ന്യൂഡൽഹി∙ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ രമേഷ് പൊവാറും ക്രിക്കറ്റ് ഭരണസമിതി അംഗം ഡയാന എഡുൽജിയും തന്നോടു പക്ഷപാതപരമായി പെരുമാറിയെന്നും തന്നെ ടീമിൽനിന്ന് ഒഴിവാക്കാൻ ഇരുവരും ചേർന്നു പ്രവർത്തിച്ചുവെന്നും വനിതാ ഏകദിന ടീം നായിക മിതാലി രാജ് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. വിൻഡീസിൽ നടന്ന ട്വന്റി20 ലോകകപ്പിലെ നിർണായക സെമിയിൽ പരിചയ സമ്പന്നയായ മിതാലിയ പുറത്തിരുത്തിയതു സംബന്ധിച്ച വിവാദത്തിൽ ഇതുവരെ മൗനം പാലിച്ച താരം ഒടുവിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇരുവരും തന്നോടു കാട്ടിയ നീതികേടുകൾ വിശദമായി വിവരിച്ച് ബിസിസിഐ സിഇഒ രോഹുൽ ജോഹ്റി, ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സാബാ കരിം എന്നിവർക്ക് മിതാലി ഇ മെയിൽ അയച്ചിരുന്നു. തനിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് ഇതിൽ തുറന്നെഴുതിയിട്ടുണ്ട് താരം. ആ കത്തിന്റെ പൂർണരൂപം വായിക്കാം:
പ്രിയ രാഹുൽ സർ, സാബാ,
ഭാവുകങ്ങൾ !
എന്റെ സങ്കടങ്ങൾ കേൾക്കാൻ തയാറാകുന്നതിന് ആദ്യമേ തന്നെ ഹൃദയം നിറഞ്ഞ നന്ദി. ഇന്ത്യയ്ക്കായി കളിച്ച കാലത്തെല്ലാം കളിക്കാരുെട വിഷമതകൾ കേൾക്കാനും പരിഹരിക്കാനുമുള്ള ബിസിസിഐയുടെ പ്രതിജ്ഞാബദ്ധത എനിക്കറിയാവുന്നതാണ്. കഴിഞ്ഞ 20 വർഷത്തെ കരിയറിൽ ഇതാദ്യമായി ഞാൻ ആകെ തകർന്ന അവസ്ഥയിലാണ്. രാജ്യത്തിനായി ഞാൻ നൽകിയിട്ടുള്ള സംഭാവനകൾക്ക്, അധികാരത്തിലിരുന്ന് എന്നെ നശിപ്പിക്കാനും എന്റെ ആത്മവിശ്വാസം തകർക്കാനും ശ്രമിക്കുന്ന ചിലർ എന്തെങ്കിലും വില നൽകുന്നുണ്ടോ എന്ന് സംശയിക്കാൻ ഞാൻ നിർബദ്ധിതയായിരിക്കുന്നു.
കുറച്ചുകൂടി വ്യക്തമായി പറയട്ടെ. ബിസിസിഐയുടെ ഇടക്കാല ഭരണസമിതി അംഗമെന്ന നിലയിൽ ഡയാന എഡുൽജിയിൽ ഞാൻ പൂർണമായും വിശ്വാസമർപ്പിച്ചിരുന്നു. ബിസിസിഐയിൽ അവർക്കുള്ള സ്ഥാനം എന്നെങ്കിലും എനിക്കെതിരെ പ്രയോഗിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. വെസ്റ്റ് ഇൻഡീസിൽ എനിക്കു നേരിട്ട ദുരനുഭവം ഞാൻ അവരോടു നേരിട്ടു വിവരിച്ചിരുന്നതിനാൽ പ്രത്യേകിച്ചും. എന്നിട്ടുകൂടി, ട്വന്റി20 ലോകകപ്പ് സെമിയിൽ എന്നെ പുറത്തിരുത്തിയ തീരുമാനത്തെ മാധ്യമങ്ങൾക്കു മുന്നിൽ ന്യായീകരിച്ച അവരുടെ നടപടി എന്നെ തീർത്തും സങ്കടപ്പെടുത്തി. എന്നോടു സംസാരിച്ചതിൽനിന്ന് എന്താണ് സംഭവിച്ചതെന്ന് അവർക്ക് അറിയാമായിരുന്നല്ലോ. ‘ടീം സിലക്ഷൻ സിഒഎയുടെ വിഷയമല്ല’ എന്ന പ്രസ്താവനയിലൂടെ ഇതിനൊന്നും യാതൊരു സംവിധാനവും നിലവില്ല എന്നും, ആർക്കും എന്തും ചെയ്യാമെന്നുമാണ് അവർ പറഞ്ഞുവച്ചത്. അധികാരത്തിലുള്ളവരുടെ പിന്തണയുള്ളതിനാൽ അവർക്കെന്തുമാകാമല്ലോ.
ഞാൻ ഈ മെയിൽ അയയ്ക്കുന്നതിലൂടെ എന്നെത്തന്നെ കൂടുതൽ കുഴപ്പത്തിലേക്കു നയിക്കുകയാണെന്ന ബോധ്യം എനിക്കുണ്ട്. അവർ സിഒഎ അംഗവും ഞാൻ വെറുമൊരു ക്രിക്കറ്റ് താരവുമാണല്ലോ. സെമിഫൈനൽ മൽസരത്തിൽ എന്നെ പുറത്തിരുന്നതിനു മുൻപ് കിട്ടിയ രണ്ട് അവസരങ്ങളിലും ഞാൻ അർധസെഞ്ചുറി നേടിയിരുന്നു. രണ്ടു കളിയിലും മികച്ച താരവുമായി. എന്നിട്ടും സെമിയിൽ ബാറ്റിങ്ങിൽ വെറും മൂന്ന് സ്പെഷലിസ്റ്റ് താരങ്ങളുമായി ഇറങ്ങിയ ടീമിന്റെ നയം മറ്റുള്ളവർക്കൊപ്പം എന്നെയും ഞെട്ടിച്ചു.
പ്രോട്ടോക്കോളിനു വിധേയമായി മാത്രമേ ഇതുവരെ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. വെസ്റ്റ് ഇൻഡീസിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. കാരണം, എന്റെ വിഷമം കാണാനും പ്രശ്നം പരിഹരിച്ച് നീതി ഉറപ്പാക്കാനും ബിസിസിഐ ഉണ്ടല്ലോ എന്ന വിശ്വാസമുണ്ടായിരുന്നു. എങ്കിലും, ബിസിസിഐ ഇടക്കാല ഭരണസമിതി അംഗം തന്നെ എനിക്കെതിരെ നിലപാടെടുത്തത് നീതി ലഭിക്കുന്നത് അത്ര സുഗമമല്ല എന്നതിന്റെ അടയാളമാണ്. ആരെയും ഞാൻ പിന്തുണയ്ക്കുന്നില്ലെന്ന് ആദ്യം പ്രഖ്യാപിക്കുകയും, പിന്നീട് എന്നെ പുറത്തിരുത്തിയതിനെ ന്യായീകരിക്കുകയും ചെയ്തത് ഇക്കാര്യത്തിൽ അവർക്കുള്ള മുൻവിധികളെ സൂചിപ്പിക്കുന്നുണ്ട്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ എനിക്കു പ്രത്യേകിച്ചൊരു പരാതിയുമില്ലെന്നും സൂചിപ്പിക്കട്ടെ. എന്നെ പുറത്തിരുത്താനുള്ള പരിശീലകന്റെ തീരുമാനത്തെ അവർ പിന്തുണച്ചതിൽ മാത്രം വേദനയുണ്ട്. ഇത്തവണ രാജ്യത്തിനായി ലോകകപ്പ് നേടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നാം നഷ്ടമാക്കിയത് ഒരു സുവർണാവസരമാണ്. എങ്കിലും, സീനിയർ താരങ്ങളെന്ന നിലയിൽ ഹർമനും ഞാനും ഒരുമിച്ചിരുന്നു പ്രശ്നം പരിഹരിക്കുന്നതാണ് ഉചിതമെന്നാണ് എന്റെ നിലപാട്. ഏകദിന ടീമിന്റെ നായിക എന്ന നിലയിൽ ഹർമൻപ്രീതെന്ന താരത്തിന്റെ പ്രകടനം ഇന്ത്യൻ ടീമിന് നിർണായകമായി കാണുന്നയാളാണ് ഞാൻ. ഞങ്ങൾ രണ്ടുപേരും തുടർന്നും ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കേണ്ടവരാണ്. എങ്കിലും എന്റെ പ്രശ്നം കൂടുതൽ ആഴമേറിയതാണ്.
പരിശീലകനായ രമേഷ് പവാറുമായി എനിക്കുള്ള പ്രശ്നത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകളിൽ ചില കൂട്ടിച്ചേർക്കലുകളുള്ളതായി എനിക്കു തോന്നുന്നു. പരിശീലകനായുള്ള എന്റെ പ്രശ്നം ഞങ്ങൾ വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ ആരംഭിച്ചതാണ്. എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ചില വ്യത്യാസങ്ങളുള്ളതായി ആദ്യമേ തോന്നിയിരുന്നു. എങ്കിലും അതു ഞാൻ ഗൗരവത്തിലെടുത്തില്ല. ശ്രീലങ്കൻ പര്യടനത്തിലും ഓസ്ട്രേലിയ എ ടീമിനെതിരായ മൽസരങ്ങളിലും ഇന്ത്യയ്ക്കായി ഞാനാണ് ട്വന്റി20യിൽ ഓപ്പൺ ചെയ്തിരുന്നത്. ലോകകപ്പിലും അങ്ങനെത്തന്നെയാകുമെന്ന് ഞാനൂഹിച്ചു.
എന്നാൽ, ലോകകപ്പ് മൽസരങ്ങൾ ആരംഭിക്കുന്നതിനു തലേന്ന് ഞാൻ നെറ്റ്സിൽനിന്നു വരുമ്പോൾ അദ്ദേഹം എന്റെ അടുത്തുവന്ന്, ന്യൂസീലൻഡിനെതിരെ മധ്യനിരയെ ശക്തിപ്പെടുത്താൻ ഞാൻ മധ്യനിരയിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. അടുത്തകാലത്തൊന്നും മധ്യനിരയിൽ കളിച്ചു പരിചയമോ, അതിനുള്ള പരിശീലനമോ ഇല്ലാതിരുന്നിട്ടും ടീമിന്റെ നന്മയെക്കരുതി ഞാൻ സമ്മതിച്ചു. ആ മൽസരത്തിൽ പവർപ്ലേ സമയത്ത് ടീം മൂന്നിന് 38 റൺസ് എന്ന നിലയിലേക്ക് തകർന്നതോടെ ഓപ്പണിങ്ങിലെ പരീക്ഷണം പാളിയെന്നു വ്യക്തമായിരുന്നു. എന്നാൽ, പുതിയ സഖ്യത്തെ അഭിനന്ദിച്ച പരിശീലകൻ, അടുത്ത മൽസരത്തിലും എന്നോടു മധ്യനിരയിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു.
ഈ തീരുമാനം എന്നെ ഞെട്ടിച്ചു. കാരണം പാക്കിസ്ഥാനെതിരെ മധ്യനിരയെ ശക്തിപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, പാക്കിസ്ഥാനെതിരെ എനിക്കു മികച്ച റെക്കോർഡുമുണ്ടായിരുന്നു. ഈ മൽസരം ജയിച്ചേ തീരുമായിരുന്നുള്ളൂ. ഇതോടെ ഞാൻ സിലക്ടർമാരെ സമീപിച്ചു. അവരുടെ ഇടപെടലിനെ തുടർന്ന് മൽസരത്തിന്റെ അന്നു രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഞാനാണ് ഓപ്പൺ ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു. അന്ന് ഞാൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. എന്നാൽ, നല്ല ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല. മാത്രമല്ല, അവിടുന്നങ്ങോട്ട് എന്നോടുള്ള അദ്ദേഹത്തിന്റെ രീതി മാറി. ഒരു പ്രധാനപ്പെട്ട ടൂർണമെന്റിനിടയ്ക്ക് അദ്ദേഹത്തിന്റെ ഈ രീതി എനിക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കി.
ഞാൻ എവിടെയെങ്കിലും ഇരിക്കുമ്പോൾ അവിടെനിന്നു മാറിനിൽക്കുക, മറ്റുള്ളവർ പരിശീലിക്കുമ്പോൾ അവർക്കു നിർദ്ദേശങ്ങൾ നൽകി ഒപ്പം നിൽക്കുമെങ്കിലും ഞാൻ വരുമ്പോൾ അവിടെനിന്നു പോവുക, സംസാരിക്കാൻ ചെന്നാൽ മൊബൈലിൽ നോക്കി നടന്നുമാറുക എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ രീതികൾ. എന്നെ ഇങ്ങനെ അപമാനിക്കുന്ന വിവരം എല്ലാവർക്കും അറിയുകയും ചെയ്യാമായിരുന്നു. എന്നിട്ടും ഞാൻ നിയന്ത്രണത്തോടെ പെരുമാറി. ഈ പ്രശ്നം ടീമിനെയാകെ ബാധിക്കുമെന്നു മനസിലായതോടെ ടീം മാനേജരെ കണ്ട് ഞാൻ പ്രശ്നം ധരിപ്പിച്ചു. അങ്ങനെ ഞങ്ങളെ രണ്ടുപേരെയും അവർ ഒരുമിച്ച് വിളിപ്പിച്ചു. അന്ന് വളരെ മാന്യമായാണ് ഞാൻ സംസാരിച്ചത്. എങ്കിലും മോശമായി സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. മാനേജരുടെ മുന്നിൽവച്ച് അദ്ദേഹം പലതവണ തന്റെ പിഴവുകൾ ഏറ്റുപറഞ്ഞു. എന്റെ ഭാഗത്തും വിട്ടുവീഴ്ച ചെയ്യാമെന്നു കരുതി അടുത്ത മൽസരത്തിൽ ഓപ്പണർ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ഞാൻ സന്നദ്ധത അറിയിച്ചു. അടുത്ത എതിരാളികൾ ചെറിയ ടീമായ അയർലൻഡായതിനാൽ പരീക്ഷണങ്ങൾക്ക് സമയമുണ്ടായിരുന്നു. എന്നാൽ, ഞാൻ തന്നെ ഓപ്പൺ ചെയ്താൽ മതിയെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതോടെ എല്ലാ പ്രശ്നങ്ങളും തീർന്നെന്നു ഞാൻ കരുതിയെങ്കിലും അങ്ങനെയായിരുന്നില്ല.
ആ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പെരുമാറ്റം കൂടുതൽ ക്രൂരമായി. അദ്ദേഹം എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാൻ ടീമിലേ ഇല്ലാത്തതു പോലെയായിരുന്നു പെരുമാറ്റം. ഞാൻ ഉള്ളിടത്ത് നിൽക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ മിണ്ടാൻ ശ്രമിച്ചാൽ മറുവശത്തേക്കു നോക്കിനിൽക്കും. ഇന്നലെ ഞാൻ നിങ്ങളെ അറിയിച്ചിരുന്നതുപോലെ തുടർന്നും അങ്ങനെ തന്നെയായിരുന്നു പെരുമാറ്റം. അന്നത്തെ ആ യോഗം അദ്ദേഹത്തിന്റെ ഈഗോയെ മുറിപ്പെടുത്തിയെന്ന് എനിക്കു തോന്നി. അയർലൻഡിനെതിരായ അടുത്ത മൽസരത്തിലും ഞാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിർഭാഗ്യവശാൽ ഫീൽഡിങ്ങിനിടെ ചെറിയൊരു പരുക്കുപറ്റി. ടീം ഫിസിയോ എനിക്കു വിശ്രമം നിർദ്ദേശിച്ചു. അടുത്ത ദിവസം നോക്കാമെന്നും പറഞ്ഞു. എല്ലാ സമ്മർദ്ദവും ചേർന്നതോട എന്നെ പനി ബാധിച്ചു. പിറ്റേന്ന് മൽസരമില്ലായിരുന്നെങ്കിലും ട്രെയിനിങ് സെഷനുണ്ടായിരുന്നു. ചെറിയ പനിയുണ്ടായിരുന്നതിനാൽ വിശ്രമിക്കാൻ ഫിസിയോ എന്നോടു നിർദ്ദേശിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനു മുന്നോടിയായുള്ള ടീം മീറ്റിങ്ങിനുശേഷം പവാർ എന്നെ ഫോണിൽ വിളിച്ച്, മൈതാനത്തേക്കു വരേണ്ടെന്നും അവിടെ മാധ്യമപ്രവർത്തകരുണ്ടെന്നും പറഞ്ഞു. എനിക്കും അവർക്കും തമ്മിലെന്ത് എന്നു ഞാൻ അദ്ഭുതപ്പെട്ടു. എന്റെ സ്വന്തം ടീമിന്റെ പ്രധാനപ്പെട്ടൊരു മൽസരത്തിലാണ് കൂടെ വരേണ്ട എന്ന് എന്നോടു പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. എനിക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്നും ഗ്രൗണ്ടിൽ വന്ന് കളി കണ്ടോട്ടേയെന്നും മാനേജരോടു ചോദിച്ചു. അവർ സമ്മതിച്ചു. ഇതിനു തൊട്ടുപിന്നാലെ ഡ്രസിങ് റൂമിൽനിന്ന് പുറത്തിറങ്ങരുത് എന്നാവശ്യപ്പെട്ട് പവാർ ടെക്സ്റ്റ് മെസേജ് അയച്ചു. ഫിസിയോയും മാനേജരും മാത്രം ഇടപെടേണ്ട വിഷയത്തിൽ പവാർ ഇടപെട്ടതിൽ എനിക്ക് അസ്വാഭാവികത തോന്നി.
സെമി ഫൈനൽ മൽസരത്തിനായി ആന്റിഗ്വയിലെത്തുമ്പോൾ, ഇംഗ്ലണ്ടിനെതിരായ മൽസരത്തിനു മുന്നോടിയായി മൂന്നു ദിവസം മുന്നിലുണ്ടായിരുന്നു. ആദ്യ ദിവസം നെറ്റ്സിൽ പരിശീലനം ഉണ്ടായിരുന്നില്ല. ഫീൽഡിങ് പരിശീലനത്തിനായി അഞ്ചു പേരെ മാത്രം കൂട്ടി പവാർ പോയി. ആരോ പറഞ്ഞ് ഈ വിവരം അറിഞ്ഞ ഞാനും കൂടെപ്പോകാൻ തീരുമാനിച്ചു. കാരണം ഞാൻ ബാറ്റു പിടിച്ചിട്ടുതന്നെ രണ്ടു ദിവസമായിരുന്നു. പരിശീലനത്തിനു വരാൻ താൽപര്യമുണ്ടെന്നു വ്യക്തമാക്കി ഞാൻ പവാറിനു മെസേജ് അയച്ചു. എന്നാൽ മറുപടിയൊന്നും കിട്ടിയില്ല. തുടർന്ന് ഞാൻ മാനേജർക്ക് മെസേജ് അയച്ചു. മുഴുവൻ ടീമിനുമൊപ്പം നിങ്ങൾ വന്നാൽ മതിയെന്നും മറ്റു പരിശീലനങ്ങൾക്കു നിൽക്കാതെ ബാറ്റു ചെയ്താൽ മതിയെന്നും രമേഷ് അറിയിച്ചതായി അവർ മറുപടി നൽകി.
എന്നാൽ പരിശീലനത്തിനായി ഞാൻ നെറ്റ്സിൽ എത്തിയപ്പോൾ അദ്ദേഹം കണ്ട ഭാവം നടിച്ചില്ല. ഞാൻ മുന്നിൽ വരുമ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്തു. സെമിയിൽ എന്നെ കളിപ്പിക്കാൻ അദ്ദേഹം തയാറല്ലെന്ന് എനിക്കു മനസ്സിലായി. പിറ്റേന്ന് പരിശീലനത്തിന്റെ അവസാന നിമിഷങ്ങളിൽ എന്നെ ദീപ്തിക്കൊപ്പമാണ് അദ്ദേഹം നെറ്റ്സിൽ വിട്ടത്. പാർട് ടൈം ബോളർമാർ മാത്രമാണ് എനിക്കു ബോൾ ചെയ്യാൻ ഉണ്ടായിരുന്നത്. മധ്യനിരയിൽ പോലും എനിക്ക് അവസരം നൽകാതെ ബോളർമാർക്കിടയിലാണ് ബാറ്റിങ്ങിന് ഇറക്കിയത്. ടീമിൽ വേണമെന്ന് ഒട്ടും താൽപര്യമില്ലാത്ത ഒരാൾക്കു നൽകുന്ന പരിഗണന മാത്രമേ അദ്ദേഹം തന്നുള്ളൂ. ഇതോടെ എത്ര മികച്ച പ്രകടനം നടത്തിയാലും എന്നെ അദ്ദേഹം ടീമിൽ ഉൾപ്പെടുത്തില്ല എന്ന് വ്യക്തമായി.
സാധാരണയായി മൽസരങ്ങൾക്ക് ഒരു ദിവസം മുൻപോ മൽസരത്തിന്റെ അന്നോ ആണ് പവാർ ടീമിനെ പ്രഖ്യാപിക്കാറുള്ളത്. സെമിക്കു മുൻപ് അതുണ്ടായില്ല. മൽസരത്തിന്റെ ടോസിനായി ഹർമൻ ഗ്രൗണ്ടിലേക്കു പോയപ്പോൾ അദ്ദേഹം ഓടി എന്റെ അടുത്തുവന്ന്, കഴിഞ്ഞ മൽസരത്തിലെ അതേ ടീമുമായി കളിക്കുകയാണെന്ന് അറിയിച്ചു. സെമിയിൽ ആരൊക്കെയാണ് കളിക്കുകയെന്ന് ടീമിലെ മറ്റെല്ലാവർക്കും അറിയാമായിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാൻ മാത്രം ഒന്നുമറിഞ്ഞില്ല.
പിന്നീട് ടീം ഫീൽഡിങ്ങിന് ഇറങ്ങാൻ ഒരുങ്ങുമ്പോൾ പ്ലേയിങ് ഇലവനിലില്ലാത്ത താരങ്ങളും കൂടി ഒരുമിച്ചുകൂടിയിട്ടു പിരിയുന്നതാണ് രീതി. അന്ന് അതുമുണ്ടായില്ല. പ്ലേയിങ് ഇലവനിലുള്ളവർ മാത്രമേ ഒരുമിച്ചു കൂടുന്നുള്ളൂ എന്നും മറ്റുള്ളവർക്ക് ഡഗൗട്ടിലേക്കു പോകാമെന്നും മാനേജർ മുഖേന അറിയിച്ചു. ഞങ്ങൾ അപമാനിക്കപ്പെട്ടതുപോലെ തോന്നി. പരിശീലകന്‍ എന്നെ അപമാനിക്കാനും നശിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആശങ്ക എന്നിൽ ശക്തിപ്പെട്ടു. 20 വർഷത്തെ എന്റെ കരിയറിലെ ആദ്യ അനുഭവമെന്ന നിലയിൽ എനിക്കു കണ്ണീരടക്കാനായില്ല. എന്റെ അധ്വാനത്തിന് യാതൊരു വിലയുമില്ലെന്ന് എനിക്കു തോന്നി.
ഓസ്ട്രേലിയയ്ക്കെതിരെ നമ്മൾ ജയിച്ച മൽസരത്തിനുശേഷം എന്നെ മൈതാനത്തേക്ക് വിളിക്കാൻ ആവശ്യപ്പെട്ട് ഒരു താരത്തെ രമേഷ് ഡ്രസിങ് റൂമിലേക്ക് അയച്ചു. എനിക്ക് അദ്ഭുതം തോന്നി. മൽസരസമയത്ത് ഡ്രസിങ് റൂമിൽ അടച്ചിട്ട ശേഷം ഇപ്പോൾ മൈതാനത്തേക്കു വിളിക്കുന്നു!
മേൽ വിവരിച്ച കാര്യങ്ങൾ അനുസരിച്ച്, ടീമിനായി 100 ശതമാനം സമർപ്പിക്കുകയും ഏകദിന ടീമിനെ നയിക്കുകയും ചെയ്യുന്ന താരമെന്ന നിലയിൽ എനിക്കു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാമോ? ഡയാന പരസ്യമായിത്തന്നെ എനിക്കെതിരെ തിരിയുകയും പരിശീലകൻ അപരിചിതമായ രീതിയിൽ പെരുമാറുകയും ചെയ്യുമ്പോൾ, ഞാൻ തകർന്നുപോകുന്നതായി തോന്നുന്നു. മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അവസാന ആശ്രയമെന്ന നിലയിലാണ് ഈ കത്തെഴുതുന്നത്. ഇനി എന്താണ് വേണ്ടതെന്ന് അറിയിക്കുമല്ലോ.
സ്നേഹപൂർവം,
മിതാലി