അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും ഉൾപ്പെടെ തകർപ്പൻ ബാറ്റിങ്ങുമായി മിന്നും താരമായത് ചേതേശ്വർ പൂജാരയാണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ മുൻപു രണ്ടു തവണ മാത്രം സംഭവിച്ചൊരു നേട്ടം സ്വന്തമാക്കിയ താരമുണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ; ഇരുപത്തൊന്നുകാരൻ ഋഷഭ് പന്ത്. മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി ഓസീസ് മണ്ണിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായെത്തിയ ഋഷഭ് പന്ത് അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ സ്വന്തമാക്കിയത് 11 ക്യാച്ചുകളാണ്! ഒന്നാം ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും.
ഇതോടെ, ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന ലോക റെക്കോർഡും പന്തിനു സ്വന്തം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാക്ക് റസ്സൽ (1995ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്ബർഗിൽ), ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ എ.ബി. ഡിവില്ലിയേഴ്സ് (2013ൽ പാക്കിസ്ഥാനെതിരെ ജൊഹാനസ്ബർഗിൽ) എന്നിവർക്കൊപ്പമാണ് പന്തും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ഒന്നാം ഇന്നിങ്സിൽ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരുടെ ക്യാച്ചു സ്വന്തമാക്കിയ പന്ത് രണ്ടാം ഇന്നിങ്സിൽ ഫിഞ്ച്, ഹാരിസ്, മാർഷ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക് എന്നിവരെയും കയ്യിലൊതുക്കി. ഇതിനിടെ രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ നഥാൻ ലിയോണിന്റെ ക്യാച്ച് കൈവിട്ടത് റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും പന്തിനു നഷ്ടമാക്കി.
ഇക്കാര്യത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ റെക്കോർഡും ഇനി പന്തിന്റെ പേരിൽ. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിൽ 10 ക്യാച്ചു സ്വന്തമാക്കിയ വൃദ്ധിമാൻ സാഹയുടെ റെക്കോർഡാണ് പന്തു സ്വന്തം പേരിലാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡും പന്തു കൈക്കലാക്കി. 2014ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ ഒൻപതു ക്യാച്ചുകളുടെ റെക്കോർഡാണ് പന്തു സ്വന്തം പേരിലാക്കിയത്.
∙ ഇന്നിങ്സിലെ ക്യാച്ചിലും റെക്കോർഡ്
നേരത്തെ, ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പന്തു സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്‍ഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസീസിന്റെ ആറു ക്യാച്ചുകൾ കയ്യിലൊതുക്കിയാണ് പന്ത് റെക്കോർഡിട്ടത്. ഓസീസ് നിരയിൽ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് പന്തിന് ക്യാച്ചു സമ്മാനിച്ച് പുറത്തായത്. ഇതിൽ രണ്ടു പേർ മുഹമ്മദ് ഷമിയുടെ പന്തിലും രണ്ടു പേർ ജസ്പ്രീത് ബുമ്രയുടെ പന്തിലുമാണ് പന്തിനു ക്യാച്ച് നൽകിയത്. ഓരോ താരങ്ങൾ വീതം ഇഷാന്ത് ശർമയുടെയും രവിചന്ദ്രൻ അശ്വിന്റെയും പന്തിൽ പന്തിനു ക്യാച്ച് നൽകി.
ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന താരങ്ങളിൽ രണ്ടാം സ്ഥാനവും പന്തു നേടി. ആറു ക്യാച്ചു വീതം നേടിയിട്ടുള്ള ഡെന്നിസ് ലിൻഡ്സേ (ദക്ഷിണാഫ്രിക്ക), ജാക്ക് റസ്സൽ (ഇംഗ്ലണ്ട്), അലെക് സ്റ്റുവാർട്ട് (ഇംഗ്ലണ്ട്), ക്രിസ് റീഡ് (ഇംഗ്ലണ്ട്), മാറ്റ് പ്രയർ (ഇംഗ്ലണ്ട്) എന്നിവർക്കൊപ്പമാണ് പന്തിന്റെയും സ്ഥാനം.
അതേസമയം, ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത റെക്കോർഡ് വെസ്റ്റ് ഇൻഡീസ് താരം റിഡ്‌ലി ജേക്കബ്സിന്റെ പേരിലാണ്. 2000ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ മാത്രം ഏഴു ക്യാച്ചുകളാണ് ജേക്കബ്സ് സ്വന്തമാക്കിയത്.
പന്തിനു പുറമെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആറു ക്യാച്ചു നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണിയാണ്. 2009ൽ ന്യൂസീലൻഡിനെതിരെ വെല്ലിങ്ടണിലാണ് ധോണി ഒരു ഇന്നിങ്സിൽ ആറു ക്യാച്ചു സ്വന്തമാക്കിയത്. അതേസമയം, റിഡ്‌ലി ജേക്കബ്സിനു പുറമെ പാക്കിസ്ഥാന്റെ വസിം ബാരി, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലർ, ന്യൂസീലൻഡിന്റെ ഇയാൻ സ്മിത്ത് എന്നിവർ ഒരു ഇന്നിങ്സിൽ ഏഴു ക്യാച്ച് സ്വന്തമാക്കിയിട്ടുണ്ട്.