Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സ്റ്റേഡിയം, പുതിയ പിച്ച്; എങ്കിലും ബാറ്റ്സ്മാനോട് പൊറുക്കില്ല പെർത്ത്!

Optus Stadium in Perth, Australia പെർത്തിലെ പുതിയ ഓപ്റ്റസ് സ്റ്റേഡിയം.

പെർത്ത്∙ ഓസീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയത്തോടെ ചരിത്രമെഴുതിയ ഇന്ത്യയെ രണ്ടാം ടെസ്റ്റിൽ കാത്തിരിക്കുന്നതു തീ പാറുന്ന വിക്കറ്റ്. ആദ്യ രാജ്യാന്തര ടെസ്റ്റ് മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിനോടു സമാനമായ രീതിയിൽ പേസും ബൗൺസുമുള്ള വിക്കറ്റാകും ഒരുക്കുക. വാക്ക സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെ കളിച്ച നാലു ടെസ്റ്റിൽ മൂന്നിലും ഓസീസിനൊപ്പമായിരുന്നു വിജയം.

അഡ്‌ലെയ്ഡ് ടെസ്റ്റിനു മുൻപ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയതും വാക്കയിലാണ്. 2008ൽ അനിൽ കുംബ്ലെയ്ക്കു കീഴിൽ 72 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. എന്നാൽ ഇന്ത്യക്കെതിരെ പിണഞ്ഞ തോൽവിയുടെ കണക്ക് 2012ലെ ഇന്നിങ്സ് ജയത്തോടെയാണ് ഓസീസ് തീർത്തത്.

ഇന്ത്യ: 2007-08 ഓസീസ് പര്യടനത്തിലെ മൂന്നാം മൽസരം. ആദ്യ 2 ടെസ്റ്റും തോറ്റ ഇന്ത്യ വാക്കയിൽ തിരിച്ചടിച്ചു. അർ‌ധ സെഞ്ചുറി നേട്ടത്തോടെ രാഹുൽ ദ്രാവിഡും (93), വി.വി.എസ്. ലക്ഷ്മണും (79) തിളങ്ങിയ മൽസരത്തിൽ ഇന്ത്യൻ വിജയം 72 റൺസിന്. നാലാം ടെസ്റ്റ് സമനിലയിലായതോടെ പരമ്പര ഓസീസ് 2–1നു സ്വന്തമാക്കി. സ്കോർ ഇന്ത്യ 330, 294; ഓസീസ് 212, 340.

ഓസീസ്: 2011-12 ഓസീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് പേസർമാർക്കു മുന്നില്‌‍ തകർന്നടിഞ്ഞ ഇന്ത്യയുടെ തോൽവി ഇന്നിങ്സിനും 37 റൺസിനും. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയോടെ ഡേവിഡ് വാർണറും (180), രണ്ട് ഇന്നിങ്സിലും 4 വിക്കറ്റ് വീതം വീഴ്ത്തിയ ബെൻ ഹിൽഫെൻഹസുമാണു മൽസരത്തിൽ തിളങ്ങിയത്. സ്കോർ ഇന്ത്യ 161,171; ഓസീസ് 369. പരമ്പര ഓസീസ് 4–0നു തൂത്തുവാരി

ഓപ്റ്റസ് സ്റ്റേഡിയം (പെർത്ത്)

കപ്പാസിറ്റി : 60,000 കാണികൾ

ഓസ്ട്രേലിയൻ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ രൂപകൽപ്പന.

ആദ്യ രാജ്യാന്തര ടെസ്റ്റ് മൽസരം: ഇന്ത്യ– ഓസീസ് ടെസ്റ്റ്, ഡിസംബർ 14

വിക്കറ്റ്: വേഗത്തിനും ബൗൺസിനും പേരുകേട്ട വാക്ക സ്റ്റേഡിയത്തിലെ വിക്കറ്റിനോടു സമാനമായ രീതിയിലുള്ള വിക്കറ്റായിരിക്കും ഓപ്റ്റസ് സ്റ്റേഡിയത്തിലും ഒരുക്കുക. പേസ് ബോളർമാർക്കു മേൽക്കൈ എന്നതിൽ തർക്കമില്ല. മൽസരം പുരോഗമിക്കുമ്പോൾ സ്പിന്നിനു പാകമാകുമോ എന്നതു കണ്ടറിയണം.

പേസിന് മറുപടി പേസ്

ഓസീസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ തിളക്കത്തിലുള്ള ഇന്ത്യയ്ക്കു മുന്നോട്ടുള്ള യാത്ര അനായാസമായിരിക്കില്ല എന്നു ക്രിക്കറ്റ് വിദഗ്ധർ. പെർത്ത് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിൽ ഓസീസിനെതിരെ ഇറങ്ങുമ്പോൾ പെർത്തിലെ പേസും ബൗൺസുമുള്ള വിക്കറ്റ് ഓസീസിനു ബോണസാകുമെന്നാണു വിലയിരുത്തൽ. ഒന്നാം ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസം പേസർമാരെ പന്തുണച്ച അഡ്‌ലെയ്ഡിലെ വിക്കറ്റ് നാലാം ദിവസവും അഞ്ചാം ദിവസവും സ്പിന്നർമാർക്കൊപ്പമാണു നിന്നത്.

പേസ് കരുത്തിൽ ഇന്ത്യയെ വീഴ്ത്തുക എന്ന തന്ത്രമാകും ഓസീസ് പയറ്റുന്നതെങ്കിൽ പേസ് ബോളിങിലൂടെത്തന്നെ തിരിച്ചടിക്കാനായിരിക്കും ഇന്ത്യയുടെയും പ്ലാൻ. ഇഷാന്ത്, ബുമ്ര, ഷമി എന്നീ 3 പേസർമാരും അഡ്‌ലെയ്ഡിൽ ഉശിരൻ പ്രകടനമാണു പുറത്തെടുത്തത്. മൽസരത്തിനിടെ ബുമ്രയുടെ പന്തുകൾ 150 കീലോമീറ്ററിനപ്പുറം പലവട്ടം മൂളിപ്പറന്നതും ഓസീസ് ബാറ്റ്സ്മാൻമാരുടെ ഓർമയിലുണ്ടാകും.

സിംബാബ്‌വെയ്ക്കെതിരെ 2003ൽ ഓസ്ട്രേലിയ നേടിയ 6 വിക്കറ്റിന് 735 ഡിക്ലയേഡ് എന്ന സ്കോറാണ് വാക്ക സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന സ്കോർ. മൽസരം ഓസീസ് ഇന്നിങ്സിനും 175 റൺസിനും ജയിച്ചു.

∙ റിക്കി പോണ്ടിങ് (മുൻ ഓസീസ് ക്യാപ്റ്റൻ): പെർത്തിലെ വിക്കറ്റ് ഓസീസിനെ തുണയ്ക്കും എന്നത് ഉറപ്പാണ്. ആദ്യ ടെസ്റ്റിൽ ദയനീയമായ പ്രകടനം പുറത്തെടുത്തിട്ടും വിജയലക്ഷ്യത്തിനു 31 റൺസ് അടുത്തെത്താൻ ഓസീസിനായി. ഇന്ത്യയുടെ പ്രകടനം ഏറ്റവും മികച്ചതായിരുന്നില്ല എന്നതും ഓർക്കണം.

∙ കർസൻ ഗാവ്രി: പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി എന്നതു ശരിതന്നെ, പക്ഷേ ഇനിയും മൂന്നു മൽസരങ്ങൾ കൂടിയുണ്ട്. നിലവിൽ മേൽക്കൈ ഇന്ത്യയ്ക്ക്, പക്ഷേ ഓസീസ് ശക്തമായി തിരിച്ചുവരും. (മുൻ ഇന്ത്യൻ പേസർ, ഇന്ത്യയ്ക്കായി 1975, 79 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്)

related stories