Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൺദാഹം ശമിച്ചിട്ടില്ല, പ്രതിഭ വറ്റിയിട്ടുമില്ല; വിരമിക്കൽ മൽസരത്തിൽ ഗംഭീറിനു സെഞ്ചുറി

gautam-gambhir-century ഗൗതം ഗംഭീർ

ന്യൂഡൽഹി∙ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഗൗതം ഗംഭീറിന്റെ റൺദാഹം ശമിക്കുന്നില്ല. ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരം കരിയറിലെ അവസാന മൽസരമായിരിക്കുമെന്ന് പ്രഖ്യാപിച്ച ഗംഭീർ, ഈ മൽസരത്തിലും സെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 390 റൺസിന് എല്ലാവരും പുറത്തായപ്പോൾ, ഗംഭീർ നേടിയ സെഞ്ചുറിയുടെ മികവിൽ ഡൽഹി ഒന്നാം ഇന്നിങ്സ് ലീഡു നേടി.

മൂന്നാം ദിനം കളി നിർത്തുമ്പോൾ 144 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എന്ന നിലയിലാണ് ഡൽഹി. ഓപ്പണറായിറങ്ങി 185 പന്തുകൾ നേരിട്ട ഗംഭീർ, 10 ബൗണ്ടറി സഹിതം 112 റൺസെടുത്താണ് പുറത്തായത്. ഇതു മൽസരത്തിന്റെ മൂന്നാം ദിനമായതിനാൽ രണ്ടാം ഇന്നിങ്സിൽ ഗംഭീർ ബാറ്റിങ്ങിന് ഇറങ്ങാൻ ഇടയില്ല (രഞ്ജി ട്രോഫി മൽസരങ്ങൾ നാലു ദിവസമേയുള്ളൂ). അതുകൊണ്ടുതന്നെ സെഞ്ചുറിയോടെ താരം കരിയർ അവസാനിപ്പിക്കാനാണ് എല്ലാ സാധ്യതയും.

സെഞ്ചുറി നേട്ടത്തിനൊപ്പം രണ്ടു സെഞ്ചുറി കൂട്ടുകെട്ടുകളിലും ഗംഭീർ പങ്കാളിയായി. ഓപ്പണിങ് വിക്കറ്റിൽ ഹിട്ടൺ ദലാലിനൊപ്പം 108 റൺസ് കൂട്ടുകെട്ടു തീർത്ത ഗംഭീർ, രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ധ്രുവ് ഷോറെയ്ക്കൊപ്പം 113 റൺസ് കൂട്ടുകെട്ടും തീർത്തു.

ഹിട്ടൺ ദലാലും ധ്രുവ് ഷോറെയും അർധസെഞ്ചുറി നേടിയാണ് പുറത്തായത്. ദലാൽ 77 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 58 റൺസെടുത്തപ്പോൾ, ഷോറെ 259 പന്തിൽ ആറു ബൗണ്ടറി സഹിതം 98 റൺസെടുത്ത് പുറത്തായി. മുഹമ്മദ് ഖാന്റെ പന്തിൽ കെ.എസ്. ഭരതിനു ക്യാച്ച് സമ്മാനിച്ചാണ് ഗംഭീർ പുറത്തായത്.

related stories