ നേരിട്ട ദുരനുഭവം നേരിട്ടുവിവരിച്ചിട്ടും അവർ എനിക്കെതിരെ നിൽക്കുന്നതിൽ വിഷമമുണ്ട്. എന്നെ പുറത്തിരുത്തിയ തീരുമാനത്തെ പിന്തുണച്ച അവരുടെ നിലപാട് എന്നെ തകർത്തുകളഞ്ഞു. കാരണം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അവർക്കുണ്ട്’ – മിതാലി കുറിച്ചു.

∙ ഇനിയെന്ത്?

സമീപകാലത്തെ ഏറ്റവും വലിയ വിവാദക്കുരുക്കുകളിലൊന്നാണ് ബിസിസിഐ ഇപ്പോൾ. സംഘടനാ തലപ്പത്തെ അഴിമതിക്കഥകളും ഐപിഎല്ലിലെ പണക്കൊഴുപ്പും നിയമവ്യവസ്ഥയോടെയുള്ള വെല്ലുവിളി മനോഭാവവും ബിസിസിഐയെ പ്രതിക്കൂട്ടിൽ നിർത്തി, പലതവണ. ഈ സാഹചര്യത്തിലാണ് ബിസിസിഐയെ ശുദ്ധീകരിക്കാനായി സുപ്രീം കോടതി ഇടക്കാല ഭരണസമിതിയെ നിയോഗിച്ചത്. എന്നാൽ, സംഘടനയെ ശുദ്ധീകരിക്കാൻ നിയോഗിച്ച ഇടക്കാല ഭരണസമിതിയിലെ അംഗത്തിന്റെ (ഡയാന എഡുൽജി) ഉദ്ദേശ്യശുദ്ധിക്കെതിരെയും മിതാലിയുടെ കത്തിൽ പരാമർശം വന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്.

അതിനിടെയാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്കെതിരെ ‘മിടൂ’ ആരോപണം വന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിഒഎ പ്രത്യേക കമ്മിഷനെ വരെ വച്ചു. ജോഹ്റി കുറ്റക്കാരനല്ലെന്നായിരുന്നു പാനലിന്റെ കണ്ടെത്തൽ. അവരുടെ ഈ നിഗമനവും വിവാദമായി. സീനിയർ പുരുഷ ടീമിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇടയ്ക്ക് ബിസിസിഐ വിവാദക്കുരുക്കിലായി. താരങ്ങളുമായുള്ള സിലക്ഷൻ കമ്മിറ്റിയുടെ ആശയസമ്പർക്കം പോരെന്നാണ് ആരോപണം. എന്തായാലും പുതിയ ആരോപണം കൂടി വരുന്നതോടെ ബിസിസിഐയും കടുത്ത പ്രതിസന്ധിയിലേക്കു വഴുതുകയാണ്.