Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ലോക മഹായുദ്ധ കാലത്തോളം പഴക്കമുള്ള റെക്കോർ‍ഡ് തകർത്ത് ‘യാസിർ ഷോ’

yasir-shah-200-wickets ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് പൂർത്തിയാക്കിയ യാസിർ ഷായുടെ ആഹ്ലാദം.

അബുദാബി∙ രണ്ടാം ലോക മഹായുദ്ധ കാലത്തോളം പഴക്കമുള്ളൊരു റെക്കോർഡ് സ്വന്തം പേരിലാക്കി പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷാ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ബോളറെന്ന നേട്ടമാണ് മുപ്പത്തിരണ്ടുകാരനായ യാസിർ സ്വന്തമാക്കിയത്. ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അരങ്ങേറ്റ മൽസരം കളിക്കുന്ന വില്യം സോമർവില്ലെയെ പുറത്താക്കിയാണ് യാസിർ റെക്കോർഡിലേക്കു പന്തെറിഞ്ഞത്. 33–ാം ടെസ്റ്റിലാണ് യാസിർ ഇരകളുടെ എണ്ണത്തിൽ ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയത്.

82 വർഷങ്ങൾക്കു മുൻപ് (1936) വെറും 36 ടെസ്റ്റുകളിൽനിന്ന് 200 വിക്കറ്റ് തികച്ച ഓസ്ട്രേലിയൻ താരം ക്ലാരി ഗ്രിമ്മെറ്റിന്റെ റെക്കോർഡാണ് യാസിറിനു മുന്നിൽ വഴിമാറിയത്. 34 പന്തിൽനിന്നും നാലു റൺസെടുത്ത സോമർവില്ലെയെ യാസിർ എൽബിയിൽ കുരുക്കുകയായിരുന്നു. ഡിആർഎസ് ആനുകൂല്യം ഉപയോഗിക്കണോ എന്ന സന്ദേഹത്തിനൊടുവിൽ അതിനു തുനിയാതെ സോമർവില്ലെ പവലിയനിലേക്കു നടക്കുമ്പോൾ റെക്കോർഡ് തകർത്തതിന്റെ ആത്മവിശ്വാസത്തിലായിരുന്നു യാസിർ.

ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ആരംഭിക്കും മുൻപ് 32 ടെസ്റ്റുകളിൽനിന്ന് 195 വിക്കറ്റായിരുന്നു യാസിറിന്റെ സമ്പാദ്യം. ഒന്നാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് പിഴുത് വിക്കറ്റ് നേട്ടം 198ൽ എത്തിച്ച ഷാ, രണ്ടാം ഇന്നിങ്സിൽ രണ്ടാമത്തെ ഇരയേയും സ്വന്തമാക്കിയാണ് റെക്കോർഡു ബുക്കിലേക്ക് നടന്നുകയറിയത്. ഇതുവരെ 16 അഞ്ചു വിക്കറ്റ് നേട്ടവും മൂന്ന് 10 വിക്കറ്റ് നേട്ടവും സഹിതമാണ് യാസിർ 200 വിക്കറ്റ് പൂർത്തിയാക്കിയത്.

അതിവേഗത്തിൽ 200 വിക്കറ്റ് തികച്ചതിനു പുറമെ ഈ പരമ്പരയിൽ ഇതുവരെ 27 വിക്കറ്റുകൾ സ്വന്തമാക്കിയ യാസിർ, മറ്റൊരു റെക്കോർഡിലേക്കുള്ള കുതിപ്പിലാണ്. മൂന്നു മൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പാക് താരമായ അബ്ദുൽ ഖാദിറിന്റെ റെക്കോർഡ് തകർക്കാൻ യാസിറിന് ഇനി നാലു വിക്കറ്റ് കൂടി മതി. 1987–88 സീസണിൽ ഇംഗ്ലണ്ടിനെതിരെയാണ് ഖാദിർ റെക്കോർഡ് കൈവരിച്ചത്.

ദുബായിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒറ്റ ദിവസം 10 വിക്കറ്റ് പിഴുത് (രണ്ട് ഇന്നിങ്സിലായി) റെക്കോർഡു കുറിച്ച യാസിർ, മൽസരത്തിലാകെ 14 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇമ്രാൻ ഖാനു ശേഷം ഒരു ടെസ്റ്റിൽ 14 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പാക്കിസ്ഥാൻ താരം എന്ന നേട്ടവും യാസിർ സ്വന്തമാക്കിയിരുന്നു.

17 ടെസ്റ്റുകളിൽനിന്ന് 100 വിക്കറ്റ് ക്ലബ്ബിലെത്തിയ യാസിർ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ഒൻപതു ടെസ്റ്റുകളിൽനിന്ന് 50 വിക്കറ്റ് തികച്ച യാസിർ, ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന പാക് താരമായും മാറിയിരുന്നു. 

2016ൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് കൈവരിക്കുന്ന താരമെന്ന ഗ്രിമ്മറ്റിന്റെ റെക്കോർഡിന് ഒപ്പമെത്താൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനു അവസരമുണ്ടായിരുന്നു. എന്നാൽ, 37 മൽസരങ്ങളിൽനിന്നാണ് അന്ന് അശ്വിന് 200 വിക്കറ്റ് നേട്ടത്തിലെത്താനായത്. 38 ടെസ്റ്റുകളിൽനിന്ന് 200 വിക്കറ്റ് തികച്ച പാക്കിസ്ഥാൻ താരം വഖാർ യൂനിസ്, ഓസീസ് താരം ഡെന്നിസ് ലിലി എന്നിവരാണ് നാലാമത്. 39 ടെസ്റ്റുകളിൽനിന്ന് 200 വിക്കറ്റ് തികച്ച ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌ൽ സ്റ്റെയിൻ അഞ്ചാം സ്ഥാനത്തുണ്ട്.

related stories