മിതാലിയെ കൈകാര്യം ചെയ്യാൻ പാട്; (ഉത്തരം മുട്ടിയെങ്കിലും) പൊവാറിനും പറയാനുണ്ട്!

മിതാലി രാജ്, രമേഷ് പവാർ

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്ത വിവാദങ്ങളിൽ ബിസിസിഐയ്ക്കു മുന്നിൽ വിശദീകരണവുമായി പരിശീലകൻ രമേഷ് പൊവാർ. മിതാലി രാജും താനും തമ്മിൽ അകൽച്ചയുണ്ടെന്ന് പൊവാർ ബിസിസിഐ അധികൃതർക്കു മുന്നിൽ സമ്മതിച്ചു. അതേസമയം, എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമായതിനാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് മിതാലിയെന്നും പൊവാർ ആരോപിച്ചു. ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി20 സെമി ഫൈനലിൽനിന്നു മിതാലിയെ ഒഴിവാക്കുകയും മൽസരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്ത സാഹചര്യത്തിൽ മിതാലി, ട്വന്റി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, കോച്ച് രമേഷ് പൊവാർ എന്നിവരോട് ബിസിസിഐ പ്രത്യക വിശദീകരണം തേടിയിരുന്നു.

മിതാലിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നില്ലെന്നു കൂടിക്കാഴ്ചയിൽ രമേഷ് പൊവാർ പറഞ്ഞതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബിസിസിഐ ഭാരവാഹി വ്യക്തമാക്കി. അതേസമയം, മിതാലിയെ സെമി കളിച്ച ടീമിൽനിന്ന് ഒഴിവാക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളുടെ പേരിൽ മാത്രമാണെന്നും പൊവാർ അവകാശപ്പെട്ടു. ടൂർണമെന്റിലെ മോശം സ്ട്രൈക്ക് റേറ്റാണ് മിതാലിയെ ടീമിൽനിന്ന് ഒഴിവാക്കാൻ കാരണമായി പൊവാർ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ ശക്തരായ ഓസീസിനെതിരെ വിജയിച്ച ടീമിനെ സെമിയിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊവാർ ബിസിസിഐക്കു മുന്നിൽ വെളിപ്പെടുത്തി.

അതേസമയം, സ്ട്രൈക്ക് റേറ്റിന്റെ അടിസ്ഥാനത്തിലാണു മിതാലിയെ ഒഴിവാക്കിയതെങ്കിൽ പാക്കിസ്ഥാനും അയർലൻഡിനുമെതിരായ കളികളിൽ മിതാലിയെ എന്തിന് ടീമിൽ ഉൾപ്പെടുത്തി എന്ന ചോദ്യത്തിനു പൊവാറിനു മറുപടി ഉണ്ടായിരുന്നില്ലെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ഈ രണ്ടു മൽസരങ്ങളിലും അർധ ‍സെഞ്ചുറി നേടിയ മിതാലി, പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും നേടിയിരുന്നു. അതിനിടെ, താരത്തിന്റെ പുറത്താകലിലേക്കു വഴിവച്ചത് ബിസിസിഐയിലെ ഏതെങ്കിലും ഉന്നതന്റെ ബാഹ്യസമ്മർദ്ദമാണോ എന്ന ചോദ്യത്തിന് അല്ലെന്നും പൊവാർ മറുപടി നൽകി.

രമേഷ് പൊവാർ തന്നെ അവഗണിക്കുകയും ആത്മവിശ്വാസം തകർത്ത് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി മിതാലി ആരോപിച്ചിരുന്നു. ബിസിസിഐയ്ക്ക് അയച്ച നീണ്ട കത്തിലാണ് പരിശീലകനുമായുള്ള പ്രശ്നങ്ങൾ മിതാലി എണ്ണിയെണ്ണി വിശദീകരിച്ചത്. തനിക്കു ടീമിലിടം നഷ്ടമായതിനു പിന്നിൽ ബിസിസിഐ ഭാരവാഹി ഡയാന എ‍ഡുൽജിയുടെ ഇടപെടലുണ്ടെന്നതിന്റെ സൂചനയും മിതാലി കത്തിൽ നൽകിയിരുന്നു.

അതിനിടെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി ഏതാനും മാസങ്ങൾക്കു മുൻപു ചുമതലയേറ്റ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ കൂടിയായ രമേഷ് പൊവാറുമായുള്ള ബിസിസിഐയുടെ കരാർ വെള്ളിയാഴ്ച അവസാനിക്കുകയാണ്. അടുത്ത പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിക്കുമ്പോൾ പോവാറിനും സാധ്യതയുണ്ടെങ്കിലും രണ്ടാമതൊരു അവസരത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയും വനിതാ ക്രിക്കറ്റിനെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടതുമാണു കാരണം.