Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം ഗംഭീർ വിരമിച്ചു: പാഡഴിച്ചത് ലോകകപ്പിലെ ഇന്ത്യൻ ഹീറോ

gautam gambhir ഗൗതം ഗംഭീർ

ന്യൂഡൽഹി∙ ഹൃദയഭേദകമായ വേദനയോടെയായിരിക്കുംഏറ്റവും കഠിനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന ആമുഖത്തോടെ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെ വിടവാങ്ങൾ പ്രഖ്യാപനം. ആന്ധ്രയ്ക്കെതിരെ നാളെ തുടങ്ങുന്ന രഞ്ജി ട്രോഫി മൽസരം തന്റെ അവസാനത്തെ ക്രിക്കറ്റ് മൽസരം ആയിരിക്കുമെന്നും ഡൽഹി താരം ട്വിറ്ററിൽ കുറിച്ചു.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള താരമാണ് മുപ്പത്തിയേഴുകാരനായ ഗംഭീർ. ഇന്ത്യ ചാപ്യൻമാരായ 2007 ട്വന്റി20 ലോകകപ്പിലും 2011 ലോകകപ്പിലും ടീമിനായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനവും കളിച്ചു. ആഭ്യന്തര മൽസരങ്ങളിൽ തുടർച്ചയായി മികവു തെളിയിച്ചിട്ടും ദീർഘകാലം ഇന്ത്യൻ ടീമിനു പുറത്തായിരുന്ന ഗംഭീർ 2016ൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹിയുടെ നായകനായിരുന്നെങ്കിലും മോശം ഫോമിനെത്തുടർന്ന് നായക സ്ഥാനം ശ്രയസ് അയ്യർക്കു കൈമാറി സ്വയം ടീമിൽനിന്ന് ഒഴിവായ ഗംഭീർ ആരാധകരുടെ കൈയടി വാങ്ങിയിരുന്നു. 

∙ 2007 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ 75 റൺസോടെ ടോപ് സ്കോറർ. 

∙ 2011 ഏകദിന ലോകകപ്പിൽ 97 റൺസ്. ധോണിയുമൊത്ത് നാലാം വിക്കറ്റിൽ 109 റൺസ് കൂട്ടുകെട്ട്. 

∙ ന്യൂസീലൻ‌ഡിനെതിരെ 2009 നേപ്പിയർ ടെസ്റ്റിൽ പൊരുതി നേടിയ 137 റൺസോടെ ഇന്ത്യയ്ക്കു സമനിലനൽകി. 

∙ വീരേന്ദർ സേവാഗിനൊപ്പം 87 ടെസ്റ്റിൽ 52.52 ശരാശരിയിൽ നേടിയത് 4412 റൺസ്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ ഓപ്പണിങ് കൂട്ടുകെട്ട്.

∙ 2009ലെ ഐസിസി പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം. അതേ വർഷം ടെസ്റ്റ് ബാറ്റിങിലെ ഒന്നാം സ്ഥാനം. 

∙ തുടർച്ചയായ 5 ടെസ്റ്റ് മൽസരങ്ങിൽ സെഞ്ചുറിയടിച്ച 4 താരങ്ങളിൽ ഒരാൾ. സർ ഡൊണാൾഡ് ബ്രാഡ്മാൻ (ഓസീസ്), ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), മുഹമ്മദ് യൂസഫ് (പാക്കിസ്ഥാൻ) എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റു താരങ്ങൾ.

∙ ഏകദിനത്തിൽ നായകനായ 6 മൽസരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വട്ടം ഐപിഎൽ കിരീടത്തിലും. 

related stories