ചെന്നൈ∙ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടീമിന്റെ തകർപ്പൻ തിരിച്ചുവരവു സ്വപ്നം കണ്ട ആരാധകരെ നിരാശയിലാഴ്ത്തി രഞ്ജി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. കരുത്തരായ തമിഴ്നാടിനോട് 151 റൺസിനാണ് കേരളം തോൽവി വഴങ്ങിയത്. 369 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം, 217 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചുറിയുമായി പടനയിച്ച സഞ്ജു സാംസണിന്റെ (91) പോരാട്ടം പാഴാവുകയും ചെയ്തു. വിജയത്തോടെ തമിഴ്നാടിന് ആറു പോയിന്റു ലഭിച്ചു. കേരളത്തിന് പോയിന്റില്ല. ഇനി 14 മുതൽ ഡൽഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം. രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടു വിജയങ്ങൾക്കു ശേഷമാണ് കേരളം തുടർച്ചയായി രണ്ടു തോൽവി വഴങ്ങുന്നത്.
192 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത സഞ്ജു എട്ടാമനായാണ് പുറത്തായത്. മൂന്നാം വിക്കറ്റിൽ സിജോമോൻ ജോസഫിനൊപ്പം 97 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് തീർത്ത സഞ്ജു കേരളത്തെ വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും എല്ലാം വെറുതെയായി. സിജോമോൻ 55 റൺസെടുത്ത് പുറത്തായി. അരുണ്‍ കാർത്തിക് (33), ജലജ് സക്സേന (12), പി.രാഹുൽ (പൂജ്യം), സച്ചിൻ ബേബി (പൂജ്യം), ജഗദീഷ് (പൂജ്യം), വിഷ്ണു വിനോദ് (14), അക്ഷയ് ചന്ദ്രൻ (പുറത്താകാതെ എട്ട്), ബേസിൽ തമ്പി (പൂജ്യം), സന്ദീപ് വരിയർ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. തമിഴ്നാടിനായി പേസ് ബോളർ തങ്കരശ് നടരാജൻ അഞ്ചു വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത്, സായ് കിഷോർ എന്നിവർ രണ്ടു വിക്കറ്റ് വീതം പിഴുതു.
സ്കോർ: തമിഴ്നാട് – 268 & 252/7d, കേരളം – 152 & 217
മുന്നിലുള്ള കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പതറാതെ അവസാന ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനായി മൂന്നാം വിക്കറ്റിൽ സഞ്ജു സാംസൺ–സിജോമോൻ ജോസഫ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മികച്ച തുടക്കമിട്ടതാണ്. തമിഴ്നാട് ബോളിങ്ങിനെ ഇരുവരും ചെറുത്തുനിന്നതോടെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എന്ന നിലയിലായിരുന്നു കേരളം. എട്ടു വിക്കറ്റ് കയ്യിലിരിക്കെ 49 ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 226 റൺസ്.
കേരളം വിജയത്തിലെത്തുന്നതും കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തി അർധസെഞ്ചുറിയുമായി സിജോമോൻ ജോസഫ് പുറത്തായതാണ് മൽസരത്തിൽ വഴിത്തിരിവായത്. മൂന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത സഞ്ജു–സിജോമോൻ സഖ്യം കേരളത്തെ അവിശ്വസനീയ ജയത്തിലേക്കു നയിക്കുമെന്ന് കരുതിയിരിക്കെയാണ് സിജോമോന്റേത് ഉൾപ്പെടെ ക്ഷണത്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തി തമിഴ്നാട് തിരിച്ചടിച്ചത്. അർധസെഞ്ചുറി പൂർത്തിയാക്കി സിജോമോൻ ജോസഫ് നടരാജന്റെ പന്തിൽ എല്‍ബിയിൽ കുരുങ്ങുകയായിരുന്നു. 132 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 55 റൺസെടുത്താണ് സിജോമോൻ പുറത്തായത്.
ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ പി.രാഹുൽ അക്കൗണ്ടു തുറക്കും മുൻപ് റണ്ണൗട്ടായി. മൂന്നു പന്തുമാത്രം നീണ്ട ഇന്നിങ്സിനൊടുവിലായിരുന്നു രാഹുലിന്റെ മടക്കം. പ്രതീക്ഷകളുടെ ഭാരവുമായി ക്രീസിലെത്തിയ സച്ചിൻ ബേബി നേരിട്ട ആദ്യ പന്തിൽ നടരാജന് വിക്കറ്റ് സമ്മാനിച്ച് എൽബിയിൽ കുരുങ്ങിയതോടെ മേധാവിത്തം കളഞ്ഞുകുളിച്ച് കേരളം തകർന്നു.
സഞ്ജു ഒരറ്റത്തു പൊരുതി നോക്കിയെങ്കിലും മറുവശത്തു കൂട്ടുനിൽക്കാൻ ആളില്ലാതെ പോയതോടെ തമിഴ്നാട് വിജയം പിടിച്ചെടുത്തു. സിജോമോൻ പുറത്തായശേഷം രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കടന്ന ഏകതാരം വിഷ്ണു വിനോദ് മാത്രം. 52 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 14 റൺസെടുത്ത വിഷ്ണുവിനെ ബാബ അപരാജിതാണ് പുറത്താക്കിയത്.
ഓപ്പണർ എ.ബി. അരുൺ കാർത്തിക്കിന്റെ വിക്കറ്റാണ് നാലാം ദിനം കേരളത്തിന് ആദ്യം നഷ്ടമായത്. 69 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 33 റൺസെടുത്ത അരുണിനെ സായ് കിഷോറാണ് പുറത്താക്കിയത്. മറ്റൊരു ഓപ്പണർ ജലജ് സക്സേന മൂന്നാം ദിനം തന്നെ പുറത്തായിരുന്നു. 21 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 12 റൺസെടുത്ത സക്സേനയെ നടരാജനാണ് പുറത്താക്കിയത്.
നേരത്തെ, തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഇന്ദ്രജിത്ത്, കൗശിക് ഗാന്ധി എന്നിവരുടെ മികവിൽ തമിഴ്നാട് ഏഴു വിക്കറ്റിന് 252 റൺസെടുത്ത ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ദ്രജിത്ത് 148 പന്തിൽ ആറു ബൗണ്ടറികവോടെ 92 റൺസെടുത്തുപുറത്തായി. കൗശിക് ഗാന്ധി 140 പന്തിൽ നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 59 റൺസെടുത്തു. കേരളത്തിനായി സിജോമോൻ ജോസഫ് നാലു വിക്കറ്റ് വീഴ്ത്തി.